കൊല്ലം: പാരിപ്പള്ളി ഐ.ഒ.സി പ്ളാൻറിൽ നടന്നുവന്ന ട്രക്ക് തൊഴിലാളിസമരം ഒത്തുതീ൪പ്പായി. ഇതേതുട൪ന്ന് തിങ്കളാഴ്ച മുതൽ പാചകവാതക സിലിണ്ട൪ വിതരണം പുനരാരംഭിക്കും. കലക്ട൪ പി.ജി തോമസിൻെറ നേതൃത്വത്തിൽ നടന്ന ച൪ച്ചയിലാണ് ഒത്തുതീ൪പ്പുണ്ടായത്.
ഒത്തുതീ൪പ്പ് വ്യവസ്ഥപ്രകാരം ഡ്രൈവ൪മാ൪ക്ക് ആദ്യവ൪ഷം 490 രൂപയുടെ വ൪ധനയും രണ്ടാംവ൪ഷം 525 ഉം മൂന്നാംവ൪ഷം 550 രൂപയും ലഭിക്കും. ക്ളീന൪മാ൪ക്ക് യഥാക്രമം 250, 265, 280 രൂപ വീതം ലഭിക്കും. ഇവ൪ക്ക് ലഭിക്കാനുള്ള 01.4.2012 മുതലുള്ള കുടിശ്ശിക ഡിസംബറിൽ നൽകും. ഞായറാഴ്ച ബോട്ട്ലിങ് പ്ളാൻറിൽ പ്രവ൪ത്തിക്കുന്നതിന് 125 രൂപ അധികമായി ലഭിക്കും. 200 കിലോമീറ്ററിനുമുകളിൽ ഓരോ കിലോമീറ്ററിനും 2.40 രൂപ വീതം ഡ്രൈവ൪ക്കും 1.20 രൂപ വീതം ക്ളീന൪ക്കും ലഭിക്കും.
മൂന്ന് വ൪ഷത്തേക്കാണ് കരാ൪പ്രകാരം കൂലി ലഭിക്കുക. ജനങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഇത്തരം സ്ഥാപനങ്ങളിൽ കഴിവതും സമരമാ൪ഗങ്ങൾ ഒഴിവാക്കണമെന്ന് കലക്ട൪ പറഞ്ഞു. ച൪ച്ചയിൽ ഐ.എൻ.ടി.യു.സി സംസ്ഥാനപ്രസിഡൻറ് ആ൪. ചന്ദ്രശേഖരൻ, പാരിപ്പള്ളി വിനോദ്, സി.ഐ.ടി.യു പ്രതിനിധി സുധീ൪കുമാ൪, ബി.എം.എസ് പ്രതിനിധികളായ അനിൽകുമാ൪, ജി. രവീന്ദ്രൻ, ശിവരാജൻ, ജില്ലാ ലേബ൪ ഓഫിസ൪ ഹെൻട്രി, ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ കെ. അബ്ദുൽ റഷീദ്, ഐ.ഒ.സി പ്ളാൻറ് മാനേജ൪ തോമസ് ജോ൪ജ്, ട്രാൻസ്പോ൪ട്ട് കോൺട്രാക്ട൪മാരായ ജോൺസൺ, എസ്.ജെ മോഹൻ, സുരേഷ്ബാബു, സത്യശീലൻ തുടങ്ങിയവ൪ പങ്കെടുത്തു. ട്രക്ക് തൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക ്ആരംഭിച്ചതിനെ തുട൪ന്ന് പാരിപ്പള്ളി ഐ.ഒ.സി റീഫില്ലിങ് പ്ളാൻറിൻെറ പ്രവ൪ത്തനം സ്തംഭിച്ചിരുന്നു. ഇതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ പാചകവാതക വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. തുട൪ന്നാണ് ജില്ലാ കലക്ട൪ മുൻകൈയെടുത്ത് ച൪ച്ച നടത്തിയത്. വൈകുന്നേരം അഞ്ചിന് ആരംഭിച്ച ച൪ച്ച രാത്രി ഒമ്പതിനാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.