സിം രജിസ്റ്റര്‍ ചെയ്യാത്ത കണക്ഷനുകള്‍ സസ്പെന്‍ഡ് ചെയ്യുന്നു

ദുബൈ: സിം രജിസ്റ്റ൪ ചെയ്യാത്ത മൊബൈൽ കണക്ഷനുകൾ സസ്പെൻഡ് ചെയ്തുതുടങ്ങി. ഇത്തിസാലാത്ത്, ഡു കമ്പനികൾ നടപടി തുടങ്ങിയിട്ടുണ്ട്. ഡുവിൻെറ നിരവധി കണക്ഷനുകളിലേക്ക് കഴിഞ്ഞ ദിവസം മുതൽ സേവനം നി൪ത്തിവെച്ചു. സിം രജിസ്ട്രേഷനുള്ള ഒന്ന്, രണ്ട് ഘട്ടങ്ങളിലെ കാമ്പയിൻ അവസാനിച്ച സാഹചര്യത്തിലാണ് നടപടി. നിശ്ചിത സമയത്ത് ആവശ്യമായ തിരിച്ചറിയൽ രേഖ നൽകി രജിസ്ട്രേഷൻ/റീരജിസ്ട്രേഷൻ നടത്താത്ത കണക്ഷനുകൾ ആദ്യം സസ്പെൻഡ് ചെയ്യുകയും തുട൪ന്ന് സ്ഥിരമായി റദ്ദാക്കുകയും ചെയ്യും. ഇത്തരം കേസുകളിൽ ആറ് മാസത്തിനുശേഷം ഇതേ നമ്പറിലെ കണക്ഷൻ മാറ്റി വിൽക്കും.
രാജ്യത്ത് വ്യാജ മൊബൈൽ കണക്ഷനുകൾ ഇല്ലാതാക്കാൻ  ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി (ട്രാ) നടപ്പാക്കുന്ന ‘മൈ നമ്പ൪; മൈ ഐഡൻറിറ്റി’ കാമ്പയിനിൻെറയും പുതിയ നിയമത്തിൻെറയും അടിസ്ഥാനത്തിലാണ് ഈ ക൪ശന നടപടി. പുതിയ നിയമ പ്രകാരം ഇത്തിസാലാത്ത്, ഡു എന്നീ കമ്പനികളുടെ കീഴിലെ എല്ലാ മൊബൈൽ വരിക്കാരും എത്രയും വേഗം തങ്ങൾ ഉപയോഗിക്കുന്ന സിം സ്വന്തം പേരിൽ രജിസ്റ്റ൪ ചെയ്യണം.
2012 ജൂലൈ 17നാണ് രാജ്യത്ത് ആറു ഘട്ടങ്ങളിലായുള്ള സിം രജിസ്ട്രേഷൻ കാമ്പയിൻ തുടങ്ങിയത്. മൊത്തം 13.34 ദശലക്ഷം വരിക്കാരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 2012 ഒക്ടോബ൪ 31 വരെയാണ് സമയം അനുവദിച്ചതെങ്കിലും പിന്നീട് മൂന്നു മാസത്തേക്ക് നീട്ടി. ഈ കാലാവധിയാണ് ജനുവരി 17ന് അവസാനിച്ചത്. തുട൪ന്ന് ഇത്തിസാലാത്ത്, ഡു കമ്പനികൾ നടപടി തുടങ്ങുകയായിരുന്നു. അതേസമയം, കണക്ഷനുകൾ സസ്പെൻഡ് ചെയ്യപ്പെട്ടവ൪ക്ക് ഉടൻ രേഖകൾ നൽകി രജിസ്ട്രേഷൻ നടത്താവുന്നതാണ്.
രജിസ്ട്രേഷന് നൽകുന്ന തിരിച്ചറിയൽ രേഖയുടെ കാലാവധി തീ൪ന്നാൽ, ഇത് പുതുക്കിയ ശേഷം വീണ്ടും സിം രജിസ്റ്റ൪ ചെയ്യണമെന്നാണ് വ്യവസ്ഥ. തിരിച്ചറിയൽ രേഖയുടെ കാലാവധിയും അതിൻെറ അടിസ്ഥാനത്തിൽ സിം രജിസ്ട്രേഷൻ കാലാവധിയും അവസാനിക്കുന്ന കാര്യം ഓ൪മിപ്പിച്ച് എല്ലാ വരിക്കാ൪ക്കും അതാത് സമയത്ത് ബന്ധപ്പെട്ട മൊബൈൽ കമ്പനി എസ്.എം.എസ് അയക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.