അനുരഞ്ജനമായില്ല; റിസാനയുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: വ൪ഷങ്ങൾ നീണ്ട നയതന്ത്ര നീക്കങ്ങൾക്കും അനുരജ്ഞന ശ്രമങ്ങൾക്കുമൊടുവിൽ റിസാന നാഫിഖ് എന്ന ശ്രീലങ്കൻ യുവതിക്ക് ഒടുവിൽ വധശിക്ഷ നടപ്പാക്കി. റിയാദ് പ്രവിശ്യയിലെ ദവാദ്മിയിൽ സ്വദേശി കുടുംബത്തിലെ പിഞ്ചു ബാലികയെ കഴുത്ത്് ഞെരിച്ചുകൊന്ന കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന റിസാനയുടെ കേസ് കോടതിയിലും പുറത്തുമായി ഒത്തുതീ൪ക്കാൻ ഏറെ ശ്രമങ്ങൾ നടന്നെങ്കിലും ഇന്നലെ റിസാനയെ പ്രതിക്രിയാ നിമയമനുസരിച്ച് വധശിക്ഷക്ക് വിധേയമാക്കി. ഖായിദ് ബിൻ നായിഫ് ബിൻ ജിസ്യാൻ അൽ ഉതൈബിയെന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് റിസാനക്ക് വധശിക്ഷ നേരിടേണ്ടിവന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്പോൺസറുടെ നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ കൊലചെയ്തെന്നു കണ്ടെത്തിയതിനെതുട൪ന്ന് 2005ലാണ് റിസാനയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിഞ്ഞതിനെ തുട൪ന്ന് യുവതിക്ക് വധശിക്ഷ വിധിച്ചു.
സ്പോൺസറുടെ കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ കഴുത്ത് ഞെരിച്ച് കൊലചെയ്തുവെന്നായിരുന്നു കേസ്. ഇതിന് സ്വീകരിച്ച രീതി പ്രതി വെളിപ്പെടുത്തിയതായും വൈദ്യപരിശോധനയിൽ കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന വിരലടയാളം യുവതിയുടെതാണെന്ന് തെളിഞ്ഞതായും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ദവാദ്മിയിൽ ബുധനാഴ്ച ശിക്ഷ നടപ്പാക്കി.
2005ൽ 17 വയസ്സ് പ്രായമുള്ളപ്പോളാണ് റിസാന വീട്ടുവേലക്കാരിയുടെ വിസയിൽ ദവാദ്മിയിൽ ജോലിക്കെത്തിയത്. റിക്രൂട്ടിങ് നിയമങ്ങൾ പാലിക്കാതെയാണ് റിസാനയെ ഏജൻറ് സൗദിയിലേക്ക് കടത്തിവിട്ടതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.കൊലക്കുറ്റത്തിന് പോലീസ് പിടിയിലായതോടെ 2005 മുതൽ റിസാനയുടെ മോചനത്തിന് ശ്രീലങ്കൻ എംബസിയും നയതന്ത്ര ഉദ്യോഗസ്ഥരും ഒട്ടേറെ ശ്രമങ്ങൾ നടത്തി. റിയാദിലെ ശ്രീലങ്കൻ എംബസി കേസിൽ ആദ്യാവസാനം സഹായവുമായി രംഗത്ത് വരികയും കീഴ്ക്കോടതിയുടെ കേസിൽ പുൻ൪വിചാരണക്ക് അനുമതി നേടുകയും ചെയ്തിരുന്നു. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളുമായി കോടതിക്ക് പുറത്ത് നടന്ന അനുരജ്ഞനശ്രമങ്ങളും പലപ്പോഴും റിസാനയുടെ മോചനത്തിന് പ്രതീക്ഷകൾ നൽകി. യുവതിയുടെ പ്രായക്കുറവ് ചൂണ്ടിക്കാണിച്ച് കേസിൽനിന്നു ഒഴിവാക്കിക്കൊടുക്കണമെന്ന ആവശ്യവും ഉയ൪ന്നിരുന്നു. മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ അനുരഞ്ജനത്തിൽനിന്ന് പിറകോട്ടു പോയതോടെയാണ് യുവതിക്ക് വധശിക്ഷ നേരിടേണ്ടി വന്നത്. നേരത്തെ ശ്രീലങ്കൻ വിദേശകാര്യമന്ത്രിയോടൊപ്പം സൗദിയിലെത്തിയ റിസാനയുടെ മാതാപിതാക്കൾക്ക് അവരെ ജയിലിൽ സന്ദ൪ശിക്കാനും കൂടിക്കാഴ്ചക്കും അധികൃത൪ അവസരം ഒരുക്കിയിരുന്നു.  
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.