ജിദ്ദ: മക്കക്കുള്ളിൽ ട്രെയിൻ സ൪വീസ് ആരംഭിക്കുന്നതിന് 60 ബില്യൺ റിയാൽ പദ്ധതിക്ക് അനുമതി. മക്ക മുനിസിപ്പാലിറ്റി പദ്ധതി വിഭാഗം അസി. അണ്ട൪ സെക്രട്ടറിയും ഹറം വടക്കേ മുറ്റം വികസന സമിതി അധ്യക്ഷനുമായ എൻജിനീയ൪ അബ്ബാസ് ഖതാൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തീ൪ഥാടക൪ക്ക് വേഗത്തിൽ ഹറമിലെത്തുന്നതിന് മശാഇ൪ മെട്രോ റെയിൽവേ, അൽഹറമൈൻ റെയിൽവേ എന്നിവയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതിക്ക് കാശ് വകയിരുത്തിയതോടെ നാല് റെയിൽവേ സ്റ്റേഷനുകളുടെ നി൪മാണനടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ സ്റ്റേഷൻ അജിയാദ് ഭാഗത്ത് ശുഹദാഅ് ഹോട്ടലിനു മുൻവശത്താണ്. രണ്ടാമത്തേത് ജബലുൽ മദാഫിദ് ഭാഗത്തും മൂന്നാമത്തേത് ശിഅ്ബ് ആമിറിലെ ഗസ്സ ഭാഗത്തും നാലാമത്തേത് മിസ്ഫലയിലുമാണ്. നാല് സ്റ്റേഷനുകൾക്കായി 1800 കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. ശിഅ്ബ് ആമിറിലെ പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെ വില കണക്കാക്കുന്ന നടപടി ഇതിനായുള്ള സമിതിക്ക് കീഴിൽ പൂ൪ത്തിയായിട്ടുണ്ട്. ഈ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കാനുള്ള നടപടി ഇലക്ട്രിക് കമ്പനി ആരംഭിച്ചിട്ടുണ്ട്.
മലാവിയിലെ ചില വീടുകളിലേക്ക് വൈദ്യുതി ലഭിക്കുന്നത് ശിഅ്ബ് ആമിറിലെ സ്റ്റേഷനിലാണ്. ഈ വീടുകളിലേക്ക് വൈദ്യുതി ലഭിക്കുന്നതിന് ബദൽ സ്റ്റേഷൻ നി൪മിക്കാനുള്ള ജോലികളും ആരംഭിച്ചിട്ടുണ്ട്. ജബലുൽ കഅ്ബ ഭാഗത്തെ പൊളിച്ചു നീക്കുന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്ന പ്രവൃത്തി തുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ അജിയാദ് ഭാഗത്തെ കെട്ടിടങ്ങൾക്ക് വില നിശ്ചയിക്കും. അതിനുശേഷം ഈ ഭാഗങ്ങളിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കും. റെയിൽവേക്ക് കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനാൽ ഏതെങ്കിലും ഹജ്ജ് ഉംറ കമ്പനിയുമായി തീ൪ഥാടകരെ താമസിപ്പിക്കുന്ന കരാറുണ്ടാക്കരുതെന്ന് കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാര തുക റെഡിയാണ്. നടപടി ക്രമങ്ങൾ പൂ൪ത്തിയാകുന്നതിനനുസരിച്ച് അവ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.