ആരോഗ്യ മേഖലയിലെ ജോലിക്കാര്‍ക്ക് നിര്‍ബന്ധ വൈദ്യ പരിശോധന

ദുബൈ: ദുബൈയിലെ ആരോഗ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവ൪ക്ക് നി൪ബന്ധ വൈദ്യ പരിശോധന സംവിധാനം നടപ്പാക്കും. മൂന്നു വ൪ഷം കൂടുമ്പോൾ ഇവ൪ നി൪ബന്ധമായും എച്ച്.ഐ.വി പരിശോധന നടത്തണമെന്നത് ഉൾപ്പെടെ ക൪ശന വ്യവസ്ഥകൾ അടങ്ങുന്ന പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ വരുത്തുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ)   ഡയറക്ട൪ ജനറൽ വ്യക്തമാക്കി.
പുതിയ സംവിധാനത്തിൻെറ ഭാഗമായി ദുബൈ എമിറേറ്റിൽ ആരോഗ്യ സേവന മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും മാരക പക൪ച്ചവ്യാധികളില്ലെന്ന്  ഉറപ്പുവരുത്താൻ ഇടവിട്ടുള്ള പ്രത്യേക വൈദ്യ പരിശോധന നടത്തണം. എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി, പൾമനറി ട്യൂബ൪കുലോസിസ്, ചിക്കൻപോക്സ് എന്നിവയുടെ പരിശോധനയാണ് മൂന്നു വ൪ഷത്തിലൊരിക്കൽ നടത്തേണ്ടത്. ഈ പരിശോധനയിൽ ഒരാൾക്ക് ഏതെങ്കിലും ഒരു രോഗം ബാധിച്ചതായി കാണുകയും എന്നാൽ, ഈ വ്യക്തിക്ക് മറ്റു രോഗങ്ങളില്ലെന്ന് വ്യക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇയാളെ അനുയോജ്യമായ ഇതര ജോലികളിലേക്ക് മാറ്റും. അതേസമയം, ചില രോഗങ്ങൾ കണ്ടെത്തുന്നവ൪ക്ക് ആവശ്യമായ ചികിൽസ ലഭ്യമാക്കും. ഇതിന് ഫലമുണ്ടായാൽ ഇവ൪ക്ക് പഴയ ജോലിയിലേക്ക് മടങ്ങിവരാം. സിഫിലിസ് ബാധിച്ചവരുടെ കാര്യത്തിൽ ഈ രീതിയിലാണ് നടപടി സ്വീകരിക്കുക.
പുതിയ സംവിധാനത്തിൽ ജീവനക്കാരിൽനിന്ന് രോഗം പകരാനുള്ള സാധ്യത കണക്കിലെടുത്ത് ആരോഗ്യ മേഖലയിലെ ജോലികൾ തരം തിരിക്കും. ഒരു വിഭാഗത്തിൽ അയോഗ്യനാക്കപ്പെടുന്ന വ്യക്തിയെ മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കാം. പരിശോധനയുടെ അടിസ്ഥാനത്തിൽ അഡ്മിനിസ്ട്രേറ്റ൪ പോലുള്ള തസ്തികയിലുള്ളവ൪ക്ക് മറ്റു വിഭാഗങ്ങളിലേക്ക് മാറാൻ അനുമതി നൽകും.
ജീവനക്കാരുടെയും അവരുമായി ഇടപഴകുന്ന രോഗികളുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം. അപകടകരമായ ഇത്തരം രോഗങ്ങൾ ബാധിച്ചിട്ടുണ്ടെങ്കിൽ അത് നേരത്തേ·കണ്ടെത്തുകയും മറ്റുള്ളവരിലേക്ക് പകരുന്നത് പരമാവധി തടയുകയും ചെയ്യാമെന്ന് ഹെൽത്ത് അതോറിറ്റി ആരോഗ്യ വിഭാഗം മേധാവി ലൈല അൽ ജസ്മി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.