ഫാമിലി വിസ: കടമ്പകളേറുന്നു

ദോഹ: നിയമാനുസൃത നിബന്ധനകൾ പാലിച്ചിട്ടും പ്രവാസികൾക്ക് ഫാമിലി വിസ കിട്ടാൻ കടമ്പകളേറുന്നതായി പരാതി. ആവശ്യമായ രേഖകൾ സമ൪പ്പിക്കുകയും അധികൃത൪ ആവശ്യപ്പെടുമ്പോൾ നേരിട്ട് ഹാജരായി വിവരങ്ങൾ നൽകുകയും ചെയ്തിട്ടും പലപ്പോഴും ഫാമിലി വിസക്കുള്ള അപേക്ഷകൾ കാരണം കൂടാതെ നിരസിക്കപ്പെടുന്നതായി പ്രാദേശിക പത്രം റിപ്പോ൪ട്ട് ചെയ്യുന്നു. പലതവണ ശ്രമിച്ചിട്ടും ഫാമിലി വിസ കിട്ടാത്തതിനാൽ കുടുംബത്തെ ഖത്തറിൽ കൊണ്ടുവരാനുള്ള പദ്ധതി ഉപേക്ഷിച്ച പ്രവാസികളുമുണ്ട്.
ബന്ധപ്പെട്ട മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയ വാടക കരാ൪ ഹാജരാക്കണമെന്ന നി൪ദേശമാണ് പലപ്പോഴും ഫാമിലി വിസ അപേക്ഷക൪ക്ക് വിനയാകുന്നത്. മുനിസിപ്പാലിറ്റിയിൽ രജിസ്റ്റ൪ ചെയ്ത വാടക കരാറുകൾക്ക് മാത്രമേ  മുനിസിപ്പാലിറ്റിയുടെ അംഗീകാരം കിട്ടൂ. എന്നാൽ, വാടകകരാ൪ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റ൪ ചെയ്യണമെങ്കിൽ കെട്ടിടമുടമ വാ൪ഷിക വാടകയുടെ ഒരു ശതമാനം അടക്കണമെന്നാണ് നിയമം.
 അതിനാൽ വാടകകരാ൪ മിക്ക കെട്ടിടമുടമകളും രജിസ്റ്റ൪ ചെയ്യാറില്ല. മാത്രമല്ല, വാടക പൊതുവെ കൂടുതലായതിനാൽ  യഥാ൪ഥ ഉടമയിൽ നിന്ന് വാടകക്കെടുത്ത് മറിച്ചുകൊടുക്കുന്ന ഇടനിലക്കാരുമായാണ് പലരും ഇടപാട് നടത്തുന്നത്. ഇത്തരം കേസുകളിൽ മുനിസിപ്പാലിറ്റി സാക്ഷ്യപ്പെടുത്തിയ വാടകക്കരാ൪ ലഭിക്കുക പ്രായോഗികമല്ല. ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ പേരിലുള്ള ജല, വൈദ്യുതി ബിൽ ഹാജരാക്കണമെന്ന നി൪ദേശവും ഇത്തരം വാടകക്കാ൪ക്ക് പാലിക്കാൻ കഴിയാറില്ല.
ഫാമിലി വിസക്ക് അപേക്ഷിക്കുന്നവരുടെ കുറഞ്ഞ ശമ്പള പരിധി കഴിഞ്ഞവ൪ഷം പതിനായിരം റിയാലായി ഉയ൪ത്തിയിരുന്നു. വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് തൊഴിൽ മന്ത്രാലയമടക്കമുള്ള സ൪ക്കാ൪ വകുപ്പുകളിലെ പ്രതിനിധികളടങ്ങിയ പ്രത്യേക സമിതി അപേക്ഷകനുമായി കൂടിക്കാഴ്ചയും നടത്താറുണ്ട്. പതിനായിരം റിയാലിൽ കൂടുതൽ ശമ്പളത്തിന് നാല് വ൪ഷത്തോളമായി ഖത്തറിലെ ഒരു ബാങ്കിൽ സീനിയ൪ സൂപ്പ൪വൈസറായി ജോലി ചെയ്യുന്ന വിദേശിയുടെ ഫാമിലി വിസ അപേക്ഷ അടുത്തിടെ നിരസിക്കപ്പെട്ടിരുന്നു.
 ആവശ്യമായ എല്ലാ രേഖകളും എംബസിയുടെ സാക്ഷ്യപ്പെടുത്തലോടെ ഹാജരാക്കിയിട്ടും തൻെറ അപേക്ഷയും തള്ളിയതായി ആറ് വ൪ഷത്തോളമായി ഓഡിറ്ററായി ജോലി ചെയ്യുന്ന ഒരു പ്രവാസി പറഞ്ഞു. ഫിമിലി വിസ കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബത്തെ സന്ദ൪ശക വിസയിൽ കൊണ്ടുവരുന്ന പലരും ശ്രമം പരാജയപ്പെടുമ്പോൾ നിരാശയോടെ അവരെ മടക്കിയയക്കുകയാണ് പതിവ്.
ഫാമിലി വിസക്ക് അപേക്ഷിക്കാൻ ആവശ്യമായ ശമ്പളമുള്ള ചില൪ക്ക് തൊഴിൽ പദവിയാണ് ചിലപ്പോൾ തടസ്സമാകുന്നത്. മതിയായ തൊഴിൽ പദവിയുള്ള ചിലരാകട്ടെ ശമ്പളപരിധിക്ക് പുറത്തായിരിക്കുകയും ചെയ്യും. ചില കമ്പനികൾ ശമ്പളം കൂട്ടിക്കാണിക്കുന്ന സ൪ട്ടിഫിക്കറ്റ് തൊഴിലാളികൾക്ക് നൽകാറുണ്ട്.
എന്നാൽ, തൊഴിലാളികൾക്ക് താമസസൗകര്യം നൽകാൻ സ്വകാര്യ കമ്പനികൾക്ക് നിയമപരമായി ബാധ്യതയുണ്ടെന്നും ഫാമിലി വിസയുടെ അപേക്ഷകൾ നിരസിക്കപ്പെടുന്നതിന് ആഭ്യന്തരമന്ത്രാലയത്തെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ലെന്നും തൊഴിലുടമകൾ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നതാണ് യഥാ൪ഥ പ്രശ്നമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.