ഫുജൈറയില്‍ ബാച്ച്ലര്‍മാര്‍ക്ക് ലേബര്‍ വില്ലേജ്; 35,000 പേര്‍ക്ക് സൗകര്യം

ദുബൈ: ഫുജൈറയിൽ കുടുംബങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽനിന്ന് ബാച്ച്ല൪മാരെ ഒഴിവാക്കാൻ നടപടി തുടങ്ങി. ഇതിൻെറ ഭാഗമായി ബാച്ച്ല൪മാ൪ക്ക് ലേബ൪ വില്ലേജ് നി൪മിക്കും. ഇവിടെ 35,000 പേ൪ക്ക് താമസ സൗകര്യമുണ്ടാകും.
വിദേശികളായ ബാച്ച്ല൪ തൊഴിലാളികൾക്കെതിരെ സ്വദേശി കുടുംബങ്ങളിൽനിന്ന് പരാതികൾ വ൪ധിക്കുന്ന സാഹചര്യത്തിലാണ് ഇവ൪ക്ക് പ്രത്യേക താമസ കേന്ദ്രം ഒരുക്കാൻ മുനിസിപ്പാലിറ്റിയിലെ പ്രോജക്ട്സ് ഡിപ്പാ൪ട്ട്മെൻറ് നടപടി തുടങ്ങിയത്. സ്വദേശികളുടെ വീടുകൾക്ക് വളരെ അടുത്ത് താമസിക്കുന്ന വിദേശി ബാച്ച്ല൪മാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന 10 പരാതികൾ അടുത്ത കാലത്ത് ലഭിച്ചു. അൽഖൈൽ വ്യവസായ മേഖല ആൻഡ് ന്യൂ ഫ്രീസോണിന് സമീപമാണ് ലേബ൪ വില്ലേജ് നി൪മിക്കുന്നത്. ഇതിനുള്ള മാസ്റ്റ൪ പ്ളാൻ തയാറായി. അൽഖൈൽ വ്യവസായ മേഖലയുടെ വിസ്തീ൪ണം 32 ഹെക്ടറാണ്. ലേബ൪ വില്ലേജിൻെറ 75 ശതമാനം സ്ഥലത്ത് താമസത്തിനുള്ള കെട്ടിടങ്ങളായിരിക്കും. ഇവിടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും. ക്ളിനിക്ക്, റസ്റ്റോറൻറുകൾ, ഹൈപ൪മാ൪ക്കറ്റ്, പള്ളി എന്നിവക്ക് പുറമെ വിനോദ കേന്ദ്രങ്ങളുമുണ്ട്. വില്ലേജിനകത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കുകയും പ്രത്യേക ഹരിത മേഖലകൾ നി൪മിക്കുകയും ചെയ്യും.  
ലേബ൪ വില്ലേജിൻെറ നി൪മാണം പൂ൪ത്തിയായാൽ എല്ലാ കമ്പനികളിലെയും ഫാക്ടറികളിലെയും വ൪ക് ഷോപ്പുകളിലെയും ബാച്ച്ല൪ തൊഴിലാളികളുടെ താമസം അവിടേക്ക് മാറ്റാൻ നി൪ദേശിക്കും. അതേസമയം, ബാച്ച്ല൪ തൊഴിലാളികൾ പിന്നീട് തങ്ങളുടെ കുടുംബങ്ങളെ കൊണ്ടുവന്നാൽ അവ൪ക്ക് വില്ലേജിൽ പ്രത്യേക അപ്പാ൪ട്ട്മെൻറ് നൽകും. മുനിസിപ്പാലിറ്റി പൊതുജനാരോഗ്യ വിഭാഗത്തിനായിരിക്കും വില്ലേജിൻെറ ചുമതല. ആരോഗ്യ, പരിസ്ഥിതി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നത് തടയാൻ 24 മണിക്കൂ൪ നിരീക്ഷണമുണ്ടാകും. ലേബ൪ വില്ലേജിൽ മാത്രമല്ല, വ്യവസായ മേഖല മുഴുവൻ കനത്ത നിരീക്ഷണത്തിലായിരിക്കുമെന്ന് ബന്ധപ്പെട്ടവ൪ വ്യക്തമാക്കി.
കുടുംബങ്ങൾ താമസിക്കുന്ന റസിഡൻഷ്യൽ മേഖലയിൽ തൊഴിലാളികൾക്ക് താമസ സൗകര്യം നൽകുന്ന സ്ഥാപനങ്ങൾക്ക് വാടക കരാ൪ പുതുക്കി നൽകില്ലെന്ന് ഈയിടെ മുനിസിപ്പാലിറ്റി തീരുമാനിച്ചിരുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വാടക കരാ൪ രജിസ്ട്രേഷനും നി൪ത്തിവെക്കും. ലേബ൪ വില്ലേജിലേക്ക് തൊഴിലാളികളുടെ താമസം മാറ്റുന്നത് വരെ ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഈ നടപടി നേരിടേണ്ടിവരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.