നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവര്‍ രാജ്യം വിട്ടുപോയാല്‍ മാപ്പു നല്‍കും -തൊഴില്‍ മന്ത്രി

റിയാദ്: സൗദിയിൽ നിയമവിരുദ്ധമായി തൊഴിലെടുക്കുന്നവ൪ രാജ്യം വിട്ടുപോകാൻ (ഫൈനൽ എക്സിറ്റ്) തയാറായാൽ അത്തരക്കാ൪ക്ക് മാപ്പു നൽകുമെന്ന് തൊഴിൽ മന്ത്രി എഞ്ചിനീയ൪ ആദിൽ ഫഖീഹ് പറഞ്ഞു. നിതാഖാത്തിൻെറ ഭാഗമായുള്ള സ്വദേശിവത്കരണത്തിന് മേഖലാ തലത്തിൽ നിലവിൽ വന്ന കമ്മിറ്റി മേധാവികളുടെ ആദ്യ ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് വകുപ്പുമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമ വിരുദ്ധമായി തൊഴിലെടുക്കുകയോ രാജ്യത്ത് താമസിക്കുകയോ ചെയ്യുന്നത് ഇല്ലായ്മ ചെയ്യാൻ തൊഴിൽ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സഹകരിച്ചുള്ള കാമ്പയിൽ നടത്താനും മന്ത്രാലയത്തിന് ഉദ്ദേശമുണ്ടെന്ന് തൊഴിൽ മന്ത്രി പറഞ്ഞു.
നിയമപരമല്ലാതെ തൊഴിലെടുക്കുന്നതും രാജ്യത്ത് തങ്ങുന്നതും അത്തരക്കാ൪ക്ക് ജോലി നൽകുന്നതും ശിക്ഷാ൪ഹമായ കുറ്റമാണെന്ന് തൊഴിലാളികളെയും തൊഴിലുടമകളെയും വിവിധ മാധ്യമങ്ങളിലൂടെ ബോധവത്കരിക്കാനാണ് മന്ത്രാലയം കാമ്പയിൻ സംഘടിപ്പിക്കുന്നത്. തൊഴിൽ തേടി അലയുന്ന തൊഴിലാളികളെ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. നിതാഖാത്ത് വ്യവസ്ഥയിലൂടെ സ്വദേശിവത്കരണം വ൪ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രി കൂട്ടിച്ചേ൪ത്തു.
ആഭ്യന്തര മന്ത്രാലയത്തിൻെറ സഹകരണത്തോടെയാണ് ലക്ഷ്യത്തിലേക്ക് കുതിക്കാൻ സാധിച്ചത്. ചുവപ്പ് ഗണത്തിലുള്ളവരുടെ ഇഖാമ പുതുക്കാതിരുന്നത് സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ കാരണമായിട്ടുണ്ട്. രാജ്യത്തെ 13 മേഖലകളിലും നിലവിൽ വന്ന സ്വദേശിവത്കരണ കമ്മിറ്റികളുടെ കീഴിൽ തൊഴിൽ മേഖലയിലെ പരിശോധന ശക്തമാക്കുമെന്നും എഞ്ചിനീയ൪ ആദിൽ ഫഖീഹ് പറഞ്ഞു. സ്വദേശിവതകരണ കമ്മിറ്റികൾ മേഖലാ ഇമാറകളുടെ കീഴിലാക്കി പ്രവ൪ത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് യോഗത്തിൽ സംസാരിച്ച സഹമന്ത്രി ഡോ. മുഫ്രിജ് സഅദ് അൽഹഖബാനി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.