മൂന്നാ൪: മാലിന്യ നി൪മാ൪ജനത്തിന് ദേശീയ പുരസ്കാരം നേടിയ മൂന്നാ൪ ഗ്രാമപഞ്ചായത്ത് മാലിന്യക്കൂമ്പാരമാകുന്നു. വിനോദ സഞ്ചാരികളും വ്യാപാരികളും മത്സരിച്ച് വലിച്ചെറിയുന്ന മാലിന്യമാണ് റോഡരികുകളും പുഴയോരങ്ങളും മലിനമാക്കുന്നത്.
ടൗണും പരിസരവും വൃത്തിയാക്കാൻ ലക്ഷങ്ങൾ മുടക്കുന്ന പദ്ധതികളുള്ളപ്പോഴാണ് വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മൂന്നാ൪ പ്ളാസ്റ്റിക് മാലിന്യങ്ങളുടെയും ജൈവാവശിഷ്ടങ്ങളുടെയും കൂമ്പാരമായി മാറിയിരിക്കുന്നത്. വിസ൪ജ്യ വസ്തുക്കളടക്കമുള്ള മാലിന്യം നിറഞ്ഞ് ഓടകളും അറവുശാലകളിലെ ചീഞ്ഞളിഞ്ഞ മാലിന്യമുള്ള പുഴകളുമാണ് സഞ്ചാരികളെ സ്വീകരിക്കുന്നത്.
മത്സ്യ-മാംസ-പച്ചക്കറി കടകളിലെ മാലിന്യ സംസ്കരണത്തിന് പഞ്ചായത്ത് അധികൃത൪ നടപടി സ്വീകരിക്കാത്തതാണ് തിരിച്ചടിയായിരിക്കുന്നത്. ഇറച്ചിക്കടകളും കോഴിക്കടകളും തുറന്ന് പ്രവ൪ത്തിക്കാൻ ലൈസൻസ് നൽകുന്നതിന് മുമ്പ് ഇവരുടെ മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാൽ, ഉദ്യോഗസ്ഥരെയും ഭരണക൪ത്താക്കളെയും സ്വാധീനിച്ച് പിൻവാതിലിലൂടെ അനുമതി നേടിയാണ് പല മാംസ വ്യാപാര കേന്ദ്രങ്ങളും പ്രവ൪ത്തിക്കുന്നത്. ടൗണിന് മധ്യത്തിൽ അടച്ചുറപ്പും വൃത്തിയുമില്ലാതെ കോഴിക്കടകൾ പ്രവ൪ത്തിക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നു.
കേടായ മത്സ്യങ്ങളും അറവുശാലയിലെ അവശിഷ്ടങ്ങളും വലിച്ചെറിയുന്നത് മുതിരപ്പുഴയാറ്റിലേക്കാണ്. കഴിഞ്ഞ വ൪ഷം കടയിൽ വെച്ച് ചത്ത നിരവധി കോഴികളെ പുഴയിലേക്ക് വലിച്ചെറിഞ്ഞത് വിവാദമായിരുന്നു. പള്ളിവാസൽ, മാങ്കുളം, കുഞ്ചിത്തണ്ണി, ആനച്ചാൽ ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പുഴയാണ് അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ് ചീത്തയാകുന്നത്. മാംസ വ്യാപാര കേന്ദ്രങ്ങളിലെ അവശിഷ്ടങ്ങൾ മറവുചെയ്യാൻ സംവിധാനമില്ലാത്തതും പ്രശ്നമാണ്. മൂന്നാ൪ ടൗൺ കേന്ദ്രീകരിച്ച് തെരുവുനായകളുടെ എണ്ണം പെരുകാൻ പ്രധാന കാരണം ഇത്തരം അവശിഷ്ടങ്ങളാണ്.
ടൗണിന് മധ്യത്തിലുള്ള പച്ചക്കറി മാ൪ക്കറ്റിൻെറ മുൻഭാഗത്ത് ആളുകൾ മൂത്രമൊഴിക്കുന്നത് മൂലം ഈ ഭാഗത്ത് സഞ്ചാരവും സാധനങ്ങൾ വാങ്ങുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. രണ്ടുവ൪ഷം മുമ്പ് പ്ളാസ്റ്റിക് നിരോധം നടപ്പാക്കിയ പഞ്ചായത്താണ് മൂന്നാ൪. എങ്കിലും റോഡിലും പുഴകളിലും പ്ളാസ്റ്റിക് വസ്തുക്കളാണ് ഏറെയുള്ളത്. വൻകിട ഹോട്ടലുകളിലെയും റിസോ൪ട്ടുകളിലെയും മാലിന്യക്കുഴലുകൾ പലതും പുഴകളിലേക്കാണ് തുറന്നുവെച്ചിരിക്കുന്നത്. പണ സ്വാധീനം മൂലം ഇത് തടയാനും അധികൃത൪ തയാറാകുന്നില്ലെന്ന് ആരോപണമുണ്ട്.
മൂന്നാ൪ സന്ദ൪ശിക്കാനെത്തുന്ന വിനോദ സഞ്ചാരികളും മേഖലയെ മലിനമാക്കാൻ മത്സരിക്കുകയാണ്. തയാറാക്കി കൊണ്ടുവരുന്ന ഭക്ഷണം പ്ളാസ്റ്റിക് പാത്രങ്ങളിലാക്കി കഴിച്ച ശേഷം റോഡരികിൽ തന്നെ ഉപേക്ഷിച്ച് മടങ്ങുകയാണ് പതിവ്. കാട്ടുമൃഗങ്ങൾ വിഹരിക്കുന്ന ദേവികുളം, മാട്ടുപ്പെട്ടി, കുണ്ടള, രാജമല എന്നിവിടങ്ങളിലെല്ലാം റോഡരികിൽ മാലിന്യക്കൂമ്പാരങ്ങളാണ്. കാട്ടാനകളുടെ മരണത്തിന് പിന്നിലെ പ്രധാന കാരണം പ്ളാസ്റ്റിക് വസ്തുക്കൾ തിന്നുന്നതാണത്രേ. അവശിഷ്ടങ്ങളും കവറുകളും റോഡിൽ നിക്ഷേപിക്കുന്നവ൪ക്കെതിരെ നടപടിയെടുക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യാൻ വൈകിയാൻ ജൈവ വൈവിധ്യം കൊണ്ട് ലോക പ്രശസ്തമായ മൂന്നാ൪ മേഖല മാലിന്യ മൂന്നാ൪ എന്നറിയപ്പെടുകയാകും ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.