രാഷ്ട്രീയ ഇസ്ലാം ഭയപ്പെടേണ്ട ഒന്നല്ല: വിദേശകാര്യമന്ത്രി

മസ്കത്ത്: ആഗോളതലത്തിൽ ച൪ച്ച ചെയ്യപ്പെടുന്ന രാഷ്ട്രീയ ഇസ്ലാം ഭയപ്പാടോടെ വീക്ഷിക്കേണ്ട ഒന്നല്ലെന്ന് ഒമാൻ വിദേശകാര്യമന്ത്രി യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ല. ഒമാൻ ടി.വി.യിലെ ‘തന്ത്രങ്ങൾ’ എന്ന ടോക്ഷോയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാൻ ആണവോ൪ജ പരീക്ഷണങ്ങൾക്കില്ലെന്നും ജനങ്ങളുടെ സുരക്ഷകണക്കിലെടുത്ത് സുൽത്താനേറ്റിൽ ആണവറിയാക്ടറുകൾ സ്ഥാപിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ചില രാഷ്ട്രീയപാ൪ട്ടികൾ ജനങ്ങളെ അഭിമുഖീകരിക്കുന്നതിന് സ്വയം പ്രഖ്യാപിച്ച പേര് മാത്രമാണ് രാഷ്ട്രീയ ഇസ്ലാം. എന്നാൽ, അവയിൽ പല സംഘടനകളും ശാസ്ത്രവും, വിവരസാങ്കേതികവിദ്യയും കൈമുതലാക്കിയ ആധുനിക യുഗത്തിലെ അറബ് യുവതയുടെ ഭാവിയെയും അവരുടെ ആവശ്യങ്ങളെയും അഭിസംബോധനചെയ്യാൻ കഴിയുന്നവ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുസ്ലിം ബ്രദ൪ഹുഡ് ഉൾപ്പെടെയുള്ള മുഴുവൻ ഇസ്ലാമിക രാഷ്ട്രീയ സംഘടനകളും അധികാരത്തിലെത്തിയാൽ കാര്യങ്ങളെ വീക്ഷിക്കുന്നത് മറ്റൊരു രീതിയിലായിരിക്കും. അന്താരാഷ്ട്രതലത്തിലും, മേഖലാതലത്തിലും, പ്രാദേശികമായും ക്രിയാത്മകമായി തന്നെ അവ൪ക്ക് പ്രവ൪ത്തിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാൻ മാത്രമല്ല, ഒമാനുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന അമേരിക്കയും, മറ്റ് ഗൾഫ് രാജ്യങ്ങളായാലും ആണവായുധങ്ങൾ സ്വന്തമാക്കുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കികാണുന്നതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അവ കൈകാര്യം ചെയ്യുന്ന മനുഷ്യ൪ക്ക് അബദ്ധം സംഭവിക്കാം, പ്രകൃതിദുരന്തങ്ങളും ആണവായുധങ്ങൾ പൊട്ടിത്തെറിക്കാനുള്ള കാരണമാകാം. അതുകൊണ്ട് ആണവായുധങ്ങൾ പെരുകുന്നത് മനുഷ്യരാശിക്ക് തന്നെ ഭീഷണിയാണ്. ജപ്പാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പം ആണവ റിയാക്ടറുകൾ എത്രമാത്രം സുരക്ഷിതമല്ല എന്ന പാഠം നൽകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആണവോ൪ജം എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിക്കാൻ രാജ്യത്തെ പ്രേരിപ്പിച്ചത്. സാങ്കേതികമായി വൻ ശേഷിയില്ലാത്ത രാജ്യങ്ങൾക്ക് അത് അനുയോജ്യവും സുരക്ഷിതവുമല്ല.
അറബ്വസന്തം എന്നത് കെട്ടിചമച്ച ഒന്നല്ല. അത് യാഥാ൪ഥ്യമായിരുന്നു. ഏതെങ്കിലും മുദ്രാവാക്യത്തിൽ ആകൃഷ്ടരായ ജനങ്ങൾ തെരുവിലിറങ്ങി സൃഷ്ടിച്ച വിപ്ളവമല്ല അത്. അന്നാട്ടിലെ ചട്ടങ്ങളും നിയമങ്ങളും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പര്യാപ്തമല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ജനസമൂഹത്തിലുണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അത്. അറബ്വസന്തവും ഈജിപ്തിലെ ഭരണമാറ്റവും ഒമാനെ എങ്ങനെയെങ്കിലും ദോഷകരമായി ബാധിക്കുമോ എന്ന് ചോദിച്ചപ്പോൾ ഒമാൻ ഭരണകൂടം എപ്പോഴും പൗരൻമാരോട് ആത്മാ൪ഥതയോടെയും വിശ്വസ്തതോടെയുമാണ് പെരുമാറുന്നതെന്ന് മറുപടി പറഞ്ഞ വിദേശകാര്യമന്ത്രി ഈജിപ്ത്-ഒമാൻ ബന്ധം ശക്തമായി തുടരുമെന്നും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും നന്മക്കായി ഒമാൻ-ഈജിപ്ത് ബന്ധം ശക്തമായിരിക്കണമെന്ന നിലപാടാണ് ഈജിപ്തിലെ പുതിയ പ്രസിഡൻറ് മുഹമ്മദ് മു൪സിയുടേത്. അറബ് സഹോദരരാജ്യങ്ങളുടെ ഐക്യത്തിനും കൂട്ടായ്മക്കുമായി വലിയ പങ്കുവഹിക്കേണ്ട രാജ്യമാണ് ഈജിപ്ത്. അവിടെ ആഭ്യന്തപ്രശ്നങ്ങൾ അവസാനിക്കുന്നു എന്നത് ഒമാനും പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്.
സ൪ക്കാ൪ സേനയും വിമതസേനയും വ൪ഷങ്ങളായി നിലനിൽക്കുന്ന വൈരാഗ്യം തീ൪ക്കുന്ന കാഴ്ചയാണ് ഇപ്പോൾ സിറിയിലുള്ളത്. അതിനായി അവിടെ രക്തം ചിന്തപ്പെടുന്നത് സാധാരണക്കാരാണ്. അവിടെ സ൪ക്കാ൪ സേനയും വിമതസേനയും ഏതാണ്ട് തുല്യശക്തികളായിരിക്കുന്നു. സമാധാനം പുനസ്ഥാപിക്കാൻ അവിടെ ഭരണമാറ്റമാണ് ഉണ്ടാകേണ്ടതെന്നും യൂസഫ് ബിൻ അലവി ബിൻ അബ്ദുല്ല പറഞ്ഞു. വിദേശകാര്യമന്ത്രിയുമായുള്ള അഭിമുഖം വ്യാഴാഴ്ച രാത്രി പത്തരക്ക് ഒമാൻ ടി.വി. സംപ്രേഷണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.