‘സമുദ്ര പ്രഹരി’ക്ക് ദോഹയില്‍ ഊഷ്മള വരവേല്‍പ്പ്

ദോഹ: ഇന്ത്യ- ഖത്ത൪ സഹകരണം ഊട്ടിയുറപ്പിക്കുന്നതിൻെറ ഭാഗമായി സൗഹൃദ സന്ദ൪ശനത്തിനെത്തിയ ഇന്ത്യൻ കോസ്റ്റ് ഗാ൪ഡിൻെറ മലിനീകരണ നിയന്ത്രണ കപ്പലായ ‘സമുദ്ര പ്രഹരി’ക്ക് ദോഹയിൽ ഊഷ്മള വരവേൽപ്പ്. ഇരു രാജ്യങ്ങളുടെയും പതാകകളുമേന്തി 26 വരെ കപ്പൽ ദോഹ തീരത്തുണ്ടാകും.
ഫെബ്രുവരി 15ന് മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ അബൂദബി വഴിയാണ് ദോഹയിലെത്തിയത്. ബഹ്റൈൻ, മസ്കത്ത് എന്നിവിടങ്ങളിലെ സന്ദ൪ശനം കൂടി പൂ൪ത്തിയാക്കി മാ൪ച്ച് 13ന് മുംബൈയിൽ തിരിച്ചെത്തും. 114 നാവികരും 25 ഓഫിസ൪മാരുമാണ് കപ്പലിലുള്ളത്. ഇതാദ്യമായാണ് കപ്പൽ ഗൾഫ് തീരങ്ങളിലെത്തുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ആദ്യ മലിനീകരണ നിയന്ത്രണ കപ്പലാണിത്. 2010 ഒക്ടോബറിൽ കമ്മീഷൻ ചെയ്ത കപ്പലിൽ സമുദ്ര മലിനീകരണം കണ്ടെത്താനും തടയാനും അത്യാധുനിക ഉപകരണങ്ങളുണ്ട്. കടൽ മലിനീകരണത്തിനെതിരെയുള്ള സന്ദേശവുമായാണ് കപ്പലിൻെറ യാത്രയെന്ന് ക്യാപ്റ്റനും കമാൻഡിങ് ഓഫിസറുമായ ഡോണി മൈക്കിൾ ദോഹയിൽ മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
പെട്രോളിയം ഉൽപന്നങ്ങൾ കടലിൽ ചോ൪ന്നാൽ കപ്പലിൻെറ സേവനം ലഭ്യമാകും. എണ്ണ നീക്കം ചെയ്ത് കടൽ ശുദ്ധീകരിക്കും. കപ്പലിനോ എണ്ണപ്പാടക്കോ തീപിടിച്ചാൽ അണക്കാനുള്ള സൗകര്യങ്ങൾ സമുദ്ര പ്രഹരിയിലുണ്ട്. കടൽ പരപ്പിൽ നിന്ന് എണ്ണപ്പാളി അരിച്ചുമാറ്റുകയും രാസവസ്തു തളിച്ച് നി൪വീര്യമാക്കുകയുമാണ് ചെയ്യുക. ഒരു ചേതക് ഹെലികോപ്റ്റ൪, അഞ്ച് ഹൈ സ്പീഡ് ബോട്ടുകൾ, നാല് വാട്ട൪ സ്കൂട്ടറുകൾ എന്നിവ വഹിക്കാൻ കപ്പലിന് ശേഷിയുണ്ട്.
കപ്പലിൻെറ രൂപകൽപനയും നി൪മാണവും പൂ൪ണമായും ഇന്ത്യയിലായിരുന്നു. മുംബൈയിലാണ് കപ്പൽ താവളമടിച്ചിട്ടുള്ളത്. രണ്ടാമത്തെ പരിസ്ഥിതി ശുചീകരണ കപ്പലായ സമുദ്ര പ്രഹരി ദേവിൻെറ താവളം ചെന്നൈയിലാണ്. നി൪മാണത്തിലിരിക്കുന്ന മൂന്നാമത്തെ·കപ്പൽ ഈ വ൪ഷം തന്നെ ഗുജറാത്തിലെ പോ൪ബന്ത൪ കോസ്റ്റ്ഗാ൪ഡ് ഉപയോഗിച്ചു തുടങ്ങും. കഴിഞ്ഞ രണ്ടു വ൪ഷത്തിനിടെ 5623 മണിക്കൂറുകളിലായി 56664 നോട്ടിക്കൽ മൈൽ പിന്നിട്ട സമുദ്ര പ്രഹരി നിരവധി പരിസ്ഥിതി ശുചീകരണ ദൗത്യങ്ങളിൽ ഏ൪പ്പെട്ടിട്ടുണ്ട്. ജപ്പാൻ, ബഹ്റൈൻ, ഒമാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി സംയുക്ത സഹകരണത്തിനുള്ള കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്.
കപ്പലിൽ നടന്ന വാ൪ത്താസമ്മേളനത്തിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡ൪ സഞ്ജീവ് അറോറ, ഒമാൻ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ഗൾഫ്-പശ്ചിമേഷ്യ ചുമതലയുള്ള ഇന്ത്യൻ നാവിക സേന അറ്റാഷെ അ൪ജുൻദേവ് നായ൪, ഖത്ത൪ ഇന്ത്യൻ എംബസി സെക്കൻറ് സെക്രട്ടറി സുമൻ ശ൪മ എന്നിവരും പങ്കെടുത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.