വെല്ലുവിളികളും ഭീഷണികളും നേരിടാന്‍ ജി.സി.സി കൂട്ടായ്മക്ക് സാധ്യമാകും: പ്രധാനമന്ത്രി

മനാമ: ഗൾഫ് മേഖല നേരിടുന്ന വെല്ലുവിളികളും ഭീഷണികളും നേരിടാൻ ജി.സി.സി കൂട്ടായ്മയുടെ കരുത്തിലൂടെ സാധ്യമാകുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ വ്യക്തമാക്കി. ഇന്ന് ആരംഭിക്കുന്ന 33 ാമത് ജി.സി.സി ഉച്ചകോടിയോടനുബന്ധിച്ച് ദുബൈ കേന്ദ്രമായി പ്രസിദ്ധീകരിക്കുന്ന ‘അൽബയാൻ’ പത്രത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സി.സി കൂട്ടായ്മ ശരിയായ ദിശയിലൂടെയാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തിക, സുരക്ഷാ മേഖലകളിൽ വൻ നേട്ടം കൈവരിക്കാൻ സാധിച്ചു. സുരക്ഷാ രംഗത്ത് കൂടുതൽ മുന്നോട്ട് പോകാൻ ജി.സി.സി കൂട്ടായ്മക്ക് കഴിയണമെന്നും അദ്ദേഹം നി൪ദേശിച്ചു.
പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും വിവിധ വെല്ലുവിളികളാണ് ഗൾഫ് മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ജനതയുടെ താൽപര്യവും ആഗ്രഹങ്ങളും പരിഗണിച്ച് മുന്നോട്ട് പോകാനാണ് ശ്രമം. ഗൾഫ് യൂനിയൻ എന്ന നി൪ദേശം എത്രയും പെട്ടെന്ന് യാഥാ൪ഥ്യമാക്കുന്നതിനുള്ള ശ്രമം ശക്തമാക്കണം.
മേഖലയുടെ ഏറ്റവും മെച്ചപ്പെട്ട ഭാവിക്ക് അത് അനിവാര്യമാണ്. നമ്മുടെ താൽപര്യങ്ങൾ നമുക്ക് തന്നെ സംരക്ഷിക്കാൻ കഴിയുന്ന അവസ്ഥ സംജാതമാകണം. കഴിഞ്ഞ ഉച്ചകോടിയിൽ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് മുന്നോട്ട് വെച്ച ഗൾഫ് യൂനിയൻ എന്ന ആശയം ഈ ഉച്ചകോടിയിൽ യാഥാ൪ഥ്യമാകുമെന്നാണ് കരുതുന്നത്. ഗൾഫ് യൂനിയൻ പിറവിക്ക് ബഹ്റൈൻ സാക്ഷ്യം വഹിക്കുന്നതിൽ അതീവ സന്തുഷ്ടിയുണ്ട്.  
ഒറ്റക്കെട്ടായി നിലകൊള്ളുകയെന്നത് സംഭവ്യ ലോകത്ത് നടക്കേണ്ട അനിവാര്യതയാണ്. രാഷ്ട്രീയ, സുരക്ഷാ ഭീഷണികളെ തടുത്തു നി൪ത്തുന്നതിൽ ഈയൊരു മുന്നേറ്റം വലിയ പങ്ക് വഹിക്കും. ഗൾഫ് യൂനിയൻ പ്രഖ്യാപനം വൈകുകയാണെങ്കിൽ സൗദിയൂം ബഹ്റൈനും കോൺഫഡറേഷനായി പ്രവ൪ത്തിക്കുന്നതിന് നീക്കം നടത്തും. ഗൾഫ് യൂനിയന് എല്ലാ അംഗരാജ്യങ്ങളും പൂ൪ണ സമ്മതമാണ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളത്. യു.എ.ഇയുമായി ശക്തമായ ബന്ധമാണ് ബഹ്റൈനുള്ളത്.
ഈ ബന്ധം ശക്തമാക്കുന്നതിനാണ് ഇരു രാജ്യങ്ങളിലെയും ഭരണാധികാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികൾ ഒറ്റക്കെട്ടായി നിന്ന് ഗൾഫ് യൂണിയൻ യാഥാ൪ഥ്യമാക്കുന്നതിന് ശ്രമിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.