ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാന്‍ഡ്

മനാമ: ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെ സുരക്ഷക്ക് സംയുക്ത സൈനിക കമാൻഡ് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തോടെ 33ാമത് ജി.സി.സി ഉച്ചകോടി സമാപിച്ചു. അംഗരാജ്യങ്ങൾക്കു നേരെയുണ്ടാകുന്ന ഏതു ഭീഷണിയും ആക്രമണവും ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. കര, വ്യോമ, നാവിക മേഖലയിൽ ഏകോപനമുണ്ടാക്കുകയും സൈന്യത്തെ ഒരു കുടക്കീഴിൽ അണിനിരത്തുകയും ചെയ്യും. നിലവിൽ സൗദി അറേബ്യയിലുള്ള ജി.സി.സി ഡിഫൻസ് ഷീൽഡും ബഹ്റൈനിലെ ജി.സി.സി നേവിയും തുടരും. അതോടൊപ്പം സൈന്യത്തെ ഒരു സെൻട്രൽ കമാൻഡിന് കീഴിൽ കൊണ്ടുവരാനാണ് ശ്രമം. മേഖലയിൽ ഇറാൻ ഉയ൪ത്തുന്ന ഭീഷണികൂടി മുൻനി൪ത്തിയാണ് സുരക്ഷയുടെ കാര്യത്തിൽ ഐക്യം ശക്തമാക്കാനുള്ള പ്രഖ്യാപനമെന്ന് ഉച്ചകോടിയുടെ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് ബഹ്റൈൻ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫയും ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്വീഫ് ബിൻ റാഷിദ് അൽസയാനിയും പറഞ്ഞു.
ഇറാൻെറ ആണവപദ്ധതികൾ അയൽ രാജ്യങ്ങൾക്ക് ഭീഷണിയാണെന്ന് വിലയിരുത്തിയ ഉച്ചകോടി അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ഇറാൻ നയത്തെ ശക്തമായി അപലപിച്ചു. ഇറാനുമായി ഗൾഫ് രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമാണുള്ളത്. ഈ നല്ല ബന്ധം തുടരാൻതന്നെയാണ് ജി.സി.സി ആഗ്രഹിക്കുന്നത്. ഇറാനുമായി ആശയവിനിമയം തുടരും.
സിറിയൻ പ്രശ്നത്തിൽ മാനുഷികമായ എല്ലാ സഹായങ്ങളും അവിടത്തെ ജനതക്ക് ചെയ്തുകൊടുക്കാൻ ജി.സി.സി പ്രതിജ്ഞാബദ്ധമാണ്. ഇതിനായി യു.എൻ സെക്രട്ടറി ജനറലിൻെറ അഭ്യ൪ഥനപ്രകാരം കുവൈത്ത് അമീ൪ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബി൪ അസ്സബാഹ് അടുത്ത മാസാവസാനം കുവൈത്തിൽ വിളിച്ച ഉന്നതതല യോഗത്തിന് എല്ലാ പിന്തുണയും നൽകും. ഗൾഫ് രാജ്യങ്ങൾക്കെതിരായ ചില മാധ്യമങ്ങളുടെ കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഉന്നയിക്കുന്നതിനുമുമ്പ് നിജസ്ഥിതി ഔദ്യാഗികമായി മനസ്സിലാക്കാൻ മാധ്യമങ്ങൾ തയാറാകണം.  
ജി.സി.സി രാജ്യങ്ങൾ തമ്മിലെ സാമ്പത്തിക മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും തീരുമാനമായി. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പൊതുവിപണി രൂപപ്പെടുത്തുകയും കസ്റ്റംസ് യൂനിയൻ പ്രയോഗവത്കരിക്കുകയും ചെയ്യും. മനുഷ്യ വിഭവശേഷി പരസ്പരം കൈമാറുന്നത് പ്രോത്സാഹിപ്പിക്കും. ഇതിലൂടെ വ൪ധിക്കുന്ന തൊഴിലില്ലായ്മക്ക് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ. യുവജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ ക്ഷേമ പദ്ധതികൾക്ക് പ്രത്യേക പരിഗണന നൽകും. ഓരോ രാജ്യത്തെയും ദേശീയ പരിശീലന കേന്ദ്രങ്ങളും സ്ഥാപനങ്ങളും യൂനിവേഴ്സിറ്റികളും എല്ലാ ഗൾഫ് രാജ്യങ്ങളിലുള്ള പൗരന്മാ൪ക്കും പ്രവേശം നൽകും വിധം സുതാര്യമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.