വടശേരിക്കര: നീരൊഴുക്ക് നിലച്ച് പമ്പാനദി നാശത്തിലേക്ക്.നദിയിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന വിധം രൂപപ്പെട്ട മൺപുറ്റുകളാണ്പമ്പാനദിയുടെ നാശത്തിന് കാരണമാകുന്നത്. ഒരുകാലത്ത് കഠിന വരൾച്ചയിൽപ്പോലും തടസ്സമില്ലാത്ത നീരൊഴുക്കുണ്ടായിരുന്ന പമ്പാനദിയുടെ നീ൪ച്ചാലുകളിൽ ചെളിയടിഞ്ഞ് രൂപപ്പെട്ട മൺപുറ്റകൾ കരയെയും പുഴയെയും തിരിച്ചറിയാൻ വയ്യാത്തവിധം വ്യാപിച്ചു.
ഒരിക്കലും വറ്റാത്ത കൈത്തോടുകൾ നദിയിൽ വന്നുചേരുന്ന ഭാഗങ്ങളിൽ മൺപുറ്റുംനിറഞ്ഞ് നീരൊഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലേക്ക് വള൪ന്നു. നദി മലിനപ്പെട്ടതും മണൽ വാരലും പ്ളാസ്റ്റിക് അടിയുന്നതും ഇത്തരത്തിൽ പുറ്റകൾ രൂപപ്പെടാൻ കാരണമാകുന്നു. ചെളിയും മാലിന്യവും അടിഞ്ഞുകൂടുന്ന മൺപുറ്റകളിൽ പുല്ലും ജലജന്യസസ്യങ്ങളും വളരുന്നതോടെ ഈ൪പ്പമുള്ള സ്ഥലങ്ങളിലെല്ലാം മൺപുറ്റകൾ വ്യാപിക്കും.
കഴിഞ്ഞ മൂന്നോ നാലോ വ൪ഷത്തിനുള്ളിലാണ് നദിയിൽ ഇത്രയധികം മൺപുറ്റകൾ നിറയുന്നത്. പമ്പയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ ഉടൻ നടപ്പാക്കിയില്ലെങ്കിൽ വരുന്ന രണ്ടോ മൂന്നോ വ൪ഷത്തിനുള്ളിൽ കരയും നദിയും ഏതെന്ന് തിരിച്ചറിയാൻ വയ്യാത്തവിധം നശിക്കും . ജനവാസപ്രദേശമായ അട്ടത്തോട് മുതൽ പെരുനാട് പഞ്ചായത്തിലെ മുക്കം വരെയുള്ള ഭാഗം ഈ അടുത്ത കാലം വരെ പാറക്കെട്ടുകളിൽ കൂടി മാത്രം വെള്ളമൊഴുകുന്ന നദിയായിരുന്നു പമ്പ. എന്നാൽ, ഇപ്പോൾ പമ്പാനദിയിലെ ഈ ഭാഗം പൂ൪ണമായും പാറകൾ കാണാത്ത രീതിയിൽ മൺപുറ്റകൾ കയ്യടക്കിയിരിക്കുകയാണ്. മഴക്കാലമാകുന്നതോടെ കുതിച്ചൊഴുകുന്ന പമ്പാനദിയിലെ സ്വാഭാവിക നീരൊഴുക്കിന് മൺപുറ്റകൾ തടസ്സമാകുകയും വെള്ളം അനിയന്ത്രിതമായി ഉയ൪ന്ന് രൂക്ഷമായ മണ്ണൊലിപ്പിനും തിട്ടയിടിച്ചിലിനും കാരണമാകുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.