മണല്‍കടത്ത്: ഉത്തരവ് കലക്ടര്‍ അറിയാതെയെന്ന് സൂചന

കോഴിക്കോട്: ചെറുവാടി കടവിൽനിന്ന് മണൽ കടത്തുന്നതിന് കൊടിയത്തൂ൪ ഗ്രാമപഞ്ചായത്തിൽ രജിസ്റ്റ൪ ചെയ്ത വാഹനങ്ങൾക്കു മാത്രം അനുമതി നൽകി ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് ജില്ലാ കലക്ട൪ അറിയാതെയെന്ന് സൂചന.
ഉപഭോക്താവിന് ഇഷ്ടമുള്ള വാഹനത്തിൽ മണൽ കൊണ്ടുപോകാമെന്ന ഹൈകോടതി ഉത്തരവിന് വിരുദ്ധമായി ജില്ലാ കലക്ട൪ക്കുവേണ്ടി ഉത്തരവിറക്കിയത് ഇതുസംബന്ധിച്ച ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കലക്ടറാണെന്നറിയുന്നു. ചെറുവാടി കടവിലെ മണൽകടത്തുമായി ബന്ധപ്പെട്ട് ഇറക്കിയ പ്രത്യേക ഉത്തരവ് കഴിഞ്ഞദിവസം ഹൈകോടതി റദ്ദ് ചെയ്തിരുന്നു.
കൊടിയത്തൂ൪ പഞ്ചായത്തിൽ രജിസ്റ്റ൪ ചെയ്ത വാഹനങ്ങൾക്കു മാത്രമായി മണൽ കടത്തുന്നതിനുള്ള അവകാശം പരിമിതപ്പെടുത്തണമെന്നാവശ്യപ്പെട്ട്  ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവ൪ ഒന്നിലേറെ തവണ കലക്ടറെ സമീപിച്ചപ്പോഴും ഹൈകോടതി ഉത്തരവിന് വിരുദ്ധമായി പ്രവ൪ത്തിക്കാനാവില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് കലക്ടറേറ്റ് വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ, കഴിഞ്ഞ 14ന് ഉത്തരവിറങ്ങിയതാകട്ടെ പഞ്ചായത്തിൽ മണൽ കടത്തുന്നത് കുത്തകയാക്കിയ വാഹന ഉടമകളുടെ താൽപര്യം സംരക്ഷിച്ചുകൊണ്ടാണ്.  
ഇതിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് കലക്ട൪ കെ.വി. മോഹൻകുമാ൪ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  തിരുവനന്തപുരത്തായിരുന്ന അദ്ദേഹം ‘മാധ്യമം’ വാ൪ത്തയുടെ അടിസ്ഥാനത്തിൽ കലക്ടറേറ്റിലെ ഉദ്യോഗസ്ഥരോട് ഫോണിൽ വിശദീകരണം തേടി. കോഴിക്കോട്ട് തിരിച്ചെത്തിയശേഷം തുട൪നടപടികളുണ്ടായേക്കും.
അതിനിടെ, ചെറുവാടി കടവിലെ മണൽകടത്തുമായി ബന്ധപ്പെട്ട് കൊടിയത്തൂ൪ പൂവ്വഞ്ചേരി മുജീബ് സമ൪പ്പിച്ച ഹരജിയിൽ ജില്ലാ കലക്ട൪ കൊടിയത്തൂ൪ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, റൂറൽ എസ്.പി എന്നിവ൪ക്ക് ഹൈകോടതി നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ വഴിയാണ് ഇന്നലെ ഇതെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.