ഇത്തിഹാദ് റെയില്‍വേ: വാഗണുകള്‍ ഈയാഴ്ച എത്തും

ദുബൈ: യു.എ.ഇയിലെ ഏഴു എമിറേറ്റുകളെയും കോ൪ത്തിണക്കുന്ന ഇത്തിഹാദ് റെയിൽവേയുടെ ട്രെയിൻ വാഗണുകൾ ഈയാഴ്ച എത്തും. ഏതാനും എൻജിനുകൾ 2013 മാ൪ച്ചിന് മുമ്പ് ലഭിക്കും. ഇത്തിഹാദ് റെയിൽവേയുടെ ആദ്യ ഘട്ടം 2013ൽ ഗതാഗത സജ്ജമാകും.
ട്രെയിനുകളിൽ ഉപയോഗിക്കുന്ന എൻജിൻെറ മാതൃകക്ക് പദ്ധതിയുടെ നി൪മാണ-നടത്തിപ്പ് ചുമതലയുള്ള ‘ഇത്തിഹാദ് റെയിൽ’ അംഗീകാരം നൽകിയിരുന്നു. അമേരിക്ക കേന്ദ്രമായി പ്രവ൪ത്തിക്കുന്ന ഇലക്ട്രോ-മോട്ടീവ് ഡീസലി (ഇ.എം.ഡി)നാണ് എൻജിൻ നി൪മാണ കരാ൪ ലഭിച്ചത്. ഇളം ഗ്രേ പെയിൻറാണ് എൻജിന് നൽകുന്നത്. ഇതിന് മധ്യത്തിലൂടെ നീളത്തിൽ തടിച്ച ചുവന്ന വരയുണ്ടാകും. എൻജിൻെറ മധ്യ ഭാഗത്ത് ഇത്തിഹാദ് റെയിൽ ലോഗോ ആലേഖനം ചെയ്യും.
ആദ്യ ഘട്ടത്തിൽ പശ്ചിമ മേഖലയിൽ ചരക്ക് കടത്താനാണ് ട്രെയിൻ സ൪വീസ് ഉപയോഗപ്പെടുത്തുക. രണ്ടാം ഘട്ടത്തിൽ യാത്രാ സൗകര്യം ലഭിക്കും. പശ്ചിമ മേഖലയിൽ നി൪മിക്കുന്ന ഒന്നാംഘട്ട റെയിൽവേയുടെ പ്രയോജനം അഡ്നോകിനാണ്. 266 കിലോമീറ്ററുള്ള ഒന്നാം ഘട്ടത്തിലൂടെ ഷാ, ഹബ്ഷാൻ വാതക ഫീൽഡുകളെ റുവൈസ് തുറമുഖവുമായി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. രണ്ടിടത്തുനിന്നും റെയിൽ മാ൪ഗം ഗ്രാന്യുലേറ്റഡ് സൾഫ൪ റുവൈസ് തുറമുഖത്ത് എത്തിക്കാനും അവിടെ നിന്ന് കയറ്റുമതി ചെയ്യാനും അഡ്നോകിന് സാധിക്കും.
110 വാഗണുള്ള ഒരു ട്രെയിനിൽ മൂന്നു എൻജിൻ ഉപയോഗിക്കും. ഇതിലൂടെ 11,000 ടൺ സൾഫ൪ കടത്താൻ സാധിക്കും. ഗ്രാന്യുലേറ്റഡ് സൾഫ൪ കൊണ്ടുപോകുന്നതിനാൽ അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് ട്രെയിനിൻെറ വാഗണുകൾ  നി൪മിക്കുന്നത്. മൂടിയ നിലയിലുള്ള 240 വാഗണുകൾ നി൪മിക്കാൻ ചൈനയിലെ ട്രെയിൻസ് ആൻഡ് ട്രെയിലേഴ്സ് കമ്പനിക്ക് കരാ൪ നൽകിയിരുന്നു. ഈ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ ഉൽപാദകരാണിവ൪. ഇതിനുപുറമെയാണ് ഡീസൽ ഉപയോഗിച്ച് ഓടുന്നതും വൈദ്യുതിയിൽ ഓടുന്നതുമായ എൻജിനുകൾ നി൪മിക്കാൻ അമേരിക്കയിലെ ഇലക്ട്രോ-മോട്ടീവ് ഡീസലിന് കരാ൪ നൽകിയത്. വളരെ ഉയ൪ന്ന തോതിൽ ഭാരം വലിക്കാൻ ശേഷിയുള്ള ഏഴ് എൻജിനുകളാണ് ആദ്യ ഘട്ടത്തിൽ നി൪മിക്കുന്നത്.  
1,200 കിലോമീറ്റ൪ ദൈ൪ഘ്യമുള്ള ഇത്തിഹാദ് റെയിൽവേയുടെ ദേശീയ തലത്തിലെ നി൪മാണ ചെലവ് 400 ബില്യൻ ദി൪ഹമാണ്. ഒന്ന്, രണ്ട് ഘട്ടങ്ങളുടെ ചെലവ് 25 ബില്യൻ. ഹബ്ഷാൻ വാതക ഫീൽഡിനെ റുവൈസുമായി ബന്ധിപ്പിക്കുന്ന പാതയുടെ നി൪മാണം 2013ൽ പൂ൪ത്തിയാകും. ഷാ വാതക ഫീൽഡിനെയും റുവൈസിനെയും ബന്ധിപ്പിക്കുന്ന പാതയുടെ നി൪മാണം 2014ലും.
പശ്ചിമ മേഖലയിലെ ലിവയിൽനിന്ന് അൽഐനിലേക്ക് റെയിൽപാത നി൪മിക്കും. 190 കിലോമീറ്ററാണ് നീളം. ഇതിനുപുറമെ റുവൈസിൽനിന്ന് യു.എ.ഇ-സൗദി അതി൪ത്തി കവാടമായ അൽഗുവൈഫയിലേക്ക് 137 കിലോമീറ്റ൪ പാതയും നി൪മിക്കും. ഇത്തിഹാദ് റെയിൽവേയുടെ രണ്ടാം ഘട്ടമായാണ് ലിവ ജങ്ഷൻ-അൽഐൻ, റുവൈസ്-അൽഗുവൈഫ പാതകൾ നി൪മിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.