പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ്: നിരീക്ഷകരായി 70 രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് ഡിസംബ൪ ഒന്നിന് നടക്കുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ 70ഓളം രാജ്യങ്ങളിൽനിന്നുള്ള നിരീക്ഷകരെത്തുന്നു. ഇൻഫ൪മേഷൻ മന്ത്രാലയത്തിലെ ഹമദ് അൽ റൂമി സ്മാരക ഹാളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മീഡിയ സെൻറ൪ ഉദ്ഘാടനം ചെയ്തതിന്  ശേഷം നടത്തിയ വാ൪ത്താസമ്മേളനത്തിൽ വകുപ്പ് മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്വബാഹ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ബി.ബി.സി, ഫോക്സ് ന്യൂസ് തുടങ്ങി ലോക പ്രശസ്ത മാധ്യമ സ്ഥാപനങ്ങളും പത്ര പ്രതിനിധികളും പതിനഞ്ചാമത് പാ൪ലമെൻറ് തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും  റിപ്പോ൪ട്ട് ചെയ്യാനായി എത്തുമെന്നാണ് പ്രതീക്ഷ.
ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മേഖലയിലെ പ്രധാന രാജ്യമെന്ന നിലയിൽ ജനഹിതം മാനിക്കുന്നതിന്  രാജ്യം സ്വീകരിച്ച വിവിധ നടപടികൾ മറ്റു രാജ്യങ്ങളെ അറിയിക്കേണ്ട ബാധ്യതയുണ്ടന്ന് അദ്ദേഹം പറഞ്ഞു. പ്രബലമായ ഒരു വിഭാഗം തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെയും ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തും മുന്നോട്ട് പോകുന്നതിനെ കുറിച്ച് ചോദിക്കവെ അതിനുള്ള സ്വാതന്ത്ര്യം അവ൪ക്കുണ്ടെന്നും തെരഞ്ഞെടുപ്പ് മുൻ നിശ്ചയപ്രകാരം യഥാസമയത്ത് നടക്കുമെന്നും മന്ത്രി തറപ്പിച്ചു പറഞ്ഞു.
അതേസമയം, ബഹിഷ്കരണ ആഹ്വാനം തള്ളിക്കളയാനും തെരഞ്ഞെടുപ്പിൽ വ്യാപകമായ ജനപങ്കാളിത്ത്വം ഉറപ്പാക്കാനുമുള്ള പ്രചരണ പരിപാടികളും സംഘടിപ്പിക്കും.
പുതിയ തെരഞ്ഞെടുപ്പ് നിയമ ഭേതഗതിക്കെതിരെ നൽകിയ ഹരജിയിൽ സ൪ക്കാറിനെതിരായി കോടതി വിധി പ്രസ്താവം നടത്തുന്ന പക്ഷം എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യത്തിന് കോടതി വിധി മാനിക്കുമെന്നും ഇക്കാര്യത്തിൽ അമീ൪ തൻെറ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.