ആലപ്പുഴ: ചേ൪ത്തല ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് സ൪ക്കാറാശുപത്രികളിലെ ഡോക്ട൪മാ൪ ഒ.പി ബഹിഷ്കരിച്ച് നടത്തിയ സമരം ജില്ലയിലെ ആതുരാലയങ്ങൾ സ്തംഭിപ്പിച്ചു. സംസ്ഥാനത്തൊട്ടാകെ ഒരു മണിക്കൂ൪ ഒ.പി ബഹിഷ്കരിച്ചപ്പോൾ ജില്ലയിൽ പൂ൪ണ ബഹിഷ്കരണമായിരുന്നു.
ആലപ്പുഴ ജനറൽ ആശുപത്രിയിലെ എല്ലാ ഒ.പികളും അടഞ്ഞുകിടന്നു. ഒ.പി ഒഴികെയുള്ള സംവിധാനങ്ങളും അടിയന്തര ശസ്ത്രക്രിയകളും തടസ്സമില്ലാതെ നടന്നു. അത്യാഹിത വിഭാഗത്തിൽ ഒരു ജൂനിയ൪ ഡോക്ട൪ മാത്രമാണുണ്ടായിരുന്നത്. കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും ഒ.പി പ്രവ൪ത്തിച്ചില്ലെങ്കിലും ശസ്ത്രക്രിയകൾ നടന്നു.
ഡോക്ട൪മാരുടെ സമരത്തിന് കാരണമായ ചേ൪ത്തല താലൂക്കാശുപത്രിയിൽ സമരം പൂ൪ണമായിരുന്നു. ഒ.പികൾ അടഞ്ഞുകിടന്നപ്പോൾ എൻ.ആ൪.എച്ച്.എം മുഖേന നിയമിതരായ അഞ്ച് ഡോക്ട൪മാരാണ് അത്യാഹിത വിഭാഗത്തിലും മറ്റുമായി സേവനത്തിനെത്തിയത്.
അമ്പലപ്പുഴ ഹെൽത്ത് സെൻറ൪, പുറക്കാട്, പുന്നപ്ര, തോട്ടപ്പള്ളി, തകഴി ആശുപത്രികളിലും സമരം പൂ൪ണമായിരുന്നു. അമ്പലപ്പുഴ ഹെൽത്ത് സെൻററിൽ ഹൗസ്സ൪ജന്മാ൪ ചികിത്സ നടത്തി. അമ്പലപ്പുഴയിൽ മൂന്ന് ഡോക്ട൪മാരും പുറക്കാട്, പുന്നപ്ര, തോട്ടപ്പള്ളി, തകഴി എന്നിവിടങ്ങളിൽ ഒരു ഡോക്ടറുമാണുള്ളത്. ഇവരിൽ ആരും ജോലിക്ക് എത്തിയില്ല. പുറക്കാട് 20ഓളം രോഗികൾ രാവിലെ എട്ടോടെ എത്തിയെങ്കിലും മൂന്നുമണിക്കൂ൪ കാത്തിയിരുന്നാണ് മടങ്ങിയത്. ഇവരിൽ കൂടുതലും വൃദ്ധന്മാരും കുട്ടികളുമായിരുന്നു.
അമ്പലപ്പുഴ ഹെൽത്ത് സെൻററിൽ അത്യാഹിത വിഭാഗവും ഇൻ പേഷ്യൻറ് വിഭാഗവും പ്രവ൪ത്തിച്ചു. പുന്നപ്ര, തോട്ടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തിയ രോഗികൾ കാത്തിരുന്ന് മടങ്ങി. കായംകുളം ഗവ. ആശുപത്രിയിൽ അത്യാഹിത വിഭാഗം മാത്രമാണ് പ്രവ൪ത്തിച്ചത്. 500 ഓളം പേ൪ അത്യാഹിതത്തിൽ ചികിത്സ തേടിയെത്തി. മാവേലിക്കര ജനറൽ ആശുപത്രിയിലെ 27 ഡോക്ട൪മാരും പണിമുടക്കി.
എന്നാൽ, കരാറടിസ്ഥാനത്തിൽ നിയമിതരായ നാല് ഡോക്ട൪മാ൪ അത്യാഹിത വിഭാഗത്തിൽ സേവനത്തിനെത്തി. തൃക്കുന്നപ്പുഴ സി.എച്ച്.സി സെൻററിനു കീഴിലെ പി.എച്ച്.സിയിലും പണിമുടക്ക് പൂ൪ണമായിരുന്നു. അരൂക്കുറ്റി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഡോക്ട൪മാരും ഒ.പി ബഹിഷ്കരിച്ചു. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്ന രണ്ട് ഡോക്ട൪മാ൪ ഡ്യൂട്ടിക്ക് എത്തി. ബുധനാഴ്ചകളിലെ കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിന് എത്തിയവരുടെ എണ്ണവും കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.