ദുബൈ: ദൈദിലെ അൽ സൂഹിൽ കെട്ടിട നി൪മാണ സ്ഥലത്ത് ഇന്ത്യക്കാരൻെറ മൃതദേഹം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആറ് സഹപ്രവ൪ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേ൪ ഇന്ത്യക്കാരും ഒരാൾ ബംഗ്ളാദേശിയുമാണ്.
പ്രദേശത്തുനിന്ന് അസഹ്യമായ ദു൪ഗന്ധം അനുഭവപ്പെടുന്നതായി ഒരാൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. പരിശോധനയിൽ പ്രദേശത്ത് രക്തതുള്ളികൾ ശ്രദ്ധയിൽ പെടുകയും ചെയ്തു. വിശദമായി പരിശോധന നടത്തിയ പൊലീസ് മൃതദേഹം ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. 2008ൽ സ്പോൺസറിൽ നിന്ന് ഒളിച്ചോടി അനധികൃതമായി ജോലിചെയ്തുവരികയായിരുന്നു മരിച്ചയാൾ. ഇയാൾക്കൊപ്പമാണ് അറസ്റ്റിലായ ആറുപേരും താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഒന്നിച്ച് മദ്യപിച്ച ശേഷം ഇയാൾ ജനറേറ്റ൪ റൂമിൽ ഉറങ്ങാൻ പോയി. ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് ഇയാൾ മരിച്ചുകിടക്കുന്നതാണ് സഹപ്രവ൪ത്തക൪ പിറ്റേന്ന് കണ്ടത്. അനധികൃത താമസക്കാരനെ ജോലി ചെയ്യിച്ചത് അധികൃത൪ അറിഞ്ഞാലുണ്ടാകുന്ന നിയമനടപടികൾ ഭയന്ന് ഇവ൪ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് ഷാ൪ജ പൊലീസ് ഡെപ്യൂട്ടി കമാൻഡ൪ ഇൻ ചീഫ് ബ്രിഗേഡിയ൪ അബ്ദുല്ല മുബാറക് അൽ ദുകാൻ പറഞ്ഞു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.
പൊതുമാപ്പ് അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ അനധികൃത തൊഴിലാളികൾ എത്രയും വേഗം രാജ്യം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരക്കാരെ കണ്ടെത്താൻ പരിശോധന ഊ൪ജിതമാക്കുമെന്നും ജോലി ചെയ്യിക്കുന്ന കമ്പനികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.