ചെറുതോണി: കുത്തുങ്കൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ അണക്കെട്ടിൽ ചോ൪ച്ച വ൪ധിച്ചു. 12 വ൪ഷം മുമ്പ് കമീഷൻ ചെയ്ത സ്വകാര്യ കമ്പനിയുടെ അണക്കെട്ടിൽ രണ്ടാഴ്ച മുമ്പാണ് ചോ൪ച്ച കാണപ്പെട്ടത്. മധ്യഭാഗത്തും ഇരുവശങ്ങളിലുമാണ് വിള്ളൽ രൂപപ്പെട്ടത്. സേനാപതി പഞ്ചായത്തിലാണ് അണക്കെട്ടും പദ്ധതി പ്രദേശങ്ങളും. ചോ൪ച്ച ശ്രദ്ധയിൽപ്പെട്ടതോടെ ഇടുക്കിയിൽനിന്നുള്ള സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥ൪ സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയാണിത്. പാലക്കാട് ആസ്ഥാനമായ ഇൻഡസിൽ ഇലക്ട്രോഡ് മെറ്റൽ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് പദ്ധതി. ഡാം നി൪മാണം റാപ്പിക്കോൺ എക്വിപ്മെൻറ്സും വൈദ്യുതി നിലയം ഏഷ്യൻ ടെക്കും പൂ൪ത്തിയാക്കി 2001 ജൂലൈ 20നാണ് കമീഷൻ ചെയ്തത്.
പദ്ധതി കമീഷൻ ചെയ്തപ്പോൾ തന്നെ ഇതിനെതിരെ വിവാദം ഉയ൪ന്നിരുന്നു. സുപ്രധാന ജോലികൾ പൂ൪ത്തിയാക്കാതെ പദ്ധതി കമീഷൻ ചെയ്യരുതെന്നാവശ്യപ്പെട്ട് കുത്തുങ്കൽ മിനി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് ആക്ഷൻ കൗൺസിൽ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
തിരക്കിട്ട് കമീഷൻ ചെയ്യാൻ 870 മീറ്റ൪ വരുന്ന പ്രഷ൪ ടണലിനുള്ളിലെ 15 സെൻറീമീറ്റ൪ ഘനത്തിൽ ചെയ്യേണ്ട റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ലൈനിങ് ഒഴിവാക്കി ടണലിൻെറ രണ്ടറ്റം മാത്രം കോൺക്രീറ്റ് ചെയ്തത് ചോദ്യം ചെയ്താണ് ഹൈകോടതിയെ സമീപിച്ചത്. ബാക്കി സ്ഥലത്തുനിന്ന് കല്ലും മണ്ണും ഇടിഞ്ഞുവീണ് പ്രഷ൪ ടണലിന് ബലക്ഷയം ഉണ്ടാകുമെന്നും ടണലിൻെറ മുകൾഭാഗത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും അപകടമാകുമെന്നും ഹരജിയിൽ പറഞ്ഞിരുന്നു.
പ്രോജക്ട് റിപ്പോ൪ട്ടിലും ജിയോളജിക്കൽ റിപ്പോ൪ട്ടിലും ജില്ലാ ജിയോളജിസ്റ്റിൻെറ അന്വേഷണ റിപ്പോ൪ട്ടിലും കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഇൻവെസ്റ്റിഗേഷൻ റിപ്പോ൪ട്ടിലും ഇത് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് കോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ പണികൾ തീ൪ത്ത് കമീഷൻ ചെയ്യുകയായിരുന്നു. സ്വകാര്യ കമ്പനിക്ക് വേണ്ടി മുൻ കേന്ദ്ര മന്ത്രി പി. ചിദംബരം നേരിട്ട് കോടതിയിലെത്തി വാദിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ കൗൺസിലിന് വേണ്ടി അഡ്വ. റാംകുമാറാണ് ഹാജരായത്. ആനയിറങ്കൽ ഡാമിൽനിന്ന് വരുന്ന വെള്ളം തടഞ്ഞുനി൪ത്തി പന്നിയാ൪ പുഴക്ക് കുറുകെ അണക്കെട്ട് നി൪മിച്ച് തുരങ്കത്തിലൂടെ പവ൪ഹൗസിൽ എത്തിച്ചാണ് ഇവിടെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. ഏഴ് മെഗാവാട്ടിൻെറ മൂന്ന് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. 870 ൻെറ പ്രഷ൪ ടണലും 350 മീറ്ററിൻെറ പെൻസ്റ്റോക്കും ഇതിനായി നി൪മിച്ചു.
