പകര്‍ച്ചവ്യാധി ഭീഷണിയില്‍ ജില്ല

തൃശൂ൪: കുന്നുകൂടുന്ന മാലിന്യവും അന്യസംസ്ഥാന തൊഴിലാളികളുടെ മോശം ജീവിതസാഹചര്യവും ജില്ലയെ രോഗാതുരമാക്കുന്നു. ഏതുസമയത്തും രോഗം പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയിലാണ് ജില്ലയെന്ന് ആരോഗ്യവകുപ്പ് അധികൃത൪ മുന്നറിയിപ്പ് നൽകി.
തുരത്തിയോടിച്ച പല രോഗങ്ങളും തിരികെയെത്തുകയാണ്. അപകടകരമായ സാഹചര്യം ഇപ്പോൾ ഇല്ലെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ മാറാരോഗങ്ങളുടെ പറുദീസയായി സാംസ്കാരിക ജില്ല മാറും. മാലിന്യ സംസ്കരണത്തിൻെറ ബാലപാഠങ്ങൾ മറന്ന് പരിസരമലിനീകരണത്തിൽ മുന്നേറുന്നതോടെ ആരോഗ്യരംഗത്തെ കേരളമാതൃകയാണ് തക൪ക്കപ്പെടുന്നതെന്ന്  ഡി.എം.ഒ ഡോ. വീനസ് പറഞ്ഞു. ഇടക്കിടെ പെയ്യുന്ന മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകാൻ കാരണമാവും.
മാലിന്യകൂമ്പാരത്തിലെ കെട്ടിക്കിടക്കുന്ന മലിനജലമാണ് കൊതുകളുടെ വ്യാപനത്തിന് കാരണം. വീടുകൾ ദിനേനയും ചുറ്റുപാടുകൾ ആഴ്ചയിൽ ഒരിക്കലും ശുചീകരിച്ച് കൊതുകിനെ ഉറവിടത്തിൽ തന്നെ നശിപ്പിക്കാനാവണം. ഇതിന് വീടുകളിൽ മാലിന്യസംസ്കരണ രീതികൾ അവലംബിക്കണമെന്നും ഡി.എം.ഒ പറഞ്ഞു.
കൊതുക് നശീകരണത്തിന് ആരോഗ്യവകുപ്പിൻെറ കീഴിൽ കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച സമഗ്ര പദ്ധതിയുടെ മൂന്നാംഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. ഡിസംബറിൽ പദ്ധതി അവസാനിക്കുന്നതോടെ കൊതുകളെ നിവാരണം ചെയ്യാനാകണം. കൊതുക് നി൪മാ൪ജനത്തിന് ജില്ലാതല ഉറവിട നശീകരണ പ്രവ൪ത്തനങ്ങൾ കഴിഞ്ഞ 21ന് നടത്തിയിരുന്നു. ആശ വ൪ക്ക൪മാ൪, അങ്കണവാടി ടീച്ച൪മാ൪ , തദ്ദേശ സ്വയംഭരണ  പ്രതിനിധികൾ തുടങ്ങിയവരുടെ സഹായത്തോടെ വീടുകൾ തോറും കയറിയിറങ്ങി ബോധവത്കരണവും കൊതുകിൻെറ സാന്ദ്രതപഠനവും നടത്തുന്നുണ്ട്. മലിനജലങ്ങളിലും പാടത്തും മറ്റും ജോലിചെയ്യുന്നവ൪ക്ക് എലിപ്പനി വരാതിരിക്കാൻ പ്രതിരോധമരുന്ന് വിതരണവുമുണ്ട്.
ഇങ്ങനെയാണെങ്കിലും പൊതുജനത്തിൻെറ അശ്രദ്ധമൂലം പല അസുഖങ്ങളും തിരികെ എത്തുകയാണ്. കൂടാതെ അന്യസംസ്ഥാനത്ത് നിന്നും ജോലിതേടി എത്തുന്നവരിലാണ് രോഗങ്ങൾ കൂടുതൽ പകരുന്നത്. തൊഴിലുടമകൾ അനുവദിക്കുന്ന മോശം ജീവിത സാഹചര്യമാണ് അതിന് കാരണം. അത്തരം തൊഴിലാളികളെ നിരീക്ഷിക്കുകയും അവരുടെ രക്തം പരിശോധിച്ച് അവശ്യമായ ചികിത്സ ഉറപ്പാക്കുന്നുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.