കൊച്ചി റിഫൈനറി രണ്ടാംഘട്ട വികസനം; 50 ഏക്കര്‍ ഏറ്റെടുക്കാന്‍ ധാരണ

കൊച്ചി: ഭാരത് പെട്രോളിയം കോ൪പറേഷൻ കൊച്ചി റിഫൈനറിയുടെ രണ്ടാംഘട്ട വികസനത്തിൻെറ ഭാഗമായി 50 ഏക്ക൪ സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകളുമായി  അന്തിമ ധാരണയായതായി ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് അറിയിച്ചു. കൊച്ചി റിഫൈനറി അധികൃതരും സ്ഥലമുടമകളുമായി കലക്ട൪ ഇക്കാര്യത്തിൽ ച൪ച്ച നടത്തി വരികയായിരുന്നു.
പുത്തൻകുരിശ് വില്ലേജിലെ അടൂക്കര, പുളിയാമ്പിള്ളിമുകൾ എന്നിവിടങ്ങളിലാണ് റിഫൈനറിയുടെ രണ്ടാംഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നത്. ഭൂമിയുടെ സ്വഭാവവും മറ്റ് മാനദണ്ഡങ്ങളും കണക്കിലെടുത്ത് സെൻറിന് ഒരു ലക്ഷം രൂപ മുതൽ 3.60 ലക്ഷം രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
നിലം, പുരയിടം, ഭാഗികമായി നികത്തിയ ഭൂമി, നിരപ്പാക്കിയ സ്ഥലം, കൃഷിഭൂമി, റോഡ് സാമീപ്യം തുടങ്ങിയ ഘടകങ്ങളാണ് വില നി൪ണയത്തിന് പരിഗണിച്ചതെന്ന് കലക്ട൪ പറഞ്ഞു. അടൂക്കര ഭാഗത്ത് കാറ്റഗറി ഒന്നിൽ പെട്ട സ്ഥലത്തിനാണ് സെൻറിന് 3.60 ലക്ഷം രൂപ നൽകുക. കാറ്റഗറി രണ്ടിൽ പെട്ട സ്ഥലത്തിന് 3,22,500 രൂപ ലഭിക്കും. കാറ്റഗറി മൂന്നിൽ സെൻറിന് ഒരു ലക്ഷം രൂപയും 25000 രൂപ എക്സ്ഗ്രേഷ്യയും അനുവദിക്കും. ച൪ച്ചയിലെ തീരുമാനങ്ങളോട് യോജിക്കാത്തവരുടെ ഭൂമി ലാൻഡ് അക്വിസിഷൻ നിയമത്തിൻെറ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് റിഫൈനറിക്ക് കൈമാറും. സ്ഥലം ഏറ്റെടുക്കലിനുള്ള പൊന്നുംവില നടപടിയിൽ ഉൾപ്പെടാത്തതും സ്ഥലത്തോട് ചേ൪ന്ന് കിടക്കുന്നതുമായ 20 ഏക്കറോളം നിലം ഭൂ ഉടമകളുടെ ആവശ്യപ്രകാരമാണ് ഏറ്റെടുക്കുന്നത്. സെൻറിന് ഒരു ലക്ഷം രൂപയും ഈ ഭൂമിയിലെ കൃഷിക്കും മറ്റും നഷ്ടപരിഹാരമായി 7000 രൂപയുമാണ് യോഗത്തിൽ ധാരണയായത്. ഭാരത് പെട്രോളിയം കോ൪പറേഷൻെറ ബോ൪ഡ് യോഗത്തിന് വിധേയമായാണ്  തീരുമാനം നടപ്പാക്കുകയെന്ന് കലക്ട൪ വ്യക്തമാക്കി.
റിഫൈനറിയുടെ വികസനത്തിനും പാരിസ്ഥിതികാഘാതം കുറക്കുന്നതിനുള്ള ഗ്രീൻ ബെൽറ്റ് സജ്ജമാക്കുതിനുമാണ് ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്ത് വീടുള്ള കുടുംബങ്ങൾക്ക് പകരം മൂന്ന് സെൻറ് സ്ഥലം കൊച്ചി റിഫൈനറി നൽകാനും യോഗത്തിൽ ധാരണയായി.
പെറ്റ് കോക്കിൽ നിന്നുള്ള വൈദ്യുതോൽപ്പാദനവും പെട്രോകെമിക്കൽ കോംപ്ളക്സുമടക്കം 25000 കോടി രൂപയുടെ വികസന പദ്ധതികളാണ് കൊച്ചി റിഫൈനറി നടപ്പാക്കുന്നതെന്ന് കലക്ട൪ ചൂണ്ടിക്കാട്ടി. ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ട൪ എം. ലത, ബി.പി.സി.എൽ ജനറൽ മാനേജരുടെ ചുമതല വഹിക്കുന്ന പ്രസാദ് എം. പണിക്ക൪, മൂവാറ്റുപുഴ ആ൪.ഡി.ഒ എസ്. ഷാനവാസ്, കെ.ആ൪.എൽ സ്പെഷൽ തഹസിൽദാ൪ കെ.എക്സ്. ജോസഫ് തുടങ്ങിയവ൪ യോഗത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.