30 ശതമാനം സ്ഥാപനങ്ങളിലും അനധികൃത തൊഴിലാളികള്‍

റിയാദ്: സ്വകാര്യമേഖലയിലെ 30 ശതമാനം സ്ഥാപനങ്ങളിലും തൊഴിലെടുക്കുന്നത് അനധികൃത തൊഴിലാളികളാണെന്ന് തൊഴിൽമന്ത്രി എൻജി. ആദിൽ ഫഖീഹ്. സ൪ക്കാ൪മേഖലയിൽ 10 ശതമാനം ജീവനക്കാ൪ വിദേശികളാണെന്നും അദ്ദേഹം പറഞ്ഞു. അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനും സ്ഥാപനങ്ങളിൽ വിദേശി അനുപാതത്തിന് അനുസൃതമായി സ്വദേശികൾ തൊഴിലെടുക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിന് രാജ്യത്തിൻെറ വിവിധ മേഖലകളിൽ ആഭ്യന്തര മന്ത്രാലയത്തിൻെറ സഹകരണത്തോടെ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പാസ്പോ൪ട്ട്, പൊലീസ് വകുപ്പുകളുടെ സഹകരണം ഇതിനായി ഉറപ്പുവരുത്തും. ഈ വ൪ഷം പരിശോധനാവ൪ഷമായിരിക്കും. തൊഴിൽരഹിതരായ സ്വദേശി യുവതീയുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ വിജയിപ്പിക്കുന്നതിന് ഇതാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകളുടെ തൊഴിലുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളുടെ പേരിൽ മന്ത്രാലയത്തെ അധിക്ഷേപിക്കുന്നത് അമിതവേഗതയിൽ ഡ്രൈവ് ചെയ്യുന്നയാൾ ട്രാഫിക് വകുപ്പിനെ അധിക്ഷേപിക്കുന്നതു പോലെയാണെന്ന് ആദിൽ ഫഖീഹ് പ്രതികരിച്ചു. തൊഴിൽരഹിതരായ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ഏതെങ്കിലും രാജ്യത്തെ വ്യവസ്ഥയെ അങ്ങനെതന്നെ അനുകരിച്ചല്ല. സൗദിയുടെ സാമൂഹികാവസ്ഥകളെ പരിഗണിച്ചുള്ള പരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അരലക്ഷം സ്ത്രീകൾക്കെങ്കിലും വിദൂരതൊഴിൽ ചെയ്യുന്നതിന് അവസരം സൃഷ്ടിക്കാൻ സാധിക്കണം. തൊഴിലാളികൾക്ക് കരാറിൽ പറഞ്ഞ വേതനം തന്നെ യഥാസമയം വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൻെറ ഭാഗമായാണ് വേതന സുരക്ഷാപദ്ധതിക്ക് മന്ത്രാലയം രൂപം കൊടുത്തിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘ഹാഫിസ്’ തൊഴിൽ പ്രേരകപദ്ധതിയിൽ രജിസ്റ്റ൪ ചെയ്ത അഞ്ചു ലക്ഷം തൊഴിലന്വേഷക൪ക്ക് ഓൺലൈൻ വഴിയുള്ള പരിശീലനം നൽകി വരുന്നതായി അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. എല്ലാ സ്വദേശി തൊഴിലന്വേഷക൪ക്കും തൊഴിൽ നൽകാൻ മാത്രം അവസരങ്ങൾ സ൪ക്കാ൪ വശമില്ല. രജിസ്റ്റ൪ ചെയ്ത തൊഴിലന്വേഷകരായ യുവാക്കളുടെ എണ്ണം മൂന്ന് ലക്ഷം വരും. ഇതിൽ ‘ഹാഫിസ്’ പദ്ധതിയുടെ ഗുണഭോക്താക്കളാകാനുള്ള നിബന്ധന പൂ൪ത്തീകരിച്ചത് രണ്ടു ലക്ഷം പേരാണ്. ഈ വ൪ഷം ഒരു ലക്ഷം വനിതകൾക്ക് തൊഴിലവസരം കണ്ടെത്താൻ മന്ത്രാലയത്തിനായിട്ടുണ്ട്. ഇത് മാനവവിഭവ ശേഷി വകുപ്പിൻെറ ചരിത്രത്തിലെ ഏറ്റവും ഉയ൪ന്ന തൊഴിൽദാനമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2000 റിയാലിൽ താഴ്ന്ന വേതനത്തിൽ ജോലിയെടുക്കുന്നവരാണ് അമ്പത് ലക്ഷം വിദേശികൾ. ഇവരുടെ സ്ഥാനത്ത് സ്വദേശികൾക്ക് തൊഴിലെടുക്കാനാകില്ല എന്നു മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് സ്ത്രീകളാണ് പുരുഷന്മാരേക്കാൾ തൊഴിൽരഹിതരായുള്ളത്. നിലവിൽ മന്ത്രാലയം നടപ്പാക്കി വരുന്ന തൊഴിൽപദ്ധതികൾ പ്രതിവ൪ഷം ഒന്നരലക്ഷം സ്വദേശികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ കണ്ടെത്താനാൻ സഹായകമാകുന്ന വിധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് 70 ലക്ഷം വിദേശിതൊഴിലാളികൾ സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. 20 ലക്ഷം പേ൪ ഗൃഹജോലികളിൽ വ്യാപൃതരാണ്. കഴിഞ്ഞ ദിവസം ‘റോത്താന ഖലീജിയ’ ചാനലിന് നൽകിയ അഭിമുഖത്തിലാണ് തൊഴിൽ മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.