കുവൈത്ത് സിറ്റി: കുവൈത്തിനോട് അടുത്ത് നിലകൊള്ളുന്ന ഇറാൻറ ഉടമസ്ഥതയിലുള്ള ബൂഷഹ൪ ആണവ നിലയം അപകടാവസ്ഥയിലെന്ന റിപ്പോ൪ട്ട് മേഖലയെ വീണ്ടും ഭീതിയിലാഴ്ത്തുന്നു. ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോ൪ട്ട് ചെയ്തത്.
മുൻകാലങ്ങളിലും റിയാക്ടറിലുണ്ടായ സാങ്കേതിക തകരാറുകൾ കുവൈത്തിനും ജി.സി.സിയിലെ മറ്റ് രാജ്യങ്ങൾക്കും ഭീഷണി ഉയ൪ത്തിയിരുന്നു. കുവൈത്തിൽനിന്ന് 270 കി.മീ. മാത്രം അകലെ സ്ഥിതി ചെയ്യുന്ന ആണവ നിലയത്തിൽനിന്ന് അണുവികിരണമുണ്ടാവുകയാണെങ്കിൽ 1991ലെ ഇറാഖ് അധിനിവേശകാലത്തെക്കാളും ഭീകരമായ നാശനഷ്ടങ്ങളാണ് കുവൈത്തിന് അഭിമുഖീകരിക്കേണ്ടിവരികയെന്ന് കുവൈത്ത് സെൻറ൪ ഫോ൪ സ്ട്രാറ്റജിക് സ്റ്റഡീസ് (കെ.സി.എസ്.എസ്) ചെയ൪മാൻ ഡോ. സാമി അൽ ഫറജ് സമാനമായ സാഹചര്യത്തിൽ മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതിനുപുറമെ ഭൂമിശാസ്ത്രപരമായി ഭൂകമ്പസാധ്യതയുള്ള മേഖലയിലാണ് ബുഷഹ൪ ആണവ നിലയം സ്ഥിതിചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര ആണവോ൪ജ ഏജൻസി ഉൾപ്പെടെ ലോക തലത്തിലുണ്ടായ സമ്മ൪ദങ്ങളെ തുട൪ന്ന് തകരാറ് പരിഹരിച്ചാണ് വീണ്ടും കാര്യങ്ങൾ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്.
ഇറാൻറ ബുഷഹ൪ ആണവ പ്ളാൻറിന് നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന തരത്തിൽ വാ൪ത്തകൾ പുറത്തുവന്നത് അടുത്തിടെയാണ്. സംഭവത്തിൻെറ ഗൗരവം ഉൾക്കൊണ്ട് അടുത്ത ആഴ്ച ബഹ്റൈനിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഉച്ചകോടിയിലെ മുഖ്യ വിഷയം ബുഷഹ൪ ആണവ റിയാക്ട൪ മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന അപകട ഭീഷണി തന്നെയായിരിക്കുമെന്നാണ് ബന്ധപ്പെട്ടവ൪ നൽകുന്ന സൂചന. റിയാക്ടറിൽ തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനും മേഖലയിലെ രാജ്യങ്ങൾക്ക് ഭീഷണിയാവാത്ത തരത്തിൽ അത് കൈകാര്യം ചെയ്യുന്നതിനും ഇറാനുമേൽ അംഗരാജ്യങ്ങളുടെ സമ്മ൪ദം ഉണ്ടാവാനാണ് സാധ്യത.
ബുഷഹ൪ ആണവ റിയാക്ടറിലുണ്ടാവുന്ന നേരിയ ആണവ ചോ൪ച്ച പോലും കുവൈത്തുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്കും മേഖലയിലെ പരിസ്ഥിതിക്കും ജീവജാലങ്ങൾക്കും ഏറെ നാശം വരുത്തുമെന്നാണ് ഈ രംഗത്തുള്ളവ൪ മുന്നറിയിപ്പ് നൽകുന്നത്. ഭൂമി ശാസ്ത്രപരമായി പദ്ധതിയോട് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന കുവൈത്തിനെയായിരിക്കും ഇത് ഏറെ ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.