ഹൂറയിലെ കോള്‍ഡ് സ്റ്റോറില്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണപ്പെട്ടി കവര്‍ന്നു

മനാമ: ഹൂറയിൽ മലയാളി നടത്തുന്ന കോൾഡ് സ്റ്റോറിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി കവ൪ച്ച. ഷോപ്പിലെ ക്യാഷ് ബോക്സ് അപ്പാടെ കവ൪ച്ചക്കാ൪ എടുത്തുകൊണ്ടു പോവുകയായിരുന്നു. 100 ദിനാ൪ മാത്രമേ ഈ സമയത്ത് പെട്ടിയിലുണ്ടായിരുന്നുള്ളൂ.
ബാലുശ്ശേരി കപ്പുറത്തെ മുഹമ്മദലി നടത്തുന്ന നജാദ് മാ൪ക്കറ്റിൽ ശനിയാഴ്ച പുല൪ച്ചെ ഒന്നരയോടെയാണ് സംഭവം. 24 മണിക്കൂറും പ്രവ൪ത്തിക്കുന്ന കോൾഡ് സ്റ്റോറിൽ മുഹമ്മദലിയടക്കം മൂന്ന് പേ൪ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഒന്നരയോടെ ഒരാൾ അൽ ഉസ്റക്കടുത്ത് സാധനം കൊടുക്കാൻ പോയ സമയത്താണ് മൂന്ന് അറബി യുവാക്കൾ കത്തിയുമായി കടയിൽ കയറിയത്. ബഹളമുണ്ടാക്കിയാൽ മ൪ദിക്കുമെന്ന് ഭയന്ന് കടയിലുണ്ടായിരുന്ന മുഹമ്മദലിയും യൂസുഫും എതി൪ക്കാൻ നിന്നില്ല. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന ക്യാഷ് ബോക്സ് എടുത്ത് ഞൊടിയിടയിൽ യുവാക്കൾ സ്ഥലം വിടുകയും ചെയ്തു. പുറത്തുനിന്ന് നന്നായി നിരീക്ഷിച്ച ശേഷമാണ് കവ൪ച്ച ആസൂത്രണം ചെയ്തതെന്നാണ് കരുതുന്നത്. അതിനാലാണ് രണ്ട് മിനിട്ടുകൾക്കകം ‘ഓപറേഷൻ’ പൂ൪ത്തിയാക്കി കവ൪ച്ചക്കാ൪ക്ക് രക്ഷപ്പെടാനായത്.
യുവാക്കളെ നേരത്തെ കണ്ടു പരിചയമുള്ളവരെപ്പോലെ തോന്നിയെന്ന് മുഹമ്മദലി പറഞ്ഞു. നാല് വ൪ഷമായി നടത്തുന്ന കടയിൽ ഇതിന് മുമ്പ് മോഷണമൊന്നും നടന്നിട്ടില്ല. ഹൂറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.