തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന കേരള കോൺഗ്രസ് -പിള്ള ഗ്രൂപ്പിൻെറ ആവശ്യം യു.ഡി.എഫിനും കോൺഗ്രസ് നേതൃത്വത്തിനും തലവേദനയാകുന്നു. ഇലക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയെന്ന് കൂടിയാലോചനകൾ ആരംഭിച്ചെങ്കിലും തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല.
പാ൪ട്ടിക്ക് വിധേയപ്പെടാത്ത മന്ത്രിയെ ആവശ്യമില്ലെന്ന നിലപാടാണ് പിള്ള ഗ്രൂപ്പ് സ്വീകരിച്ചിരിക്കുന്നത്. ഗണേഷിനെ ഒഴിവാക്കണമെന്ന് മുന്നണിയോഗത്തിൽ പിള്ള ഗ്രൂപ്പ് പ്രതിനിധികൾ ആവശ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കത്തും നൽകി. മുന്നണിയിൽ വകുപ്പുകളും മന്ത്രിയെയും പാ൪ട്ടിക്കാണ് നൽകിയിട്ടുള്ളതെന്നും അതിനാൽ പാ൪ട്ടിയുടെ ആവശ്യം അംഗീകരിക്കണമെന്നുമാണ് പിള്ള ഗ്രൂപ്പിൻെറ ആവശ്യം. വകുപ്പുകൾ വീതംവെക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കാണ് അവകാശമെങ്കിലും യഥാ൪ഥത്തിൽ അതത് പാ൪ട്ടികളാണ് ഇക്കാര്യത്തിലും തീരുമാനമെടുക്കുന്നത്. മുന്നണി മര്യാദപ്രകാരം പിള്ള ഗ്രൂപ്പിൻെറ നിലപാട് വ്യക്തവും ന്യായവുമാണ്. എൻ.എസ്.എസ് നേതൃത്വത്തിൻെറ പൂ൪ണപിന്തുണയും പിള്ള ഗ്രൂപ്പിനുണ്ട്. എന്നാൽ ഭരണം നൂൽപാലത്തിലൂടെ കടന്നുപോകുമ്പോൾ പിള്ളഗ്രൂപ്പിൻെറ ആവശ്യം അതേപടി അംഗീകരിക്കുകയെന്നത് ദുഷ്കരമാകും.
രാജിവെക്കാൻ ഒരുക്കമല്ലെന്ന് ഗണേഷ്കുമാ൪ പ്രഖ്യാപിച്ചുകഴിഞ്ഞു. മന്ത്രിസ്ഥാനത്തുനിന്ന് മാറേണ്ടിവന്നാൽ എം.എൽ. എ സ്ഥാനം രാജിവെക്കുമെന്ന മുന്നറിയിപ്പ് വളരെക്കാലം മുമ്പുതന്നെ കോൺഗ്രസ്, ലീഗ് നേതൃത്വങ്ങളെ ഗണേഷ്കുമാ൪ അറിയിച്ചിട്ടുണ്ട്. ഈ മുന്നറിയിപ്പാണ് പിള്ള ഗ്രൂപ്പിൻെറ ആവശ്യം അംഗീകരിക്കുന്നതിന് വിഘാതമായി മുന്നണിനേതൃത്വത്തിന് മുന്നിലുള്ളത്. ഗണേഷ് തുട൪ച്ചയായി നല്ല ഭൂരിപക്ഷത്തിൽ ജയിച്ചുവരുന്ന സീറ്റാണ് പത്തനാപുരം. എന്നാൽ പ്രത്യേകിച്ച് കാരണംകൂടാതെ രാജിവെച്ച് ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചാൽ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നതിൽ മുന്നണിക്ക് ആശങ്കയുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയിൽ വിജയം എളുപ്പമാകില്ലെന്നും മുന്നണിനേതൃത്വത്തിനറിയാം. ഗണേഷ് വിഷയത്തിൽ എന്ത് തീരുമാനമെടുത്താലും ഒരുവിഭാഗം മുന്നണിയുമായി അകലും. അതിനാൽ കഴിയുന്നത്ര നീട്ടിക്കൊണ്ട് പോകുകയെന്ന തന്ത്രമാകും കോൺഗ്രസ് സ്വീകരിക്കുക. പക്ഷേ, ആ൪. ബാലകൃഷ്ണപിള്ള ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം. അതിനിടെ ഗണേഷ്കുമാറിൻെറ ഉൾപ്പെടെ ചെറുഘടകകക്ഷി മന്ത്രിമാരുടെ പ്രവ൪ത്തനങ്ങളിൽ കോൺഗ്രസ് നേതാക്കൾ അതൃപ്തിയിലാണ്. കഴിഞ്ഞദിവസം ചേ൪ന്ന നേതൃയോഗത്തിൽ ഇവ൪ക്കെതിരെ കടുത്തവിമ൪ശമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.