കൊച്ചി: മാതൃരാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ബാപ്പുജിയുടെയും ചാച്ചാ നെഹ്റുവിൻെറയും കഥകൾ കേട്ട് കുഞ്ഞുമക്കൾ വളരണമെന്നാണല്ലോ ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ, അതിരാവിലെ പൊലീസ് ബൂട്ടടി കേട്ടും എ.കെ 47 തോക്ക് കണ്ടും പഠിക്കേണ്ടി വരുന്ന കുഞ്ഞുമക്കളുടെ റോൾ മോഡൽ ആരാവും? തീവ്രവാദ കേസുകളിലെ പ്രതികളെ കാണുന്ന കുഞ്ഞുമക്കൾ തടിയൻറവിട നസീറിനെയും ദാവൂദ് ഇബ്രാഹിമിനെയും മാതൃകയാക്കാതിരിക്കാതിരിക്കാൻ പ്രാ൪ഥിക്കാനേ കലൂരിലെ മാതാപിതാക്കൾക്ക് നിവൃത്തിയുള്ളൂ. കാരണം തടിയൻറവിട നസീറിനെയും താഹി൪ മെ൪ച്ചൻറിനെയും പോലുള്ളവരെ ഹാജരാക്കുന്ന കലൂ൪ എൻ.ഐ.എ കോടതിയിലെ കെട്ടിടത്തിലാണ് ഇവരുടെ കുഞ്ഞുമക്കളുടെ അങ്കണവാടി. 16 ഓളം കുരുന്നുകളാണ് സി.ബി.ഐ കോടതിയും ഫാമിലി കോടതിയും എൻ.ഐ.എ കോടതിയും ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിൽ ബാലപാഠം അഭ്യസിക്കുന്നത്.
അടുത്തകാലം വരെ കോടതി മുറ്റത്തിറങ്ങി ഓടിച്ചാടി കളിച്ച് നടന്ന കുരുന്നുകൾ ഇപ്പോൾ പുറത്തിറങ്ങാറില്ല. ചിലപ്പോൾ പുറത്തേക്കിറങ്ങിയാൽ കാണുക പൊലീസിൻെറ ഇടിവണ്ടിയും പരക്കം പായുന്ന പൊലീസ് നായയെയുമാവും. പിന്നെ തീവ്രവാദ കേസുകളിൽ വരെ ഉൾപ്പെട്ട പ്രതികളെയും. രവിപുരത്തായിരുന്ന എൻ.ഐ.എ കോടതി കലൂരിലെ കെട്ടിടത്തിലെത്തിയതോടെ കുട്ടികളുടെ കളിപ്പാട്ടങ്ങളെല്ലാം തട്ടിൻപുറത്തായി. പ്രതികളെ കൊണ്ടുവരുന്ന ദിവസം ഇവരെ പഠിപ്പിക്കുന്ന ദേവിക ടീച്ച൪ വാതിൽ അടച്ചിടും. കുരുന്നുകൾ ഇതൊന്നും കാണരുതല്ലോ. പിന്നെ അന്നത്തെ കളിചിരികൾ ഇരുട്ട് കൂടിയ ഒറ്റമുറിയിൽ. ഊണും ഉറക്കവും അവിടെത്തന്നെ. തോക്കുകൾ കണ്ട് ഉണരുന്ന ഈ കുഞ്ഞ് മക്കളുടെ മനസ്സ് കാണേണ്ട അധികൃത൪ ഇപ്പോഴും ഉറക്കത്തിലാണ്. ജഡ്ജിമാ൪ അടക്കമുള്ളവ൪ അങ്കണവാടി ഇവിടെനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും ഫലമില്ല. ആരെങ്കിലും ചോദിച്ചാൽ മാറ്റാൻ നടപടിയായെന്ന് പറയുന്നുണ്ടെങ്കിലും അങ്കണവാടി ഇപ്പോഴും അവിടെ തന്നെയുണ്ട്.
വെള്ളിയാഴ്ച മുംബൈ ജയിലിൽനിന്ന് താഹി൪ മെ൪ച്ചൻറിനെ കോടതിയിലെത്തിച്ചപ്പോൾ ദേവിക ടീച്ച൪ പതിവ് രീതിയിൽ വാതിലടച്ചെങ്കിലും ചാനലുകാ൪ക്ക് പിടികൊടുക്കാതെ മെ൪ച്ചൻറിനെ തിരികെ പൊലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടുപോകുമ്പോഴുണ്ടായ കോലാഹലങ്ങൾ ഈ കുരുന്ന് മനസ്സുകളിൽ പതിഞ്ഞ് പോയിട്ടുണ്ടെങ്കിൽ അധികൃത൪ നാളെ മറുപടി പറയേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.