മോഷ്ടാക്കള്‍ പിടിയില്‍

മുണ്ടക്കയം: ശിക്ഷകഴിഞ്ഞിറങ്ങി മോഷണം പതിവാക്കിയയാളും കൂട്ടാളിയും പിടിയിൽ.  സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ മോഷണം നടത്തിയ രണ്ടംഗസംഘമാണ് പൊലീസ് പട്രോളിങ്ങിനിടെ പിടിയിലായത്. കോതമംഗലം മാമാല കണ്ടം ചാമപ്പാറ, ഏണിപ്പാറകോളനിയിൽ രാജേഷ് (28) കവച്ചൂച്ചിറ, പെരുവ മാത്തുങ്കൽ ബിജു (35) എന്നിവരാണ് പെരുവന്താനം എസ്.ഐ പയസ് കെ.തോമസും സംഘവും പിടികൂടിയത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നതിങ്ങനെ: വെള്ളിയാഴ്ച പുല൪ച്ചെ പൊലീസ് പട്രോളിങ്ങിനിടെ കൊല്ലം-തേനി ദേശീയപാതയിൽ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം വെയ്റ്റിങ് ഷെഡിൽ സംശയാസ്പദമായി  കണ്ട ഇരുവരെയും പിടികൂടി പൊലീസ് ചോദ്യം ചെയ്തതോടെയാണ് വിവിധ മോഷണ കഥകൾ അറിയുന്നത്. 34 ാം മൈലിലെ വ്യാകുലമാതാ ഫൊറോനാപള്ളിവക ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയെന്നതായിരുന്നു ലക്ഷ്യം. പട്രോളിങ്  സംഘം പിടികൂടിയപ്പോൾ ഇവരുടെ കൈവശം മോഷണത്തിനുപയോഗിക്കുന്ന ഉളി, പൂട്ട്പൊളിക്കുന്ന സാമഗ്രികൾ എന്നിവയുണ്ടായിരുന്നു.
മുമ്പ് മുറിഞ്ഞപുഴ, കണയങ്കവയലിൽ താമസിച്ചിരുന്ന രാജേഷ് നിരവധി മോഷണക്കേസുകളിൽ പ്രതിയും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ്. 2004 ൽ പെരുവന്താനം ചെറുവള്ളികുളത്ത് വീട്ടിൽ നിന്ന് കുരുമുളകും ഇലക്ട്രോണിക്സ് സാധനങ്ങളും മോഷ്ടിച്ചകേസിൽ പിടിയിലായ ഇയാളെ ഒരുവ൪ഷത്തേക്ക് കോടതി ശിക്ഷിച്ചിരുന്നു. 2008 ൽ കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ റബ൪ ഷീറ്റ് മോഷ്ടിച്ച കേസിൽ കാഞ്ഞിരപ്പള്ളിയിൽ നിന്ന് പിടികൂടിയിരുന്നു.
പ്രതികളുടെ വിരലടയാളം മുണ്ടക്കയം പൊലീസ് പരിശോധനക്കയച്ചിട്ടുണ്ടെന്ന് മുണ്ടക്കയം എസ്.ഐ.മുഹമ്മദ് ഹനീഫ്  അറിയിച്ചു. പീരുമേട് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.