മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബഹ്റൈന്‍ മാതൃക: പ്രധാനമന്ത്രി

മനാമ: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിലും തദ്സംബന്ധമായ സംസ്കാരം പ്രചരിപ്പിക്കുന്നതിലും ബഹ്റൈൻ മാതൃകയാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസിൽ ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫയുടെ നേതൃത്വത്തിലുള്ള ശക്തമായ പരിഷ്കരണ പ്രവ൪ത്തനങ്ങളാണ് മനുഷ്യാവകാശ സംരക്ഷണ രംഗത്ത് മാതൃകാപരമായ പ്രവ൪ത്തനം കാഴ്ച്ച വെക്കാൻ സാധിച്ചത്. ജനങ്ങളുടെ അഭിമാനവും ആദരവും സംരക്ഷിക്കാൻ കഴിയുകയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഇക്കാര്യത്തിൽ പാലിക്കുകയും ചെയ്യുന്നുവെന്നത് നിസ്സാരമായ കാര്യമല്ല. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിൻെറ ശസ്ത്രക്രിയ വിജയിച്ചതിൽ കാബിനറ്റ് അദ്ദേഹത്തിന് ആശംസകള൪പ്പിച്ചു. കൂടുതൽ കരുത്തോടെ രാജ്യത്തെ നയിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിച്ചു. ബഹ്റൈനും സൗദിയും തമ്മിലുള്ള ബന്ധം അത്യധികം സുദൃഢമാണെന്നും ഭാവിയിൽ അത് കൂടുതൽ കരുത്താ൪ന്നതാകുമെന്നാണ് പ്രതീക്ഷയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫലസ്തീന് യു.എന്നിൽ നിരീക്ഷക പദവി കരസ്ഥമാക്കിയതിൽ കാബിനറ്റ് സന്തുഷ്ടി പ്രകടിപ്പിച്ചു. നീണ്ട കാത്തിരിപ്പിനൊടുവിൽ കൈവന്ന ഈ നേട്ടം ഖുദ്സ് തലസ്ഭാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രമെന്ന സ്വപ്നത്തിന് ആക്കം കൂട്ടുന്നതാണ്. ഫലസ്തീൻെറ അവകാശം തിരിച്ചുകിട്ടുന്നതിനും ഇസ്രയേലിൻെറ ക്രൂരത അവസാനിപ്പിക്കുന്നതിനും ലോകരാഷ്ട്രങ്ങൾ സമ്മ൪ദം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ആവശ്യങ്ങൾക്ക് മുഖ്യ പരിഗണന നൽകുന്ന സേവന മന്ത്രാലയങ്ങൾ പരാതികളില്ലാതെ പ്രവ൪ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി വിവിധ മന്ത്രിമാരോട് ഉണ൪ത്തി. ജനങ്ങളുടെ ആവശ്യങ്ങളും പരാതികളും ഫയലിൽ സ്വീകരിച്ച് കഴിയും വേഗം അതിൽ തീ൪പ്പുകൽപിക്കുന്നതിന് മന്ത്രാലയങ്ങൾ ശ്രമിക്കണം. ആവശ്യങ്ങളുമായി വരുന്ന പൗരനെ അനാവശ്യമായ ചിട്ടവട്ടങ്ങൾ പറഞ്ഞ് സമയം പാഴാക്കരുതെന്നും ഖലീഫ ഉണ൪ത്തി. മനുഷ്യവിഭവ ശേഷി ഉയ൪ത്തുന്നതിനും സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ കഴിവും ശേഷിയും വ൪ധിപ്പിക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും പ്രധാനമന്ത്രി നി൪ദേശിച്ചു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് തൊഴിൽ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മനുഷ്യവിഭവ ശേഷി വ൪ധിപ്പിക്കുന്നതിന് വേണ്ടി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് പ്രത്യേക ഫണ്ട് വകയിരുത്തുന്നതിനും നടപടിയുണ്ടാകും.
സ്വകാര്യ സെക്യൂരിറ്റി കമ്പനികൾക്ക് ലൈസൻസ് നൽകുന്നതിനും അതുവഴി ഈ രംഗത്ത് സ൪ക്കാരിനെ സഹായിക്കുന്നതിനും വഴിയൊരുക്കാൻ നി൪ദേശിച്ചു. സ൪ക്കാ൪ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ സ്വദേശി എഞ്ചിനീയറിംഗ് ഓഫീസുകൾക്ക് പരിഗണന നൽകുന്നതിനും തീരുമാനമുണ്ട്. മരുന്നുകളുടെ വില സാധാരണക്കാരന് താങ്ങാവുന്ന നിലവാരത്തിലേക്ക് കുറക്കുന്നതിൻെറ സാധ്യത കാബിനറ്റ് ച൪ച്ച ചെയ്തു. ആരോഗ്യ മന്ത്രിയുടെ പ്രസ്തുത നി൪ദേശം പാ൪ലമെൻറ് സമിതി ച൪ച്ച ചെയ്യുന്നതിനായി സമ൪പ്പിച്ചു. കഴിഞ്ഞ വ൪ഷം രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങളോടനുബന്ധിച്ച് ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരുടെ പ്രശ്നം സുതാര്യമായും നീതിപൂ൪വകമായും പരിഹരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യം പൊക്കിപ്പിടിച്ച് ചില൪ അന്താരാഷ്ട്ര വേദികളിലടക്കം ബഹ്റൈനെ കരിവാരിത്തേക്കാൻ ശ്രമിക്കുന്നുണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ വീഴ്ച്ച വരുത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. അന്താരാഷ്ട്ര തൊഴിൽ സമ്മേളനത്തിൽ ബഹ്റൈൻെറ ശ്രമങ്ങൾ പ്രകീ൪ത്തിക്കപ്പെട്ടിട്ടുണ്ടെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ സംരക്ഷണ സംസ്കാരം ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിന് വേണ്ടി തയാറാക്കിയിട്ടുള്ള പ്രത്യേക പദ്ധതിയെക്കുറിച്ച് കാബിനറ്റ് ച൪ച്ച ചെയ്ത് അംഗീകരിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ മന്ത്രിസഭാ സെക്രട്ടറി ഡോ. യാസി൪ ബിൻ ഈസ അന്നാസി൪ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.