പ്രവാസികള്‍ ഇന്ത്യന്‍ കറന്‍സിയുമായി യാത്ര ചെയ്യരുത്

ദുബൈ: പ്രവാസികളായ ഇന്ത്യക്കാ൪ വിദേശത്തേക്കും തിരിച്ച് നാട്ടിലേക്കും ഇന്ത്യൻ കറൻസിയുമായി യാത്ര ചെയ്യരുത്. ഇത് നിയമ വിരുദ്ധമാണെന്നും ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നതിനാൽ ഒഴിവാക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.
അടുത്ത കാലത്ത് ചില ഗൾഫ് രാജ്യങ്ങളിൽ വ്യാജ ഇന്ത്യൻ കറൻസി വ്യാപകമാകുകയും ചില ഒമാനികൾ കേരളത്തിൽ കള്ളനോട്ടുമായി അറസ്റ്റിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ജാഗ്രതാ നി൪ദേശം. നിലവിലെ നിയമപ്രകാരം, ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ പൗരന്മാ൪ക്ക് മാത്രമേ ഇന്ത്യൻ കറൻസിയുമായി വിദേശത്തേക്കോ തിരിച്ചോ യാത്രചെയ്യാൻ അനുമതിയുള്ളൂ. അതേസമയം, പരമാവധി 7,500 രൂപ മാത്രമേ വിദേശത്തേക്ക് പോകുമ്പോഴും നാട്ടിലേക്ക് മടങ്ങുമ്പോഴും ഇവ൪ കൈവശം വെക്കാൻ പാടുള്ളൂ.
വിദേശത്ത് സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരും (എൻ.ആ൪.ഐകൾ) വിദേശികളും ഇന്ത്യയിലേക്കോ, അവിടെനിന്ന് പുറത്തേക്കോ യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ കറൻസി കൈവശം വെക്കാൻ നിയമപ്രകാരം അനുമതിയില്ല.
വിദേശികളും പ്രവാസികളും ഇന്ത്യയിൽ മാറ്റാവുന്ന അംഗീകൃത വിദേശ കറൻസിയാണ് കൈവശം വെക്കേണ്ടത്. ഇവ൪ക്ക് 5,000 യു.എസ് ഡോളറിന് തുല്യമായ കറൻസികൾ കൈയിൽവെക്കാം. എന്നാൽ, പണം ഇതിൽ കൂടാൻ പാടില്ല. ചെക്ക്, ഡ്രാഫ്റ്റ് തുടങ്ങിയവ 10,000 ഡോളറിൽ കൂടുതലാകാനും പാടില്ല. അഥവാ, കൂടുതലുണ്ടെങ്കിൽ ഇതുസംബന്ധിച്ച് കസ്റ്റംസിൽ ഡിക്ളറേഷൻ സമ൪പ്പിക്കണം.
ഇത് പുതിയ നിയമമല്ല. റിസ൪വ് ബാങ്കും ഇന്ത്യൻ സ൪ക്കാറും പിന്തുടരുന്ന ചട്ടങ്ങളാണ്. ഒമാനിലെ ഒരു മണി എക്സ്ചേഞ്ചിൽനിന്ന് വ്യാജ ഇന്ത്യൻ കറൻസി ലഭിച്ച ഒമാനികൾ കേരളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പ്രവാസികൾ ഇത്തരം പ്രശ്നങ്ങളിൽ കുടുങ്ങുന്നത് ഒഴിവാക്കാൻ എല്ലാ ഇന്ത്യൻ എംബസികളും ജാഗ്രതാ നി൪ദേശം നൽകിയത്.
പല പ്രവാസികളും നാട്ടിൽനിന്ന് ഗൾഫിലേക്കും മറ്റും വരുമ്പോഴും തിരിച്ച് നാട്ടിൽ പോകുമ്പോഴും ഇന്ത്യൻ കറൻസി സൂക്ഷിക്കുന്നുണ്ട്. അത്യാവശ്യത്തിന് എന്ന് കരുതിയാണ് ഇങ്ങനെ പണം സൂക്ഷിക്കുന്നത്. പക്ഷേ, ഈ ആവശ്യത്തിന് എവിടെ നിന്നെങ്കിലും, പ്രത്യേകിച്ച് വിദേശത്തുനിന്ന് ഇന്ത്യൻ കറൻസി വാങ്ങുമ്പോൾ അതിൽ കള്ളനോട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാവരും ജാഗ്രത പാലിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.