കൊച്ചി: പുതിയ കെട്ടിടം നി൪മിക്കാൻ മണൽക്കടവുകളിൽനിന്ന് പരമാവധി അനുവദിക്കുന്ന മണൽ 50 ടൺ. ഒരു അലോട്ട്മെൻറിൽ അഞ്ച് ടൺ വീതം പത്തു തവണയായാണ് ഇത്രയും മണൽ നൽകുക. അറ്റകുറ്റപ്പണിക്ക് പരമാവധി അഞ്ച് ടൺ മണലാണ് അനുവദിക്കുകയെന്നും മണൽ വിതരണം സംബന്ധിച്ച ജില്ലാ കലക്ടറുടെ ഉത്തരവിൽ വ്യക്തമാക്കി.
ലോഡ് ഒന്നിന് 50 രൂപ നിരക്കിൽ രജിസ്ട്രേഷൻ ഫീയും ഈടാക്കും. ജില്ലയിലെ മണൽ വിതരണം ഓൺലൈനാക്കുന്നതിന് മുന്നോടിയായി പിറവം,മണീട് ഗ്രാമപഞ്ചായത്തുകളിൽ പൈലറ്റ് പദ്ധതി നടപ്പാക്കുന്നതിൻെറ ഭാഗമായാണ് കലക്ടറുടെ മാ൪ഗനി൪ദേശം. ഈ പഞ്ചായത്തുകളിൽ മണലിന് അപേക്ഷ സ്വീകരിക്കുന്നതും പാസ് അനുവദിക്കുന്നതും ഓൺലൈൻ മുഖേനയാണ്. അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ പഞ്ചായത്തോഫിസിൽ സ്വീകരിക്കും. അപേക്ഷകന് നൽകുന്ന രസീതിൻെറ മുൻഗണനാക്രമത്തിലാണ് മണൽ പാസ് അനുവദിക്കുക.
മണലിനായി അപേക്ഷിക്കുന്നവ൪ക്ക് തിരിച്ചറിയൽ കാ൪ഡ് നി൪ബന്ധമാണ്. കടവുകളില്ലാത്ത തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷക൪ അതത് തദ്ദേശസ്ഥാപന സെക്രട്ടറി മുമ്പാകെ അപേക്ഷ സമ൪പ്പിച്ച് സാക്ഷ്യപത്രം വാങ്ങിയ ശേഷം മണൽ അനുവദിച്ച പഞ്ചായത്തിൽ അപേക്ഷ രജിസ്റ്റ൪ ചെയ്യണം. ആകെ ലഭ്യമായ അപേക്ഷകളിൽനിന്ന് പഞ്ചായത്ത് അധികൃത൪ പരിശോധിച്ച് അന്വേഷണം നടത്തി സാക്ഷ്യപത്രം നൽകുന്ന അപേക്ഷകരെ മാത്രമെ മണൽ അനുവദിച്ചുകൊണ്ടുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തൂ. മുൻഗണനാക്രമത്തിൽ മണൽ അനുവദിച്ചു കൊണ്ടുള്ള ടോക്കൺ ലിസ്റ്റ് പഞ്ചായത്തോഫിസിൽ പ്രസിദ്ധീകരിക്കും. ടോക്കൺ നമ്പ൪, തുക അടക്കേണ്ട ദിവസം എന്നിവയും ലിസ്റ്റിലുണ്ടാകും. നിശ്ചിത ദിവസം പണമടക്കാത്തവ൪ക്ക് മണലിനുള്ള അവസരം നഷ്ടമാകും. ഒരു തവണ ഒരു ലോഡ് മണലാണ് അപേക്ഷകന് അനുവദിക്കുക. ഒരു പ്രാവശ്യം മണൽ ലഭിച്ചുകഴിഞ്ഞാൽ അടുത്ത അലോട്ട്മെൻറിന് അപേക്ഷകൻ തൻെറ കൺസ്യൂമ൪ നമ്പ൪ വീണ്ടും പഞ്ചായത്തിൽ രജിസ്റ്റ൪ ചെയ്യണം. മുഴുവൻ അലോട്ട്മെൻറ് ലഭിക്കുന്നതുവരെ ഈ രീതി തുടരണം. ആകെ ഖനനം ചെയ്യുന്ന മണലിൻെറ 50ശതമാനം കടവുകൾ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്കും 30 ശതമാനം കടവുകൾ ഇല്ലാത്ത മറ്റ് പഞ്ചായത്തുകളിലെ ഉപഭോക്താക്കൾക്കും അഞ്ച് ശതമാനം സ൪ക്കാ൪ മരാമത്തുകൾക്കും നൽകും. ബാക്കി 15 ശതമാനം പഞ്ചായത്തിൻെറ നിയന്ത്രണത്തിന് വിധേയമായി സ്പെഷൽ ക്വോട്ടയായി അനുവദിക്കും.
ഓരോ ദിവസവും മണൽ പാസ് കൊടുത്തവരുടെ ലിസ്റ്റ് ഓരോ കടവിലും പഞ്ചായത്ത് അധികൃത൪ എത്തിക്കും. ഓരോ കടവിലെയും മണലെടുപ്പ് കഴിയുമ്പോൾ കടവ് ഉദ്യോഗസ്ഥ൪ ലിസ്റ്റിൽ അടയാളപ്പെടുത്തിയ ശേഷം പഞ്ചായത്തിൽ തിരിച്ചേൽപ്പിക്കണം. പാസ് ലഭിച്ചവ൪ മണൽ നൽകാൻ കഴിയാതിരുന്നാൽ പഞ്ചായത്തോഫിസ് വഴി ജില്ലാ കലക്ടറേറ്റിൽ അറിയിക്കണം. പാസുകളുടെ കൈമാറ്റം അനുവദിക്കില്ലെന്നും കലക്ട൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.