പ്രസന്നയെ വാങ്ങിയ ഒമാനി കൈയൊഴിയുന്നു; നാട്ടിലെ ഏജന്‍റ് അഷ്റഫ് ദുബൈയിലേക്ക് കടന്നു

മസ്കത്ത്: യു.എ.ഇയിൽ നിന്ന് മലയാളി വീട്ടമ്മ പ്രസന്നയെ വീട്ടുജോലിക്കായി ഒമാനിലേക്ക് പണം കൊടുത്ത് വാങ്ങിയ ഒമാൻ സ്വദേശി കൈയൊഴിയുന്നു. തനിക്ക് അങ്ങനെയൊരു വീട്ടുജോലിക്കാരിയില്ലെന്നാണ് ഇദ്ദേഹം മസ്കത്ത് ഇന്ത്യൻ എംബസി അധികൃതരോട് പ്രതികരിച്ചത്. വെള്ളിയാഴ്ച നിസ്വയിലെ ഒമാനി വീട്ടിൽ നിന്ന് രക്ഷപ്പെട്ട് മസ്കത്ത് ഇന്ത്യൻ എംബസിയിൽ അഭയം തേടിയ തിരുവല്ല സ്വദേശിനി പ്രസന്നയെ നാട്ടിലെത്തിക്കുന്നതിന് പാസ്പോ൪ട്ടും മറ്റ് രേഖകളും വിട്ടുകിട്ടുന്നതിനാണ് എംബസി അധികൃത൪ ഇദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടത്. തനിക്ക് ഇത്തരമൊരു ജോലിക്കാരിയില്ലെന്ന് പ്രതികരിച്ച ഇദ്ദേഹം തുട൪ന്നുള്ള കോളുകൾക്ക് പ്രതികരിക്കാൻ പോലും തയാറായില്ലത്രെ. അതിനിടെ പ്രസന്നക്ക് ഇയാൾ നൽകിയിരുന്ന മൊബൈൽ സിം കാ൪ഡ് റദ്ദാക്കപ്പെട്ടിട്ടുണ്ട്. പ്രസന്നയുടെ പാസ്പോ൪ട്ട് ഉൾപ്പെടെയുള്ള രേഖകൾ തൊഴിലുടമയുടെ കൈവശമായതിനാൽ തുട൪ നടപടികൾക്കായി പാസ്പോ൪ട്ടിൻെറ പക൪പ്പോ, പാസ്പോ൪ട്ട് നമ്പറോ ലഭിക്കുന്നതിന് നാട്ടിലെ ബന്ധുക്കളുടെ സഹായം തേടിയിരിക്കുകയാണിപ്പോൾ.
അതേസമയം പ്രസന്നയടക്കം തിരുവല്ല സ്വദേശികളായ അഞ്ചു സ്ത്രീകളെ വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് വൻ തുക കൈപറ്റിയ ശേഷം ഇവരെ ദുബൈയിൽ വീട്ടുജോലിക്ക് കൈമാറിയ തിരുവന്തപുരം ബീമാപള്ളി സ്വദേശിയായ അഷ്റഫും ദുബൈയിലേക്ക് കടന്നതായി പ്രസന്നയുടെ ബന്ധു കെ.എസ്. ജിതേഷ് നാട്ടിൽ നിന്ന് ‘ഗൾഫ് മാധ്യമ’ത്തോടു പറഞ്ഞു. ദുബൈയിൽ ഡ്രൈവ൪ ജോലി നൽകാമെന്ന് പറഞ്ഞ് ജിതേഷിൽ നിന്നും ഒരുലക്ഷം രൂപ ഇവ൪ തട്ടിയെടുത്തിട്ടുണ്ട്. അഷ്റഫിൻെറ സുഹൃത്ത് ബാബു 80,000 രൂപയും അഷ്റഫ് 20,000 രൂപയുമാണ് കൈപറ്റിയതത്രെ. ശംഖുമുഖം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെ 45 ദിവസത്തിനകം വീട്ടുജോലിക്ക് കയറ്റി അയച്ച മുഴുവൻ പേരെ നാട്ടിലെത്തിക്കാമെന്നും പണം തിരിച്ചു നൽകാമെന്നും ഇയാൾ രേഖാമൂലം ഉറപ്പുനൽകിയിരുന്നതാണ്. ഇതിനിടെയാണ് ഇയാൾ ഗൾഫിലേക്ക് കടന്നതെന്ന് ജിതേഷ് വ്യക്തമാക്കി. നെടുമങ്ങാട് കബീല ട്രാവൽസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവ൪ത്തിച്ചിരുന്ന ഇയാൾ യു.എ.ഇയിലെ അജ്മാനിൽ സെൻട്രൽ പോസ്റ്റ് ഓഫിസിന് എതി൪വശത്ത് ‘അൽമായാസ്’ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവ൪ത്തിക്കുന്നുണ്ടെന്നാണ് നാട്ടിലുള്ളവ൪ക്ക് ലഭിച്ച വിവരം.
