റിയാദ്: മധ്യകാല യൂറോപ്യൻ ലോകത്തെ വിസ്മയിപ്പിച്ച പ്രൗഢമായ ആന്തലൂസിയൻ ഇസ്ലാമിക സാംസ്കാരത്തെ തൊട്ടറിഞ്ഞുള്ള ‘ഖു൪തുബ മുതൽ കൊ൪ദോവ വരെ’ എന്ന പ്രദ൪ശനത്തിന് റിയാദിൽ ചൊവ്വാഴ്ച തുടക്കമാകും. പ്രദ൪ശനത്തിൻെറ ഔചാരിക ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് റിയാദിലെ നാഷണൽ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സൗദി കമീഷൻ ഫോ൪ ടൂറിസം ആൻറ് ആൻറിക്വിറ്റീസ് പ്രസിഡൻറ് അമീ൪ സുൽത്താൻ ബിൻ സൽമാൻ നി൪വഹിച്ചു. സൗദിയിലെ സ്പെയിൻ എംബസിയുടേയും സ്പെയിനിലെ ‘ബൈത്തുൽ അറബ്’ എന്ന സാംസ്കാരിക സ്ഥാപനത്തിൻേറയും സഹകരണത്തോടെ സൗദി ടൂറിസം പുരാവസ്തു കമീഷനാണ് പ്രദ൪ശനം ഒരുക്കുന്നത്.
സ്പെയിനിൻെറ സാംസ്കാരിക വള൪ച്ചയിൽ ഇസ്ലാമിക നാഗരികത നൽകിയ മഹത്തായ സംഭാവനകളെ വരച്ചു കാട്ടുന്നതാണ് ‘ഖു൪തുബ മുതൽ കൊ൪ദോവ വരെ’ പ്രദ൪ശനമെന്ന് അമീ൪ സുൽത്താൻ ബിൻ സൽമാൻ പറഞ്ഞു. സ്പാനിഷ് ഭാഷ, നാഗരികത, തച്ചു ശാസ്ത്രം, വാസ്തുവിദ്യ തുടങ്ങിയ വൈവിധ്യമാ൪ന്ന മേഖലകളിലെല്ലാം മികച്ച സംഭാവനകളാണ് ഇസ്ലാമിക നാഗരികത നൽകിയത്. മധ്യകാലത്തെ ശോഭയാ൪ന്ന ഇസ്ലാമിക നാഗരികതയെ പ്രദ൪ശനത്തിലുള്ള ഫോട്ടോകളിലൂടെ അടുത്തറിയാനാവും. 1970കളിൽ പിതാവും ഇപ്പോഴത്തെ സൗദി കിരീടാവകാശിയുമായ അമീ൪ സൽമാൻ ബിൻ അബ്ദുൽ അസീസിനൊപ്പം നടത്തിയ സ്പെയിൻ യാത്രയും അദ്ദേഹം അനുസ്മരിച്ചു. സ്പെയിനിലെ ഇസ്ലാമിക നാഗരികതയുടെ ശേഷിപ്പുകളെ അടുത്തറിയാൻ ആ യാത്ര സഹായിച്ചു. സ്പെയിനും ഇസ്ലാമിക ലോകവും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ ഊട്ടിയുറപ്പിക്കാൻ ഇത്തരം പ്രദ൪ശനങ്ങൾക്കാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ നേതൃത്വത്തിൽ സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ആരംഭിച്ച അന്ത൪ദേശീയ മതാന്തര സംവാദ വേദി മുന്നോട്ടുവെക്കുന്ന സാംസ്കാരിക വിനിമയത്തിന് പിന്തുണയേകുന്നതാണ് ഈ പ്രദ൪ശനമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ സ്പെയിൻ അംബാസഡ൪ ജോക്വിൻ പെരസ് വില്ലാന്വെഅഭിപ്രായപ്പെട്ടു. മഹത്തായ ഇസ്ലാമിക സംസ്കാരം കൂടി ഉൾച്ചേ൪ന്നതാണ് സ്പെയിനിൻെറ പാരമ്പര്യം. പാരമ്പര്യത്തോടുള്ള രാജ്യത്തിൻെറ പ്രതിബദ്ധതയാണ് ആന്തലൂസിയൻ നാഗരികതയുടെ ശേഷിപ്പുകളെ സംരക്ഷിക്കാനുള്ള ശ്രദ്ധയിലൂടെ വെളിവാകുന്നത്. അറബ്-ഇസ്ലാമിക സംസ്കൃതി സ്പെയിനിന് നൽകിയ സംഭാവനകളെ വിലപ്പെട്ടതായാണ് രാജ്യം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൗദി സാംസ്കാരിക വാ൪ത്താവിനിമയ സഹമന്ത്രി ഡോ. അബ്ദുല്ല ജാസി൪, ‘ബൈത്തുൽ അറബ്’ സംസ്കാരിക സ്ഥാപനത്തിൻെറ തലവൻ എഡ്വേ൪ഡ് ലോപസ്, വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ അംബാസഡ൪മാ൪ തുടങ്ങിയവ൪ ചടങ്ങിൽ സംബന്ധിച്ചു. സ്ത്രീകൾക്കുള്ള പ്രദ൪ശനത്തിൻെറ ഉദ്ഘാടനം നാഷണൽ മ്യൂസിയം ഉപദേശക സമിതി ചെയ൪പേഴ്സൺ അമീറ ആദില ബിൻത് അബ്ദുല്ല ചൊവ്വാഴ്ച നി൪വഹിക്കും. മൂന്നാഴ്ച നീളുന്ന പ്രദ൪ശനത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള മത്സരങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറും. തുട൪ന്ന് ജിദ്ദയിലും പ്രദ൪ശനം അരങ്ങേറും. പ്രവേശനം സൗജന്യമായ പ്രദ൪ശനം രാവിലെ ഒമ്പത് മുതൽ 12 വരെയും വൈകീട്ട് 4.30 മുതൽ ഒമ്പത് വരെയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.