ജയില്‍ ചാടാന്‍ നേരത്തേ തയാറെടുത്തു; അധികൃതര്‍ അറിഞ്ഞില്ല

കാസ൪കോട്: സബ്ജയിലിൽ നിന്ന് നവംബ൪ 20ന് തടവുചാടിയ നാലുപേ൪ ഇതിനായി നേരത്തേ ആസൂത്രണം നടത്തിയിട്ടും ജയിൽ അധികൃത൪ അറിഞ്ഞില്ല. വ്യാഴാഴ്ച അടൂ൪ വനത്തിൽ നിന്ന് പിടികൂടിയ കാറടുക്ക ക൪മംതൊടി കാവുങ്കാലിലെ രാജേഷിനെ (34) വെള്ളിയാഴ്ച സബ്ജയിലിൽ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് ജയിൽ ചാടാൻ നടത്തിയ തയാറെടുപ്പ് വെളിപ്പെടുത്തിയത്. കോട്ടയം മുണ്ടക്കയം സ്വദേശി തെക്കൻ രാജൻ എന്ന രാജനാണ് ജയിൽ ചാടാനുള്ള പദ്ധതിയുടെ മുഖ്യആസൂത്രകൻ. ഇയാളുടെ നേതൃത്വത്തിൽ മഞ്ചേശ്വരം സ്വദേശി മുഹമ്മദ് റഷീദും രാജേഷും  ചേ൪ന്നാണ് ആസൂത്രണം നടത്തിയത്.
ഇവരുടെ കൂടെ ജയിൽചാടിയ മഞ്ചേശ്വരത്തെ മുഹമ്മദ് ഇക്ബാൽ അവസാന നിമിഷമാണ് സംഘത്തിൽ ഉൾപ്പെട്ടത്. ജയിലിലേക്ക് സാധനങ്ങൾ കൊണ്ടുവന്ന നൂറുകണക്കിന് ചാക്കുകൾ കൂട്ടിക്കെട്ടി കയറാക്കി വെച്ചിരുന്നു. ഇത് വാ൪ഡ൪മാരുടെ ശ്രദ്ധയിൽപെട്ടപ്പോൾ ജയിൽവളപ്പിലെ വാഴകൾ വീഴാതെ കെട്ടിനി൪ത്താനാണെന്നായിരുന്നു ഇവ൪ പറഞ്ഞത്.
 ജയിലിലെ അടുക്കളയുടെ മൂന്ന് നീളൻ ജനൽ വാതിലുകളും ഇളക്കി മാറ്റിവെച്ചു. ഒരു വാതിലിൻെറ വലുപ്പമുള്ള ഈ ജനലുകൾ ചേ൪ത്തുവെച്ചാൽ പാലം പോലെ ഉപയോഗിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. വാട്ട൪ ടാങ്കിൻെറ പൈപ്പുകളും ഇളക്കിമാറ്റി. അടുക്കളയുടെ മുകളിലുള്ള വാട്ട൪ ടാങ്കിൽ കയറി ചാക്കുകയറും ജനൽ പാളിയും ചേ൪ത്ത് കെട്ടി പാലം പോലെയാക്കി മതിലിൽ എത്താമെന്നും അവിടെ നിന്ന് ചാടി രക്ഷപ്പെടാനുമായിരുന്നു ഉദ്ദേശിച്ചത്. നിത്യവും പെരുമാറുന്ന അടുക്കളയുടെ മൂന്ന് ജനലുകൾ അഴിച്ചുമാറ്റിയിട്ടും ശ്രദ്ധിക്കാതിരുന്നത് ജയിൽ അധികൃതരുടെ ഗുരുതര വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം, ആസൂത്രണങ്ങളെല്ലാം നടത്തിയിട്ടും നാല് തടവുകാരും രക്ഷപ്പെട്ടത് ഇവ ഉപയോഗിക്കാതെയായിരുന്നു. നവംബ൪ 20ന് പുല൪ച്ചെ അടുക്കളയിൽ നിന്ന് ജയിൽ വാ൪ഡൻ കാഞ്ഞങ്ങാട് സ്വദേശി പവിത്രനെ കുത്തിയശേഷം ജയിലിൻെറ വടക്കുഭാഗത്തുള്ള കെട്ടിടത്തിൻെറ ഓടിളക്കി മതിൽ ചാടിയാണ് നാലുപേരും രക്ഷപ്പെട്ടത്. ജയിൽ വളപ്പിലുള്ള തെങ്ങുകൾ വഴിയും സബ്ജയിലിൽ നിന്ന് തടവുകാ൪ക്ക് എളുപ്പം രക്ഷപ്പെടാം. മതിലിനോട് ചേ൪ന്നുള്ള തെങ്ങുകൾ മുറിച്ചുമാറ്റാത്തതും ടെലിഫോൺ തൂൺ മാറ്റി സ്ഥാപിക്കാത്തതും അനാസ്ഥയാണെന്ന് ജയിൽ സന്ദ൪ശിച്ച ജയിൽ ഡി.ജി.പി അലക്സാണ്ട൪ ജേക്കബ് അഭിപ്രായപ്പെട്ടിരുന്നു. തീ൪ത്തും സുരക്ഷിതമില്ലാത്ത ചുറ്റുപാടിലാണ് കാസ൪കോട് സബ്ജയിൽ എന്നതിനാലാണ് ഇവിടെയുള്ള മുഴുവൻ തടവുകാരെയും കണ്ണൂരിലേക്ക് മാറ്റാൻ ഡി.ജി.പി ഉത്തരവിട്ടത്. തടവുചാടിയ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.