കവര്‍ച്ചക്കാര്‍ മലയാളിയെ പട്ടാപ്പകല്‍ വെട്ടി പരിക്കേല്‍പ്പിച്ചു

റിയാദ്: കവ൪ച്ച സംഘം പട്ടാപ്പകൽ മലയാളിയെ വെട്ടിപ്പരിക്കേൽപ്പിച്ചു പണവും ഇഖാമയും കവ൪ന്നു. ബത്ഹ റെയിൽ സ്ട്രീറ്റിൽ ആദ്യ സിഗ്നലിന് സമീപം സംനാൻ ഷോറൂമിന് മുമ്പിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 നുണ്ടായ സംഭവത്തിൽ പാലക്കാട് ഒറ്റപ്പാലം സ്വദേശി ഓസ്റ്റിൻ തോമസി (32)നാണ് വെട്ടുകത്തി കൊണ്ട് കാലിൽ ആഴത്തിൽ പരിക്കേറ്റത്. ഇന്ത്യൻ എംബസിയുടെ ഔ് സോഴ്സിങ് ഏജൻസിയായ വി.എഫ്.എസ് ഇന്ത്യൻ സെക്ഷൻ സെൻട്രൽ റീജണൽ ഓപറേഷൻസ് മാനേജരാണ് ഓസ്റ്റിൻ.
ഓഫിസിൽ പോകാൻ താമസസ്ഥലത്തുനിന്ന് ഗല്ലിയിലൂടെ റെയിൽ സ്ട്രീറ്റിലെത്തിയപ്പോൾ മെയിൻ റോഡിൽ പ്രത്യക്ഷപ്പെട്ട കറുത്ത വംശജരായ ആറു പേരടങ്ങുന്ന സംഘം ഓസ്റ്റിനെ തടഞ്ഞുനിറുത്തുകയായിരുന്നു. ബലമായി കടന്നുപിടിച്ച് പോക്കറ്റടിക്കാൻ ശ്രമിച്ചപ്പോൾ ഓസ്റ്റിൻ തടഞ്ഞു. അതിൽ പ്രകോപിതരായ അവരിലൊരാൾ വലിയ കശാപ്പു കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടി. ഒഴിഞ്ഞുമാറിയ ഓസ്റ്റിൻെറ വലതുകാലിൽ മുട്ടിന് താഴെയാണ് ആഴത്തിൽ വെട്ടേറ്റത്. ഒരിഞ്ചിലേറെ ആഴത്തിൽ മുറിവേറ്റു. കത്തിയുടെ മറുഭാഗം കൊണ്ട് വെട്ടി ഇടതുകാലിൻെറ മുട്ടിന് ക്ഷതമേൽപ്പിച്ചു. പഴ്സിലുണ്ടായിരുന്ന 6000 റിയാലും ഇഖാമയും ബാങ്ക് കാ൪ഡുകളും അടങ്ങുന്ന പഴ്സും ഐ ഫോണും സംഘം കൊണ്ടുപോയി. ഡ്രൈവിങ് ലൈസൻസും ഇൻഷുറൻസ് കാ൪ഡും മാത്രം സംഘം തിരിച്ചെറിഞ്ഞുകൊടുത്തു. അതിനുശേഷം അതിവേഗം സ്ഥലം വിട്ടു.
ഈ സമയം റോഡിലും കടകളിലുമെല്ലാം ആളുകളുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. സംഘം മറഞ്ഞുകഴിഞ്ഞിട്ടും മുറിവേറ്റ ഓസ്റ്റിനെ സഹായിക്കാനോ ആശുപത്രിയിൽ കൊണ്ടുപോകാനോ ആരും തയാറായില്ല. ഫോൺ കള്ളന്മാ൪ കൊണ്ടുപോയതിനാൽ, സുഹൃത്തുക്കളെ വിവരമറിയിക്കാൻ സമീപത്തുകണ്ട ഒരാളോട് മൊബൈൽ ഫോൺ ചോദിച്ചിട്ടും കൊടുത്തില്ലത്രെ. ഒടുവിൽ ഒരു വഴിപോക്കൻ മാത്രം സഹായിക്കാൻ സന്നദ്ധനാവുകയായിരുന്നു. അയാൾ ഓസ്റ്റിനെ താമസസ്ഥലം ചോദിച്ചറിഞ്ഞ് അങ്ങോട്ടു കൊണ്ടുപോവുകയും സ്വന്തം ഫോണിൽനിന്ന് ഓസ്റ്റിൻെറ സുഹൃത്തുക്കളെ വിവരമറിയിക്കുകയും ചെയ്തു. സഹതാമസക്കാരനായ പ്രവാസി റീഹാബിലിറ്റേഷൻ സെൻറ൪ ഭാരവാഹി കെ.എം. നൗഷാദും മറ്റുള്ളവരുമെത്തി ബത്ഹയിലെ സ്വകാര്യ ക്ളിനിക്കിൽ പ്രാഥമിക ശുശ്രൂഷ നടത്തിയിട്ട് ശുമൈസിയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുറിവിൽ തുന്നിട്ടു. മുട്ടിന് കാര്യമായ ക്ഷതമാണ് ഏറ്റിരിക്കുന്നത്. വിവരം അറിഞ്ഞെത്തിയ വി.എഫ്.എസിലെ സഹപ്രവ൪ത്തകൻ ഹാരിസും സാമൂഹിക പ്രവ൪ത്തകരായ ഷാനവാസ് ആറളം, നിസാ൪ അഹ്മദ് എന്നിവരും സഹായവുമായി രംഗത്തുണ്ട്. മൂന്നുവ൪ഷമായി റിയാദിലുള്ള ഓസ്റ്റിൻ വി.എഫ്.എസിൻെറ സുലൈമാനിയയിലുള്ള ഓഫീസിലാണ് ജോലി ചെയ്യുന്നത്. ഭാര്യ ദമ്മാം സെൻട്രൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണ്. പട്ടാപ്പകൽ ആളുകൾ നോക്കിനിൽക്കേ പോലും കവ൪ച്ചയും അതിക്രമങ്ങളും അരങ്ങേറുന്നത് ബത്ഹയിലെ ജനങ്ങളെ ഞെട്ടിപ്പിച്ചിട്ടുണ്ട്. പകൽ പോലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ് റെയിൽ സ്ട്രീറ്റിലെന്ന് പ്രദേശവാസികൾ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.