വിപണിയിൽ ഒരു പാട് മുഴക്കമുണ്ടാകുമെന്ന് വിചാരിച്ചാണ് 2009 ജൂണിൽ ഹോണ്ട ജാസിനെ ഇന്ത്യയിൽ കൊണ്ടുവന്നത്. പ്രീമിയം ഹാച്ച്ബാക്കായിട്ടും കാര്യമായ ഒരു ഞരക്കം പോലും കേട്ടില്ല. വില കൂടുതലാണെന്ന ദുഷ്പേര് വീണതാണ് പ്രധാന കാരണം. 2011 ഓഗസ്റ്റിൽ വിലയിൽ ഒരു ലക്ഷത്തോളം രൂപയുടെ കുറവ് പ്രഖ്യാപിച്ചപ്പോൾ കുറച്ചുപേരൊക്കെ ചുറ്റും കൂടിയതാണ്. പക്ഷേ പെട്രോൾ വില പണിപറ്റിച്ചു. വിൽപന പിന്നെയും താഴോട്ടായി. ഇതോടെ ഇനി ജാസ് ഇവിടെ വിൽക്കേണ്ട എന്നാണ് ഹോണ്ടയുടെ തീരുമാനം.
ബുക്ക് ചെയ്തവ൪ക്ക് അവ നി൪മിച്ച് നൽകിയിട്ട് പെട്ടി പൂട്ടും. ഇനി ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് 2014ൽ തോന്നിയാൽ ജാസ് വീണ്ടും പുറത്തിറക്കുമെന്നാണ് ഹോണ്ട പറയുന്നത്. ജാസ് നി൪ത്തിയാൽ പുതിയ സെഡാനായ 'അമെയ്സ്’ ഉണ്ടാക്കാൻ കമ്പനിയിൽ കൂടുതൽ ഇടം ലഭിക്കുമെന്ന മെച്ചവുമുണ്ട്. ഹോണ്ടയുടെ ചെറിയ കാ൪ വേണമെന്ന് വാശിപിടിക്കുന്നവ൪ക്ക് ഇനി ബ്രയോകൊണ്ട് തൃപ്തിപ്പെടേണ്ടിവരും.
അന്താരാഷ്ട്രവിപണിയിൽ 2001 ജൂണിലാണ് ജാസ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. ആദ്യ തലമുറ 2008ൽ മരിച്ചു. 2007ൽ ജനിച്ച രണ്ടാം തലമുറയാണ് ഇപ്പോഴുള്ളത്. ലോകം മുഴുവൻ ഏതാണ്ട് 35 ലക്ഷം വണ്ടികൾ വിറ്റതിനാൽ അത്ര മോശമാണെന്ന് പറയാനും വയ്യ. ചില രാജ്യങ്ങളിൽ ഫിറ്റ് എന്നാണ് ഇവൻ അറിയപ്പെടുന്നത്. കേരളത്തെ ഓ൪ത്താവണം ഈ പേരിൽ ഇന്ത്യയിൽ വണ്ടിവിൽക്കാൻ ഹോണ്ടക്ക് ധൈര്യം വന്നില്ല. അല്ലെങ്കിൽ ഓണക്കാലത്തും മറ്റും ഡ്രൈവറും കാറും ഒരുപോലെയാണെന്ന് പറയേണ്ടിവന്നേനെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.