മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ഹുറൂബ് നീങ്ങി മലയാളി ദമ്പതികള്‍ മടങ്ങി

ബുറൈദ: പരാതിക്കാരുടെ ആവലാതി ന്യായമാണെന്ന്  നീതിപാലക൪ ഒടുവിൽ വിധിയെഴുതിയപ്പോൾ മുട്ടുമടക്കേണ്ടിവന്ന സ്പോൺസ൪ മലയാളി ദമ്പതികളുടെ ഹുറൂബ് നീക്കി എക്സിറ്റ് അടിച്ചു നൽകാൻ തയാറായി. കോഴിക്കോട് നോ൪ത്ത് ബീച്ച് റോഡ് നാലുകൂടി പറമ്പിൽ അ൪ഷിക് (38), ഭാര്യ ജന്നത്തുബീവി (36) എന്നിവ൪ക്ക് ഇതോടെ സഫലമായത്് നാട്ടിലേക്കുള്ള മടക്കയാത്ര.

ഒന്നരവ൪ഷത്തിലധികം നീണ്ട ദുരിതം. അതിൽ ആറ്മാസത്തെ നിരന്തരമായ നിയമ പോരാട്ടം. ഗൾഫ് മോഹവുമായി ഖസീമിലെത്തിയ ദമ്പതികൾക്ക് നേരടേണ്ടി വന്നത് സമാനതകളില്ലാത്ത പരീക്ഷണങ്ങളാണ്. മാന്യമായ ശമ്പളവും ഇതര സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് ഒരുലക്ഷത്തിലധികം രൂപ കൈപ്പറ്റിയ കോഴിക്കോട്ടെ ഏജൻറിൻെറ വാക്കുകൾ പൊള്ളയായിരുന്നെന്ന് ഇവ൪ക്ക് മനസിലായത് ഉനൈസയിലെ സ്വദേശി കുടുംബത്തിലെത്തിയതോടെയാണ്.

ഹൗസ് ഡ്രൈവ൪, ഹൗസ്മെയ്ഡ് തസ്തികകളിൽ എത്തിച്ചേ൪ന്ന ഇവരെ കാത്തിരുന്നത് 15 മുതൽ 18 മണിക്കൂ൪ വരെ നീളുന്ന കഠിനജോലികൾ. പ്രതികരിച്ചപ്പോൾ കള്ളക്കേസ് കൊടുത്തതിൻെറ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് നീതിപീഠത്തിന് മുന്നിൽ ഹാജരാക്കി. ജോലിക്കാരൂടെ ആവശ്യം പരിഗണിക്കാൻ കഴിയില്ലെങ്കിൽ ശമ്പളം നൽകി പറഞ്ഞയക്കാൻ ന്യായാധിപൻ ഉത്തരവ് നൽകി.

എന്നാൽ തൊഴിലുടമ 12,000 റിയാൽ കൈപ്പറ്റി ഇവരെ മാൻപവ൪ സ൪വീസുകാ൪ക്ക് രഹസ്യമായി കൈമാറി. അതോടെ രണ്ടിടത്തായ ദമ്പതികൾ പല വീടുകളിൽ ജോലി ചെയ്തു. കൊടുംചൂടിൽ ശീതീകരണ സംവിധാനമില്ലാത്ത കുടുസു മുറികളിൽ ഉറങ്ങി. മാസങ്ങൾക്ക്ശേഷം 21,000 റിയാൽ നൽകി ബുറൈദയിലെ ഒരു സമ്പന്നൻ ഇവരെ ഏറ്റെടുത്തു. എന്നാൽ വറചട്ടിയിൽനിന്ന് എരിതീയിലേക്കെറിയപ്പെട്ടതുപോലെയായി അതോടെ ഇവരൂടെ അവസ്ഥ. അ൪ഷിക്കിന് ജോലിയും ശമ്പളവുമില്ല. 40 അംഗ കുടുംബത്തിന് മൂന്ന് നേരം വെച്ചുവിളമ്പുന്ന വിശ്രമമില്ലാത്ത ജോലി ഭാര്യക്ക്. രക്തസമ്മ൪ദത്താൽ തള൪ന്നുവീണ ഘട്ടത്തിൽ ആശുപത്രിയിലെത്തിക്കാൻപോലും വീട്ടുടമ തയാറാകാതിരുന്നപ്പോൾ സഹികെട്ട ഇവ൪ ജോലി നി൪ത്തി. പട്ടിണിയായിരുന്നു ഫലം. റമദാൻ രാവിൽ അത്താഴം കഴിക്കാനില്ലാതെ നോമ്പനുഷ്ഠിക്കുന്ന ഇവരൂടെ കാര്യം ശ്രദ്ധയിൽപ്പെട്ട മാധ്യമപ്രവ൪ത്തകരൂടെ ഇടപെടലാണ്  രക്ഷപ്പെടലിലേക്കും നിയമ യുദ്ധത്തിലേക്കും കൊണ്ടെത്തിച്ചത്.

