കോട്ടയം ബ്ളേഡ് മാഫിയയുടെ പിടിയില്‍

കോട്ടയം: കോട്ടയത്ത് ബ്ളേഡ് മാഫിയ പിടിമുറുക്കുന്നു. ഇടത്തരക്കാ൪ക്കും സാധാരണക്കാ൪ക്കും വൻപലിശക്ക് പണം കടം നൽകുന്ന സംഘങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിലസുന്നത്. പണം തിരിച്ചുകൊടുക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തുന്നവരെ ഗുണ്ടാസംഘങ്ങളെ വിട്ട് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.  പൊലീസിൽ പരാതി നൽകിയിട്ടും ഫലമുണ്ടാകുന്നില്ലെന്നാണ് പരാതി.
ശബരിമല സീസൺ ആരംഭിച്ചതോടെ ചെറുകിട കച്ചവടക്കാരെയും സംഘം വലവീശുന്നുണ്ട്. തീ൪ഥാടന കാലത്തെ കച്ചവടം മുന്നിൽകണ്ട് കടകളിൽ ചരക്ക് നിറക്കാൻ പണത്തിന് നെട്ടോട്ടമോടുന്നവരെയാണ് സംഘം ലക്ഷ്യം വെക്കുന്നത്. തമിഴ് സംഘങ്ങളും ബ്ളേഡ് പലിശക്ക് കടം കൊടുക്കുന്നതിന് രംഗത്തുണ്ട്. ഈടൊന്നുമില്ലാതെ എത്ര രൂപവരെ വേണമെങ്കിലും വായ്പ നൽകുന്ന ഇവ൪ ആളുംതരവും നോക്കി കൊള്ളപ്പലിശയാണ് ഈടാക്കുന്നത്.  1000 രൂപക്ക് 25 രൂപ മുതൽ 30  വരെയാണ് പലിശ. കൂടാതെ ദിവസപ്പലിശക്കും മാസപ്പലിശക്കും പണം കടം നൽകുന്നുമുണ്ട്. തുകയെഴുതാത്ത ചെക്ക് മാത്രം ഈടായി സ്വീകരിച്ച് പണം കടം നൽകുന്നവരുമുണ്ട്. പണമടക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചെക്കിൽ വൻ തുക എഴുതിച്ചേ൪ത്ത് കേസുകൊടുത്താണ് ഇവ൪ ഇരകളെ കുടുക്കുക.
ബ്ളേഡ് പലിശയിൽ കുടുങ്ങിയ ഓട്ടോ ഡ്രൈവ൪, തന്നെ ആരോ ഓട്ടം വിളിച്ച് അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന് കാണിച്ച് പരാതി നൽകിയ സംഭവവുമുണ്ടായി. വിശദമായ അന്വേഷണം നടത്തിയപ്പോൾ, ബ്ളേഡ് മാഫിയയിൽ നിന്ന് രക്ഷപ്പെടാനുള്ള നാടകമായിരുന്നു ഇതെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.
ബ്ളേഡ് പലിശക്കാരൻ വീട്ടിലെത്തി കൈയേറ്റം നടത്തുന്നുവെന്ന് കാണിച്ച് ഏറ്റുമാനൂ൪ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയ സംഭവവും ഉണ്ടായി.
പണം കടംനൽകുമ്പോൾതന്നെ, പലിശയുടെ ആദ്യഗഡു ഈടാക്കും. എഴുത്തുകുത്തിന് എന്ന പേരിൽ വേറെയും പണം ഈടാക്കും. ഇതുകൂടാതെ, പലിശ നൽകാൻ ഒരുദിവസം വൈകിയാൽ പിഴപ്പലിശ എന്ന പേരിലും പണം വസൂലാക്കുന്ന സംഘങ്ങളുണ്ട്.
അത്യാവശ്യക്കാരെ കണ്ടെത്തി ബ്ളേഡ് മാഫിയയുടെ അടുത്തെത്തിക്കുന്നതിന് ഏജൻറുമാരെയും നിയോഗിച്ചിട്ടുണ്ട്. നാട്ടുകാരെയും പരിചയക്കാരെയുമാണ് ഏജൻറുമാരായി നിയോഗിക്കുന്നത്. പലിശ മുടക്കിയാൽ, ഈ ഏജൻറുമാരെ വിട്ട് സമ്മ൪ദം ചെലുത്തിയ ശേഷമാണ് ബ്ളേഡ് മാഫിയ ഭീഷണിയിലേക്ക് നീങ്ങുന്നത്.
പണം തിരിച്ചടക്കാൻ കഴിയാത്തവരിൽ നിന്ന് വീടിൻെറയും വസ്തുവിൻെറയും പണയാധാരം എഴുതി വാങ്ങി പിന്നീട് സ്വന്തം പേരിലേക്ക് മാറ്റുന്ന സംഭവങ്ങളുമുണ്ട്. ഇങ്ങനെ സ്വന്തമാക്കുന്ന വസ്തുക്കളുടെ ആധാരം ബാങ്കിൽ പണയംവെച്ച് വൻ തുക വായ്പയെടുത്ത് അത് വീണ്ടും ബ്ളേഡ് പലിശക്ക് കടംകൊടുക്കുന്നവരുമുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.