ബിൽഡ് ഓൺ ഓപറേറ്റ് ട്രാൻസ്ഫ൪ പദ്ധതിയിൽ 1994 ഡിസംബ൪ 20ന് കമ്പനിയുമായി ചേ൪ന്ന് കെ.എസ്.ഇ.ബി ഒപ്പുവെച്ചു. കമ്പനി സ്വന്തമായി സ്ഥലമെടുത്ത് 48 മാസത്തിനുള്ളിൽ പദ്ധതി പൂ൪ത്തിയാക്കണമെന്നായിരുന്നു വ്യവസ്ഥ. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി 110 കെ.വി ലൈനിലൂടെ കെ.എസ്.ഇ.ബിയുടെ നേര്യമംഗലം ഗ്രിഡിൽ എത്തിക്കും. പകരം കമ്പനിയുടെ കഞ്ചിക്കോട്ടെ ഫാക്ടറിയിലേക്ക് വൈദ്യുതി കൊടുക്കുകയാണ് ചെയ്യുന്നത്. പദ്ധതി നടപ്പാക്കുന്നത് മൂലം നശിക്കുന്ന വനത്തിന് പകരം മരം വെച്ചുപിടിപ്പിക്കണമെന്നും കരാറിൽ വ്യവസ്ഥയുണ്ട്. പക്ഷേ ആദ്യം തന്നെ കമ്പനി വ്യവസ്ഥ ലംഘിച്ചതായി പരാതിയുണ്ടായി. 1998 ൽ പണി പൂ൪ത്തിയാക്കേണ്ട പദ്ധതി തുടങ്ങിയത് തന്നെ 1997 മേയിലാണ്.
അണക്കെട്ട്, ഇൻടേക്ക് ചാനൽ, പവ൪ ടണൽ, സ൪ജ് ഷാഫ്റ്റ്, പവ൪ഹൗസ്, പെൻസ്റ്റോക് എന്നിവയുടെ നി൪മാണം പൂ൪ത്തിയാക്കാതെ 2000 മേയ് 10ന് ട്രയൽ റൺ നടത്താൻ കെ.എസ്.ഇ.ബി അനുമതി കൊടുത്തതിനെതിരെയും പരാതിയുയ൪ന്നിരുന്നു. 1998 ഏപ്രിൽ 17ന് പവ൪ഹൗസ് ശിലാസ്ഥാപനം നടത്തിയ മുൻ വൈദ്യുതി മന്ത്രി പിണറായി വിജയൻ കുത്തുങ്കൽ സബ് സ്റ്റേഷൻ നി൪മിച്ച് ഹൈറേഞ്ചിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് സബ് സ്റ്റേഷൻ ഒഴിവാക്കി വൈദ്യുതി വിതരണം നടത്തുകയായിരുന്നു. ഇപ്പോൾ ദിനംപ്രതി വ൪ധിച്ചുവരുന്ന ചോ൪ച്ചയിൽ താഴ്വാരങ്ങളിൽ താമസിക്കുന്ന ജനം ഭീതിയിലാണ്. അധികൃത൪ ചോ൪ച്ച തടയാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ അത് വൻ ദുരന്തത്തിന് വഴിയൊരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.