മനാമ: മനാമ ലാസ്റ്റ് ചാൻസിന് സമീപം ടെക്സ്റ്റയിൽസിലുണ്ടായ തീപിടിത്തത്തിൽ ആയിരക്കണക്കിന് ദിനാറിൻെറ തുണിത്തരങ്ങൾ കത്തിനശിച്ചു. വ൪ഷങ്ങളായി ഇവിടെ പ്രവ൪ത്തിക്കുന്ന ദിവ്യ ടെക്സ്റ്റയിൽസിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. രണ്ട് മണിയോടെ ഷോപ്പ് അടച്ച് ജീവനക്കാരെല്ലാം ഭക്ഷണം കഴിക്കാൻ പോയ സമയമായിരുന്നു. പരിസരത്തുണ്ടായിരുന്ന ടാക്സി ഡ്രൈവ൪മാ൪ വിവരം അറിയിച്ചതനുസരിച്ച് നിമിഷങ്ങൾക്കകം കുതിച്ചെത്തിയ സിവിൽ ഡിഫൻസ് തീയണച്ചതിനാൽ തൊട്ടു മുകളിലെ ഫ്ളാറ്റുകളിലേക്കും ഷോപ്പുകളിലേക്കും തീ വ്യാപിച്ചില്ല. ഷോപ്പിന് മുകളിലത്തെ നിലകളിൽ താമസിച്ചിരുന്നവരെ ഉടനെ വിവരം അറിയിക്കുകയും പുറത്തിറങ്ങാൻ നി൪ദേശിക്കുകയും ചെയ്തു. ജീവനക്കാ൪ ഭക്ഷണ സമയം കഴിഞ്ഞ് നാലു മണിക്ക് ഷോപ്പിലേക്ക് വന്നപ്പോഴാണ് തീപിടിത്തമുണ്ടായത് അറിയുന്നു. സംഭവം അറിഞ്ഞ് യു.പി സ്വദേശിയായ ഷോപ്പ് ഉടമയും സ്ഥലത്ത് എത്തി.
ഉച്ചക്ക് രണ്ട് മണിയോടെയാണ് ഷോപ്പടച്ച് ജീവനക്കാ൪ ഭക്ഷണത്തിനായി പോയത്. ഈ സമയത്ത് മെയിൻ സ്വിച്ച് ഓഫാക്കിയിരുന്നതായി ജീവനക്കാ൪ പറഞ്ഞു. ടെക്സ്റ്റയിൽസിൻെറ കൗണ്ടറിന് സമീപം പുറത്തേക്ക് തള്ളിനിൽക്കുന്ന വസ്ത്രങ്ങൾ അടക്കിവെച്ച പെട്ടിയിൽനിന്നാണ് തീ പട൪ന്നതെന്ന് കരുതുന്നു. ചെറിയ ശബ്ദം കേട്ടാണ് തൊട്ടടുത്ത കടയിലുള്ളവരും ഡ്രൈവ൪മാരും സംഭവം അറിയുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ പെട്ടിക്ക് സമീപത്തുനിന്ന് പുക ഉയരുന്നതും ടെക്സ്റ്റയിൽസിൻെറ ബോ൪ഡിലേക്കും തീ പട൪ന്നു. വിവരം അറിഞ്ഞ് കുതിച്ചെത്തിയ സിവിൽ ഡിഫൻസ് ഷട്ടറിൻെറ പൂട്ട് കുത്തിപ്പൊളിച്ചാണ് അകത്തേക്ക് വെള്ളമടിക്കാൻ ആരംഭിച്ചത്. സംഭവം അറിഞ്ഞ് നിരവധി പേ൪ അപ്പോഴേക്കും പരിസരത്ത് തടിച്ചുകൂടിയിരുന്നു. പ്രദേശത്ത് ഗതാഗതക്കുരുക്കുമുണ്ടായി.
വ൪ഷങ്ങളായി ഇവിടെ പ്രവ൪ത്തിക്കുന്ന ടെക്സ്റ്റയിൽസിന് ഗുദൈബിയയിലും ഹമദ് ടൗണിലും ബ്രാഞ്ചുകളുണ്ട്. മനാമ ബ്രാഞ്ചിൽ 15 ജീവനക്കാരാണുള്ളത്. ഇതിൽ ആറുപേ൪ മലയാളികളാണ്. വില കൂടിയ തുണിത്തരങ്ങളാണ് കത്തിയതെന്ന് ജീവനക്കാ൪ പറഞ്ഞു. എല്ലാ ആഴ്ചയും ഇവിടെ പുതിയ സ്റ്റോക്ക് എത്താറുണ്ട്. പൊലീസ് അന്വേഷണം പൂ൪ത്തിയായാൽ മാത്രമേ എത്ര ദിനാറിൻെറ നഷ്ടമുണ്ടായെന്ന് അറിയാനാകൂ. ഇലക്ട്രിക്കൽ ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.