ഉരുള്‍പൊട്ടിയ പ്രദേശം ദുരന്ത നിവാരണ സമിതി തിരിഞ്ഞുനോക്കിയില്ല

കഞ്ചിക്കോട്: ഭൂകമ്പം, ഉരുൾപൊട്ടൽ, പ്രകൃതിക്ഷോഭം എന്നിവ സംഭവിച്ചാൽ നിവാരണത്തിനായി പ്രവ൪ത്തിക്കുന്ന, കലക്ട൪ ചെയ൪മാനായുള്ള ദുരന്ത നിവാരണ സമിതി ഉരുൾപൊട്ടിയ വേലഞ്ചേരി ഭാഗത്തെ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം. സംഭവം നടന്ന് 15 ദിവസം കഴിഞ്ഞിട്ടും നടപടി എടുത്തിട്ടില്ല. ഒക്ടോബ൪ 14ന് രാത്രിയാണ് വേലഞ്ചേരി മേഖലയിൽ ഉരുൾപൊട്ടലുണ്ടായത്. ഒറ്റമൂച്ചി, അയ്യപ്പൻമല തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനെ തുട൪ന്ന് രാത്രി എട്ടോടെയാണ് ദുരന്തം ഉണ്ടായത്. 75 ഹെക്ടറോളം സ്ഥലത്ത് കൃഷി നാശമുണ്ടായി. റെയിൽവേ ലൈനിൽ മണ്ണടിഞ്ഞുകൂടി. പുനരധിവാസവും ദുരന്തം നടന്ന സ്ഥലത്ത് നാശനഷ്ടങ്ങൾ കണക്കാക്കി നഷ്ടപരിഹാരം നൽകലും നടന്നില്ല. കൃഷിഭൂമി പൂ൪വസ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന  സ൪ക്കാ൪ നി൪ദേശം  പാലിക്കപ്പെട്ടില്ല.
ആ൪.ഡി.ഒ സ്ഥലം സന്ദ൪ശിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി കൃഷിസ്ഥലം പൂ൪വസ്ഥിതിയിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തും ഉദ്യോഗസ്ഥരും ക൪ഷക൪ക്ക് ഉറപ്പ് നൽകിയെങ്കിലും രണ്ട് ദിവസത്തെ പണിയോടെ മലമ്പുഴ ബി.പി.ഒ തൊഴിലാളികളെ പിൻവലിച്ചു. ക൪ഷകരുടെ 200 ഏക്ക൪ കൃഷി സ്ഥലം മണ്ണ് മൂടിയിരിക്കുകയാണ്. ഏഴ് കിലോമീറ്റ൪ നീളത്തിൽ മണ്ണ് കുത്തിയൊലിച്ച് പോയി. എന്നിട്ടും കോടികളുടെ ഫണ്ടുള്ള ദുരന്ത നിവാരണ സമിതി സ്ഥലം സന്ദ൪ശിച്ച് നടപടി എടുത്തിട്ടില്ലെന്ന്  പ്രദേശത്തുകാ൪ പരാതിപ്പെട്ടു. ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴും അധികൃത൪ തിരിഞ്ഞുനോക്കാത്തതിൽ ക൪ഷക൪ പ്രതിഷേധത്തിലാണ്. എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് ക൪ഷകരുടെ ആവശ്യം. തൊട്ടടുത്ത അയ്യപ്പൻമലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് വിദഗ്ധ൪ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.