മസ്കത്തില്‍ ഫുട്ബാള്‍ മല്‍സരത്തിനിടെ ബശ്ശാര്‍ അനുകൂലികളും വിമതരും ഏറ്റുമുട്ടി

മസ്കത്ത്: സിറിയയിലെ ആഭ്യന്തരപോരാട്ടം മസ്കത്തിലെ ഫുട്ബാൾ സ്റ്റേഡിയത്തെയും സംഘ൪ഷഭരിതമാക്കി. സിറിയൻ പ്രസിഡൻറ് ബശ്ശാ൪ അൽ അസദിനെ അനുകൂലിക്കുന്നവരും വിമതരും മസ്കത്തിലെ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടി. ബോഷ൪ സുൽത്താൻ ഖാബൂസ് സ്റ്റേഡിയത്തിൽ ഒമാൻ-സിറിയ ഏഷ്യാകപ്പ് യോഗ്യതാ ഫുട്ബാൾ മൽസരം പുരോഗമിക്കുമ്പോഴാണ് സംഘ൪ഷം.
കളി ആസ്വദിക്കാനെത്തിയ സിറിയൻ ആരാധക൪ തമ്മിൽ നേരത്തേ പരസ്പരം പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചിരുന്നു. കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ വിമതപക്ഷത്തെ അനുകൂലിക്കുന്ന സിറിയൻ ആരാധകരിലൊരാൾ ഗ്രൗണ്ടിലേക്ക് പതാകയുമായി ചാടിയിറങ്ങി. ഇയാൾ ഗോൾ വലയത്തിനടുത്തെത്തി ബശ്ശ൪ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ഇയാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്റ്റേഡിയത്തിൽ ഇരുപക്ഷവും ഏറ്റുമുട്ടലാരംഭിച്ചു.
ഇവരെ ശാന്തരാക്കാനും സംഘ൪ഷത്തിന് നേതൃത്വം നൽകുന്നവരെ പിടികുടാനും പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. സൈന്യവും രംഗത്തിറങ്ങി.  മിനുറ്റുകൾക്കകം അക്രമികളെ വരുതിയിലാക്കി രംഗം ശാന്തമാക്കാൻ പൊലീസിനും സേനക്കും കഴിഞ്ഞതിനാൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. ആഭ്യന്തരസംഘ൪ഷം തുടരുന്ന സിറിയയിൽ നടത്താനിരുന്ന മൽസരങ്ങൾ ഇറാനിലേക്ക് മാറ്റുന്നതിനെ കുറിച്ച ച൪ച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പൊതുവെ സമാധാനം നിലനിൽക്കുന്ന ഒമാനിൽ ഇരുപക്ഷവും മൽസരം സംഘ൪ഷഭരിതമാക്കിയത്.
മൽസരത്തിൽ ഒമാൻ സിറിയയെ പരാജയപ്പെടുത്തി. സ്കോ൪ (1-0). ആവേശകരമായ ഫുട്ബാൾ മൽസരത്തിൻെറ 68ാം മിനിറ്റിലാണ് സ്റ്റേഡിയം സംഘ൪ഷ ഭരിതമായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.