റൂവിയില്‍ റെയ്ഡ്: 249 അനധികൃത താമസക്കാര്‍ പിടിയില്‍

മസ്കത്ത്: വ്യാഴാഴ്ച രാത്രി റൂവി മത്സ്യ മാ൪ക്കറ്റ് ് പരിസരത്ത് നടന്ന വ്യാപകമായ റെയ്ഡിൽ നിയമ വിരുദ്ധ താമസക്കാരായ 249 പേ൪ പിടിയിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വൻ സന്നാഹത്തോടെയെത്തിയ പരിശോധനാ സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പാകിസ്താൻ സ്വദേശി മരിച്ചതായും സൂചനയുണ്ട്. ആരെയും രക്ഷപ്പെടാൻ അനുവദിക്കാതെയാണ് അധികൃത൪ പരിശോധന നടത്തിയത്. പാകിസ്താൻ, ബംഗ്ളാദേശ് സ്വദേശികളാണ് പിടിയിലായവരിൽ അധികവും. ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവാൻ നാല് ബസുകൾ എത്തിയതായി ദൃക്സാക്ഷികൾ പറയുന്നു.
രാത്രി ഒരു മണിയോടെയാണ് പൊലീസ് പരിശോധനക്കെത്തിയത്. സംഘം ഓരോ കെട്ടിടത്തിലുമെത്തി പരിശോധന നടത്തുകയായിരുന്നു. മുറികൾക്ക് മുന്നിലെത്തി വാതിലിൽ മുട്ടുകയും റസിഡൻറ് കാ൪ഡ് ആവശ്യപ്പെടുകയും ചെയ്തു. മതിയായ രേഖകൾ കാണിക്കാത്തവരെയാണ് പിടികൂടിയത്. രാത്രി 1.45 നാണ് സംഘം തങ്ങളുടെ മുറിയുടെ വാതിലിൽ മുട്ടിയതെന്ന് മത്സ്യ മാ൪കറ്റ് മേഖലയിലെ താമസക്കാരനായ ചാവക്കാട് സ്വദേശി കാസിം പറഞ്ഞു. മുറിയിലുണ്ടായിരുന്ന തങ്ങളോട് റസിഡൻറ് കാ൪ഡ് ആവശ്യപ്പെട്ടിരുന്നു. എല്ലാവരുടെയും കാ൪ഡ് പരിശോധിച്ച സംഘം സ്ഥലം വിടുകയായിരുന്നു. പൊലീസിൻെറ സമീപനം വളരെ മാന്യമായിരുന്നുവെന്ന് കാസിം പറഞ്ഞു.
വിസ, റസിഡൻഷ്യൽ കാ൪ഡ് തുടങ്ങിയ താമസ രേഖകൾ ഇല്ലാത്തവ൪ പൊലീസ് വാതിലിൽ മുട്ടിയപ്പോൾ തുറക്കാൻ മടിച്ചിരുന്നു. ഇത്തരം മുറികൾ യന്ത്രമുപയോഗിച്ച് പൂട്ട് പൊളിച്ചാണ് പൊലീസ് അകത്ത് കടക്കുന്നത്. ഇത്തരക്കാരാണ് പൊലീസ് പിടിലായത്. പരിശോധനക്കിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പിടികൂടാൻ കെട്ടിടത്തിന് താഴെയും പൊലീസ് കാവൽ നിന്നിരുന്നു.
മത്സ്യ മാ൪ക്കറ്റ് മസ്ജിദിന് സമീപത്തെ കെട്ടിടത്തിൽ റെയ്ഡ് നടക്കുമ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പാകിസ്താൻ സ്വദേശി മരിച്ചതായി പ്രചാരണമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.