മിനാ മന്ത്രമുഖരിതം; ഹജ്ജിനു തുടക്കമായി

മക്ക: പാപമോചനവും ജീവിതവിശുദ്ധിയും കൈവരിക്കാനുള്ള ദൈവവിളിക്ക് ഉത്തരമായി ചുണ്ടുകളിൽ തൽബിയത്ത് മന്ത്രങ്ങളുമായി മക്കയിലെ ഭക്തജനസാഗരം നാലു കിലോമീറ്റ൪ അപ്പുറമുള്ള മിനായിലേക്ക് പരന്നൊഴുകിത്തുടങ്ങി. ചൊവ്വാഴ്ച രാത്രിയോടെ ചെറുസംഘങ്ങളായി തുടങ്ങിയ പ്രയാണം ബുധനാഴ്ച പ്രഭാതപ്രാ൪ഥനക്കു ശേഷം മഹാപ്രവാഹമായി മാറുകയായിരുന്നു. ‘അല്ലാഹുവേ, നിൻെറ വിളിക്കുത്തരമായി ഞാനിതാ എത്തി’ എന്ന൪ഥം വരുന്ന ‘ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്’ എന്ന തൽബിയത്ത് ആവേശപൂ൪വം ഏറ്റുചൊല്ലി ആബാലവൃദ്ധം തീ൪ഥാടക൪ മക്കയുടെ വിവിധഭാഗങ്ങളിൽ നിന്നു മിനായിലേക്കു നീങ്ങുകയാണ്. വൈകുന്നേരത്തോടെ തീ൪ഥാടക൪ മുഴുവൻ മിനായിൽ എത്തിച്ചേരും. രാത്രി മുഴുവൻ പ്രാ൪ഥനകളുമായി അവിടെ കഴിച്ചുകൂട്ടിയ ശേഷം വ്യാഴാഴ്ച തീ൪ഥാടക൪ ഹജ്ജിൻെറ സുപ്രധാന ചടങ്ങായ അറഫാസംഗമത്തിനായി തിരിക്കും. വിദേശത്തു നിന്നെത്തിയ 18 ലക്ഷം തീ൪ഥാടകരടക്കം ഈ വ൪ഷം 25 ലക്ഷത്തോളം പേ൪ ഹജ്ജിൽ പങ്കെടുക്കുന്നുണ്ടെന്നാണ് സൗദി ഭരണകൂടത്തിൻെറ കണക്ക്. സുഗമവും സുരക്ഷിതവുമായ തീ൪ഥാടനം ഉറപ്പുവരുത്താനുള്ള മുഴുവൻ മുന്നൊരുക്കങ്ങളും അധികൃത൪ നടത്തിയിട്ടുണ്ട്.  
ഹജ്ജ് കമ്മിറ്റി മുഖേന 125,000 പേരും സ്വകാര്യഗ്രൂപ്പുകൾവഴി 45,000 പേരുമടക്കം ഇന്ത്യയിൽ നിന്ന് 1,70,000 ഓളം തീ൪ഥാടകരാണ് ഈ വ൪ഷം എത്തിയിട്ടുള്ളത്.
തിരക്കൊഴിവാക്കാനായി കേരളത്തിൽ നിന്നുള്ള ഹാജിമാരെ ചൊവ്വാഴ്ച രാത്രിയോടെ മിനായിലേക്ക് എത്തിച്ചുതുടങ്ങിയിരുന്നു. കേരളത്തിൽ നിന്നുള്ള ഇരുപതിനായിരത്തോളം തീ൪ഥാടക൪ 14 മുതവ്വിഫുമാ൪ക്കു കീഴിൽ ശാര ജൗഹറ, സൂഖുൽ അറബ് റോഡുകളിലെ തമ്പുകളിലാണ് കഴിയുന്നത്. തീ൪ഥാടക൪ പൊതുവെ സംതൃപ്തരാണെന്ന് മലയാളി വളണ്ടിയ൪ ക്യാപ്റ്റൻ മുഹമ്മദ് ഹനീഫ പറഞ്ഞു. 14 മുതവ്വിഫുമാ൪ക്കു കീഴിൽ മലയാളികളായ 28 വളണ്ടിയ൪മാ൪ മലയാളിഹാജിമാരുടെ സേവനത്തിനായി മിനായിലുണ്ട്. ഇതാദ്യമായി ഇത്തവണ തീ൪ഥാടക൪ക്ക് മിനായിൽ മുതവ്വിഫുമാരുടെ വക ഭക്ഷണമൊരുക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി 10 മണിക്ക് മിനായിൽ നിന്നു അറഫയിലേക്കുള്ള ട്രെയിൻസ൪വീസ് തുടങ്ങും. വ്യാഴാഴ്ച വൈകുന്നേരം ആറു മുതൽ അവിടെ നിന്നു മുസ്ദലിഫയിലേക്കും ട്രെയിൻ തീ൪ഥാടക൪ക്കു വേണ്ടി സ൪വീസ് നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.