കമ്പനി തുടങ്ങാനെത്തിയ മലയാളി യുവാക്കള്‍ യന്ത്രസാമഗ്രികള്‍ വിറ്റ് നാട്ടിലേക്ക് കടന്നു

മസ്കത്ത്: ഒമാനിൽ അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനി തുടങ്ങാൻ തൊഴിൽവിസയിൽ കൊണ്ടുവന്ന മൂന്ന് മലയാളി യുവാക്കൾ ദിവസങ്ങൾക്കകം സ്ഥാപനത്തിലെ യന്ത്രസാമഗ്രികൾ മറിച്ചു വിറ്റ് പണവുമായി നാട്ടിലേക്ക് കടന്നതായി പരാതി.
കോട്ടയം ഏറ്റുമാനൂ൪ അതിരമ്പുഴ നടുവേലിപീടിക കമാൽജിയുടെ മകൻ നിയാസ് (39), നെലുപ്പിൽ ഹൗസിൽ ഇബ്രാഹിംകുട്ടിയുടെ മകൻ നെജിമോൻ (33), മാതനത്ത് പ്രകാശൻെറ മകൻ പ്രജിത് (30) എന്നിവ൪ക്കെതിരെയാണ് പരാതി. ഇവ൪ക്ക് വിസ നൽകിയ കോട്ടയം ചിങ്ങവനം സ്വദേശി സോമരാജനും സ്ഥാപനത്തിൻെറ സ്പോൺസറുമാണ് ബ൪ക പൊലീസ് സ്റ്റേഷൻ, മസ്കത്ത് ഇന്ത്യൻ എംബസി എന്നിവിടങ്ങളിൽ പരാതി നൽകിയത്.
അൽഹൈലിൽ ക൪ട്ടൻ സ്ഥാപനം നടത്തുന്ന സോമരാജൻ നവംബറിലാണ് മൂന്നുപേരെയും ഒമാനിലേക്ക് കൊണ്ടുവരുന്നത്. നവംബ൪ അഞ്ച്, 11, 17 തിയതികളിലായി മസ്കത്തിൽ വിമാനമിറങ്ങിയ ഇവരെ കഴിഞ്ഞമാസം 24ന് ബ൪ക്കയിൽ ആരംഭിക്കുന്ന അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെത്തിച്ചു. വിസ സ്റ്റാമ്പിങ് പൂ൪ത്തിയാക്കി ലേബ൪കാ൪ഡും, പാസ്പോ൪ട്ടും, സ്ഥാപനത്തിൻെറ ലൈസൻസും ഇവ൪ക്ക് കൈമാറിയിരുന്നു. എന്നാൽ, കഴിഞ്ഞമാസം 29ന് ഫാബ്രിക്കേഷൻ ജോലിക്കായി വാങ്ങിയിരുന്ന മുഴുവൻ യന്ത്രസാമഗ്രികളും മറ്റാ൪ക്കോ മറിച്ചു വിറ്റ് ഇവ൪ നാട്ടിലേക്ക് കടന്നുവത്രെ.
കടയിൽ വാങ്ങിയിട്ടിരുന്ന കട്ടിങ് മെഷീൻ, ഡ്രില്ലിങ് മെഷീൻ, മില്ലിങ് മെഷീൻ, ടേബിളുകൾ, മറ്റ് പണിയായുധങ്ങൾ എന്നിവ മറിച്ചുവിറ്റ് സ്ഥാപനത്തിൻെറ ലൈസൻസ് ഉൾപ്പെടെയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇവ൪ മുങ്ങിയതെന്ന് സോമരാജൻ ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു.
നാട്ടിലെ പരിചയക്കാരായ ഇവരെ ഒമാനിലെത്തിച്ച് സ്പോൺസറെ കണ്ടെത്തി പുതിയ കമ്പനി ആരംഭിക്കുന്നതിന് തനിക്ക് 5000 ഒമാനി റിയാൽ (ഏകദേശം ഏഴ് ലക്ഷം ഇന്ത്യൻ രൂപ) ചെലവുണ്ടായിട്ടുണ്ടെന്നും സാമഗ്രികൾ വിറ്റ് യുവാക്കൾ കടന്നതോടെ താൻ വലിയ സാമ്പത്തികപ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണെന്നും ഇദ്ദേഹം പറഞ്ഞു. നാട്ടിലെത്തിയ യുവാക്കൾ താൻ കബളിപ്പിച്ചെന്നും പണം തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ചിങ്ങവനത്തെ വീട്ടിലെത്തി തൻെറ ഭാര്യയെ ഭീഷണിപ്പെടുത്തുകയാണെന്ന് ഇദ്ദേഹം പറയുന്നു. ഒമാനിലെത്തിയശേഷം  കൂടുതൽ ദിവസവും തന്നോടൊപ്പം അൽഹൈലിലെ മുറിയിൽ കഴിഞ്ഞ മൂന്നുപേരും അഞ്ചുദിവസം മാത്രമാണ് പുതിയ സ്ഥാപനത്തിലുണ്ടായിരുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.
സോമരാജൻെറ പരാതി തുട൪ നടപടിക്കായി എംബസി കോട്ടയം ജില്ലാ മജിസ്ട്രേറ്റിനും, നോ൪ക്ക വകുപ്പിനും കൈമാറിയിട്ടുണ്ട്. ബ൪ക പൊലീസ് സ്റ്റേഷനിൽ നിന്ന് ഇൻറ൪പോളിനും കേസ് കൈമാറാൻ നടപടി ആരംഭിച്ചതായി സ്പോൺസ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.