തിരുവല്ല സ്വദേശിനികളായ പ്രസന്ന, ലത, സൂസൻ, സുജാത എന്ന് പേരുള്ള രണ്ടുപേ൪ എന്നിവരെയാണ് ഇയാളടക്കമുള്ള ഏജൻറുമാ൪ പണം കൈപറ്റി യു.എ.ഇയിലേക്ക് കൊണ്ടുപോയത്. ഇവരിൽ പ്രസന്നയെയും, ലതയെയും ഒമാനിലേക്ക് പണം വാങ്ങി യു.എ.ഇയിലെ ഏജൻറുമാ൪ വിൽക്കുകയായിരുന്നു. ഇവരിൽ സൂസനും, ഒരു സുജാതയും തിരിച്ച് തിരുവല്ലയിലെത്തി. വീണ് കൈയൊടിഞ്ഞതാണ് സൂസന് ‘അനുഗ്രഹമായത്’. കൈയൊടിഞ്ഞിട്ടും നാട്ടിലേക്ക് വിടാതെ 20 ദിവസത്തോളം സൂസനെ ഇവ൪ യു.എ.ഇയിലെ കേന്ദ്രത്തിൽ അടച്ചിട്ട് മ൪ദിച്ചിരുന്നുവത്രെ. ഒരു ശ്രീലങ്കൻ വനിതയാണ് ഈ കേന്ദ്രത്തിൽ മ൪ദനത്തിന് നേതൃത്വം നൽകുന്നതെന്ന് ഇവ൪ വെളിപെടുത്തുന്നു. സ്തനാ൪ബുദത്തെ തുട൪ന്ന് ശസ്ത്രക്രിയക്ക് വിധേയയത് തൊഴിലുടമകൾ തിരിച്ചറിഞ്ഞതോടെയാണ് സുജാതമാരിൽ ഒരാളെ നാട്ടിലേക്ക് തിരിച്ചയക്കാൻ കാരണം.
അബൂദബിയിൽ ഇപ്പോൾ വീട്ടുജോലി ചെയ്യുന്ന സൂജാത കടുത്ത ദുരവസ്ഥയിലാണെന്നും ലതീഷ് പറഞ്ഞു. നാട്ടിൽ പതിനായിരം രൂപയോളം ശമ്പളം പറ്റിയിരുന്ന നഴ്സിങ് യോഗ്യതയുള്ള ലതയാണെങ്കിൽ അതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് ഒമാനിലെ മുസന്നയിൽ വീട്ടുജോലി ചെയ്യേണ്ട ഗതികേടിലാണ്. എന്നെങ്കിലും നാട്ടിലേക്ക് രക്ഷപ്പെടാനുള്ള വഴികൾ തുറന്നുകിട്ടുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ ഭ൪ത്താവും ബന്ധുക്കളും കാത്തിരിക്കുന്ന ഈ വീട്ടമ്മമാ൪.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.