റിയാദ് ഇന്ത്യൻ എംബസി ഏൽപിച്ചതനുസരിച്ച് സാമൂഹിക പ്രവ൪ത്തകൻ നൗഷാദ് പോത്തൻകോട് ഏറ്റെടുത്ത കേസ് ബുറൈദ ഗവ൪ണറേറ്റ്, വിവിധ കോടതികൾ, പൊലീസ് സ്റ്റേഷനുകൾ, ജവാസാത്ത് എന്നിവിടങ്ങളിലായി ആറ് മാസത്തിലധികം നീണ്ടു. കേസുമായി ദമ്പതികൾ അധികൃതരെ സമീപിച്ചതോടെ തൊഴിലുടമ ഇവരെ ഹുറുബാക്കി. കേസിൻെറ ഒരോ ഘട്ടങ്ങളിലും നിയമ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പലരെയും രംഗത്തിറക്കിയും പണം ചെലവഴിച്ചും തൊഴിലുടമ ശ്രമിച്ചതാണ് കേസിന് ദൈ൪ഘ്യമേറാൻ കാരണം. ഒടുവിൽ സത്യം ബോധ്യപ്പെട്ട അധികൃത൪ ജന്നത്ത്ബീവി ജോലി ചെയ്ത വകയിലുള്ള ശമ്പളം നൽകാനും ദമ്പതികളൂടെ ഹുറൂബ് നീക്കി ഇഖാമ പുതുക്കി എക്സിറ്റ് അടിച്ചുനൽകാനും ഉത്തരവ് നൽകുകയായിരുന്നു. അവിടെയും വഴൂതിമാറാൻ ശ്രമിച്ച സ്പോൺസ൪ക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിൽ വന്നതോടെ അയാൾ വഴങ്ങി.

സ്വന്തം നിലക്ക് സംരക്ഷണം നൽകി നൗഷാദ് കേസ് നടത്തിയപ്പോൾ ‘തനിമ’ സാംസ്കാരികവേദി പ്രവ൪ത്തക൪, നാസ൪ (യോകോഹാമ) തുടങ്ങിയവ൪ ദമ്പതികൾക്ക് ഇതര സഹായങ്ങൾ നൽകി. ബുധനാഴ്ച നാട്ടിലേക്ക് വിമാനം കയറിയ അ൪ഷിക്കിൻെറയും ഭാര്യയുടെയും എയ൪ടിക്കറ്റിൻെറ ചെലവ് നൗഷാദ് പോത്തൻകോടും മറ്റു ചില ഉദാരമതികളും ചേ൪ന്ന് വഹിച്ചു. ഷോപ്പിങ്, യാത്രാചലവ് എന്നിവക്ക് ബദായ മലയാളി കുടുംബ കൂട്ടായ്മ പണം നൽകി. കൂട്ടായ്മയുടെ രക്ഷാധികാരി കമാൽ ഈറക്കൽ എയ൪ ടിക്കറ്റ് കൈമാറി. സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററും സാമ്പത്തിക സഹായവുമായി രംഗത്ത് വന്നു. പരീക്ഷണഘട്ടത്തിൽ താങ്ങായി വ൪ത്തിച്ച സുമനസുകൾക്ക് ഹൃദയംതൊട്ട് നന്ദി പറഞ്ഞ ദമ്പതികൾ ബുധനാഴ്ച ഉച്ചക്ക് 2.50 ന് ദോഹ വഴി കരിപ്പൂരിലേക്ക് പോയ ഖത്ത൪വേയ്സിൽ നാട്ടിലേക്ക് തിരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.