അറബികളില്‍ കൂടുതല്‍ മന:ശാന്തി അനുഭവിക്കുന്നത് കുവൈത്തികളെന്ന് പഠനം

കുവൈത്ത് സിറ്റി: വിവിധ അറബ് രാജ്യക്കാരിൽ സൗഭാഗ്യവും മനസ്സമാധാനവും ഏറെ അനുഭവിക്കുന്നത് കുവൈത്തുകാരെന്ന് പഠന റിപ്പോ൪ട്ട്. ഈ വിഷയത്തിൽ ലോകതലത്തിൽ കുവൈത്തിന്  15 ാം സ്ഥാനമാണുള്ളത്. അമേരിക്കൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഒരു ഗ്ളോബൽ സ്ഥാപനം വിവിധി രാജ്യക്കാരായ ഒന്നര ലക്ഷത്തോളം പേരുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലൂടെയാണ് ഇക്കാര്യം തെളിയിക്കപ്പെട്ടത്. ഇക്കാര്യത്തിൽ കുവൈത്തിൻെറ അതേ സ്ഥാനത്തുതന്നെയാണ് ഒമാനികളുമുള്ളത്. യു.എ.ഇ നിവാസികളാണ് ഇക്കാര്യത്തിൽ രണ്ടാമത്. തുട൪ന്ന് സൗദി വംശജരും പിന്നീട് മൊറോക്കക്കാരും തുട൪ന്ന് ജോ൪ദാനികളുമാണ് സന്തോഷവും സൗഭാഗ്യവും അനുഭവിക്കുന്ന അറബ് നിവാസികളെന്നാണ് കണ്ടെത്തിയത്. സംഘ൪ഷ കലുഷമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇറാഖികളാണ് ഇതുമായി ബന്ധപ്പെട്ട് തയാറാക്കിയ പട്ടികയിൽ ഏറ്റവും പിന്നിലുള്ളത്. വിവിധ രാജ്യക്കാരോട് ചോദിച്ച അഞ്ചു ചോദ്യങ്ങൾക്ക് അവ൪ നൽകിയ ഉത്തരത്തിൻെറ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക അധികൃത൪ തയാറാക്കിയത്.
നിങ്ങൾ സൗഭാഗ്യം അനുഭവിക്കുന്നുവോ, ആദരവും അംഗീകാരവും ലഭിക്കുന്നുണ്ടോ, നിങ്ങൾ ധാരാളം ചിരിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടോ, ഉപകാരമുള്ള വല്ലതും പഠിക്കുകയും പ്രവ൪ത്തിക്കുകയും ചെയ്തുവോ, ഉല്ലാസവും മന:ശാന്തിയും അനുഭവിക്കുന്നുണ്ടോ എന്നീ ചോദ്യങ്ങളാണ് ഉന്നയിക്കപ്പെട്ടത്.  ഈ ചോദ്യങ്ങൾക്ക് 79 ശതമാനം കുവൈത്തികളും നൽകിയ ഉത്തരം ‘അതെ’ എന്നായിരുന്നു. 21 ശതമാനം പേ൪ മാത്രമാണ് ഭാഗികമായോ   പൂ൪ണ്ണമായോ ‘ഇല്ല’ എന്ന് ഉത്തരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.