തിരൂ൪: മലപ്പുറം മദ്യ ദുരന്തത്തിനിടയാക്കിയത് എക്സൈസ് അധികൃതരുടെ വീഴ്ചയാണെന്നു കണ്ടെത്തിയ രാജേന്ദ്രൻ നായ൪ കമീഷൻ അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കാതെ പ്രവ൪ത്തനം അവസാനിപ്പിച്ചു. സ൪ക്കാ൪ അനുവദിച്ച കാലാവധി വെള്ളിയാഴ്ച അവസാനിച്ചതോടെയാണിത്. റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന് ഒന്നര മാസം സാവകാശം അനുവദിക്കണമെന്ന് കമീഷൻ സ൪ക്കാരിനോട് അഭ്യ൪ഥിച്ചിരുന്നെങ്കിലും അനുകൂല നടപടിയുണ്ടായില്ല.
2009ൽ ദുരന്തമുണ്ടായതിനെ തുട൪ന്നാണ് സ൪ക്കാ൪ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. 2010 ജനുവരിയിലാണ് രാജേന്ദ്രൻ നായ൪ കമീഷനായി ചുമതലയേറ്റത്. ഓഫിസും അനുബന്ധ സൗകര്യങ്ങളും അനുവദിക്കാതിരുന്നതിനാൽ പ്രവ൪ത്തനം തുടങ്ങാനായില്ല. അതിനിടെ മാ൪ച്ചിൽ കാലാവധി അവസാനിച്ചു. പിന്നീട് കാലാവധി പുതുക്കി നൽകിയത് 2010 ജൂണിലായിരുന്നു. ജുലൈയിൽ തിരൂരിൽ ആദ്യ സിറ്റിങും ആഗസ്റ്റ് മുതൽ സാക്ഷി വിസ്താരവും തുടങ്ങി.
കമീഷനെ സഹായിക്കാൻ മതിയായ ജീവനക്കാരെയും ആസ്ഥാനവും വാഹനവും അഭിഭാഷകനെയും അനുവദിച്ചത് മാസങ്ങൾക്ക് ശേഷമായിരുന്നു. തുടക്കത്തിൽ വേതനം നൽകാനും കാലതാസമുണ്ടായി. മൂന്നു മാസത്തേക്കാണ് കാലാവധി പുതുക്കി നൽകിയിരുന്നത്. അതിനു ശേഷം രണ്ടു തവണ ആറു മാസം വീതം സമയം പുതുക്കി നൽകി. ഒക്ടോബറിൽ മൂന്നു മാസം ആവശ്യപ്പെട്ട് കമീഷൻ സ൪ക്കാരിനെ സമീപിച്ചെങ്കിലും അനുവദിച്ചത് ഒന്നര മാസം മാത്രമായിരുന്നു. തുട൪ന്ന് കമീഷൻ തിരക്കിട്ട് വിസ്താരം പൂ൪ത്തിയാക്കി റിപ്പോ൪ട്ട് തയാറാക്കി വരുന്നതിനിടെയാണ് കാലാവധി അവസാനിച്ചത്.
436 സാക്ഷികളെയാണ് വിസ്തരിച്ചത്. കഴിഞ്ഞ വ൪ഷം ഡിസംബറിൽ ഇടക്കാല റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നു. എക്സൈസിൻെറ വീഴ്ചയാണ് ദുരന്തത്തിനിടയാക്കിയതെന്നും സംസ്ഥാനത്ത് ഇപ്പോഴും എക്സൈസ് -മദ്യ മാഫിയ ബന്ധം നിലനിൽക്കുന്നുണ്ടെന്നും ബിനാമി സമ്പ്രദായത്തിൽ മദ്യഷാപ്പുകളുടെ പ്രവ൪ത്തനം തുടരുന്നതായും കമീഷൻ കണ്ടെത്തിയിരുന്നു.
സ൪ക്കാ൪ കാലാവധി പുതുക്കി നൽകിയില്ലെങ്കിലും ഡിസംബറിൽ അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് രാജേന്ദ്രൻ നായ൪ നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.