അടിമാലി: ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ തയാറാക്കുന്ന യൂനിക് ഐഡൻറിറ്റി കാ൪ഡുകളിൽ അച്ചടിപ്പിശകും വികൃത മലയാളവും വരുന്നത് കാ൪ഡ് ഉടമകൾക്ക് ദുരിതമാകുന്നു. യൂനിക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ എന്ന കേന്ദ്ര ഏജൻസിയാണ് ആധാ൪ യൂനിക് കാ൪ഡുകൾ നടപ്പാക്കിവരുന്നത്.
ജില്ലയിൽ കാ൪ഡുകളുടെ നി൪മാണത്തിനുള്ള നോഡൽ ഏജൻസി അക്ഷയയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ശേഖരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
അക്ഷയ കേന്ദ്രങ്ങളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ലിനക്സ് ഓപറേറ്റിങ് സിസ്റ്റമാണ് ആധാറിനായി ഉപയോഗിക്കുന്നത്.
എന്നാൽ, മറ്റുസംസ്ഥാനങ്ങളിൽ വിൻഡോസ് പ്ളാറ്റ്ഫോമിലാണ് ആധാ൪ രജിസ്ട്രേഷൻ നടത്തുന്നത്. ലിനക്സ് ഒ.എസ് ഉപയോഗിക്കുന്നതുമൂലം യൂനികോഡ് മലയാളം അക്ഷരങ്ങൾ ശരിയായ രീതിയിൽ പ്രവ൪ത്തിപ്പിക്കാനാകാതെ വരികയാണ്.
യഥാസമയം വിൻഡോസുകളിൽ അപ്ഡേഷൻ പ്രക്രിയകൾ നടക്കുമ്പോൾ ലിനക്സിൽ ഇവ നടക്കാറില്ലാത്തതാണ് വികൃത മലയാളത്തിന് പിന്നിലെന്ന് സാങ്കേതിക വിദഗ്ധ൪ പറയുന്നു. കൂടാതെ അക്ഷയ കേന്ദ്രങ്ങളിൽ നൽകിയിട്ടുള്ള സോഫ്റ്റ്വെയറുകളിൽ ചില്ലക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ കഴിയാതെ വരുന്നതും പ്രശ്നമാകുന്നുണ്ട്. കൂട്ടക്ഷരങ്ങളായ ട്ട, ണ്ട തുടങ്ങിയവയും ഈ സോഫ്റ്റ്വെയറുകളിൽ ലഭ്യമല്ല.
സംസ്ഥാനത്തിൻെറ പേരായ കേരളം എന്നതിനുപകരം ‘കേരല’യെന്നാണ് ജില്ലയിൽ ലഭ്യമാകുന്ന ആധാ൪ കാ൪ഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
വിവിധ സ൪ക്കാ൪ ആവശ്യങ്ങൾക്ക് ഫോട്ടോ പതിച്ചുള്ള ആധാ൪ കാ൪ഡുകൾ ഉപയോഗിക്കാമെന്ന ഉത്തരവിറങ്ങിയിരിക്കെ ഔദ്യാഗിക രേഖയാകേണ്ട കാ൪ഡിൽ വ്യാപക അക്ഷരത്തെറ്റുകളും വികൃത മലയാളവും കടന്നുകൂടിയത് അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പാസ്പോ൪ട്ട് അടക്കമുള്ള രേഖകൾ ലഭിക്കുന്നതിന് തെറ്റുള്ള ആധാ൪ കാ൪ഡ് തെളിവായി നൽകിയാൽ ഇവയിലും തെറ്റുകൾ കടന്നുകൂടും.
കൂടാതെ ഈ പാസ്പോ൪ട്ട് ഉപയോഗിച്ച് വിദേശത്തേക്ക് പോകുന്നതിന് സാധിക്കുകയില്ല. തെറ്റായ വിവരം നൽകി പാസ്പോ൪ട്ട് സമ്പാദിച്ചതിന് പിഴയും തടവുശിക്ഷയും അനുഭവിക്കേണ്ടിയും വരും. ഇതോടെ തെറ്റായ ആധാ൪ കാ൪ഡുകൾ ലഭിച്ചവ൪ ദുരിതത്തിലായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.