കായികദിനം: സ്ഥാപനങ്ങളും മന്ത്രാലയങ്ങളും പരിപാടികള്‍ പ്രഖ്യാപിച്ചു

ദോഹ: ദേശീയകായികദിനാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 12ന് സംഘടിപ്പിക്കുന്ന പരിപാടികൾക്ക് വിവിധ മന്ത്രാലയങ്ങളും സ്ഥാപനങ്ങളും അന്തിമരൂപം നൽകി. ഇതുവരെ പൊതു, സ്വകാര്യ മേഖലകളിൽ നിന്നായി ഇരുപതിലധികം സ്ഥാപനങ്ങൾ കായികദിനാഘോഷത്തിൽ പങ്കെടുക്കാൻ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ രജിസ്റ്റ൪ ചെയ്യുമെന്ന് കരുതുന്നു. കായികദിന പരിപാടികൾക്ക് പ്രവാസി സംഘടനകളും ഒരുക്കം തുടങ്ങി.
ജീവനക്കാ൪ക്കും അവരുടെ കുടുംബങ്ങൾക്കും കുട്ടികൾക്കുമായി അൽ ജസീറ അക്കാദമിയിൽ ടെന്നീസ്, ഓട്ടം, വോളിബാൾ, ഫുട്ബാൾ തുടങ്ങിയ പരിപാടികളാണ് ഖത്ത൪ എയ൪വെയ്സ് സംഘടിപ്പിക്കുന്നത്. അഹ്മദ് ഹസൻ ബിലാൽ ഗ്രൂപ്പ് തങ്ങളുടെ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് വെസ്റ്റ്ബെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ടൂ൪ണമെൻറ് നടത്തും. നീതിന്യായം, മുനിസിപ്പൽ, ഊ൪ജം, വ്യവസായം, ആഭ്യന്തരം, വിദേശകാര്യം എന്നീ മന്ത്രാലയങ്ങളുടെയും പബ്ളിക് വ൪ക്സ് അതോറിറ്റിയുടെയും (അശ്ഗാൽ) പരിപാടികൾ അൽ റെഫ സ്ട്രീറ്റിൽ നടക്കും.
കൂട്ടനടത്തം, ടേബിൾ ടെന്നിസ്, ബേബി ഫൂട്ട്, ബീച്ച് വോളിബാൾ, ബാസ്കറ്റ് ബാൾ, വിദഗ്ധ പരിശീലകരുമൊത്തുള്ള കായിക പരിശീലനം തുടങ്ങിയവയാണ് സുപ്രീം ആരോഗ്യ കൗൺസിൽ ഒരുക്കുന്നത്. ഹമദ് മെഡിക്കൽ കോ൪പറേഷൻ, ഖത്തരി ഡോക്ടേഴ്സ് അസോസിയേഷൻ, പ്രാഥമികാരോഗ്യ കോ൪പറേഷൻ, വെയ്ൽകോ൪ണൽ കോളജ്, അഹ്ലി ആശുപത്രി, അൽഇമാദി ആശുപത്രി എന്നിവയുമായി സഹകരിച്ചാണ് കൗൺസിൽ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്കൂളുകൾക്കായി സുപ്രീം വിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിക്കുന്ന പരിപാടികൾ അസ്പെയ൪ സോണിൽ നടക്കും.
കുട്ടികളിൽ സ്പോ൪ട്സിലൂടെ ആരോഗ്യകരമായ ജീവിതശൈലി വള൪ത്തിയെടുക്കുകയാണ് ലക്ഷ്യം. ദേശീയ കായികദിനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കമ്പനികൾക്കും www.sportday.qa എന്ന സൈറ്റ് വഴി രജിസ്റ്റ൪ ചെയ്യാം. മുൻകൂട്ടി രജിസ്റ്റ൪ ചെയ്യുന്നവ൪ക്ക് അൽ റെഫാ സ്ട്രീറ്റിലും സ്ഥലസൗകര്യം അനുവദിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.