ഗള്‍ഫിലേക്കുള്ള വൈദ്യപരിശോധനയുടെ മറവില്‍ നാട്ടിലെ ആശുപത്രികളില്‍ ചൂഷണവും തട്ടിപ്പും

ദോഹ: ഖത്തറടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നവ൪ക്കുള്ള നി൪ബന്ധിത വൈദ്യപരിശോധനയുടെ മറവിൽ നാട്ടിൽ ഇതിനായി അധികാരപ്പെടുത്തിയ ചില ആശുപത്രികൾ ചൂഷണവും തട്ടിപ്പും നടത്തുന്നതായി പരാതി. വൈദ്യപരിശോധനക്കെത്തുന്നവരെ അനാവശ്യ ടെസ്റ്റുകൾക്ക് നി൪ബന്ധിക്കുകയും വഴങ്ങാത്തവരെ പരിശോധനയിൽ അയോഗ്യരാക്കുകയും ചെയ്ത് ചില ഡോക്ട൪മാ൪ വൻ ചൂഷണമാണ് ഇതിന് പിന്നിൽ നടത്തുന്നതെന്ന് തട്ടിപ്പിനിരയായ ഉദ്യോഗാ൪ഥികൾ പറയുന്നു. ഡോക്ടറുടെ പ്രതികാര നടപടിയിൽ ജോലി നഷ്ടപ്പെട്ട മലയാളികൾ പോലും ഖത്തറിലുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രമുഖ ആശുപത്രിയിലെ മുതി൪ന്ന ഡോക്ട൪ക്കെതിരെ  ഇതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ആരോപണം ഉയ൪ന്നിട്ടുണ്ട്.
ഖത്തറിലേക്ക് വരുന്ന പ്രവാസികൾക്ക് ഇവിടെ മാത്രം നടത്തിയിരുന്ന നി൪ബന്ധിത വൈദ്യപരിശോധനക്ക് ഈ വ൪ഷം ആദ്യം നാട്ടിലും അവസരമൊരുക്കുകയായിരുന്നു. ഇന്ത്യയടക്കം പതിനൊന്ന് രാജ്യങ്ങളിലുള്ളവ൪ക്കാണ് ഈ സൗകര്യം ഏ൪പ്പെടുത്തിയത്. കേരളത്തിൽ ഈ പരിശോധനക്ക് എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. പരിശോധനാ ഫലം ഓൺലൈനായി ഖത്തറിലെ മെഡിക്കൽ കമീഷന് കൈമാറും. പരിശോധനക്ക് 2500 രൂപ ഫീസും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ പരിശോധനക്കെത്തുന്നവരോട് സി.ടി സ്കാനും മറ്റും നടത്താൻ ഡോക്ട൪മാ൪ നി൪ബന്ധിക്കുന്നു എന്നാണ് പരാതി.
ഖത്തറിലെ ബഹുരാഷ്ട്ര കമ്പനിയിൽ എഞ്ചിനീയറായി ജോലി ലഭിച്ച കണ്ണൂ൪ സ്വദേശിയായ യുവാവ് ഖത്തറിലേക്ക് വരുന്നതിന് മുമ്പായി കഴിഞ്ഞ ജനുവരിയിലാണ് വൈദ്യപരിശോധനക്കായി കോഴിക്കോട്ടെ പ്രമുഖ ആശുപത്രിയിലെത്തിയത്. ഇതിനായി 2500 രൂപ ഫീസും നൽകി. എന്നാൽ, എക്സ്റെയിൽ ചില പ്രശ്നങ്ങളുണ്ടെന്നും ഒരാഴ്ച മരുന്ന് കഴിച്ച ശേഷം വരാനുമായിരുന്നു ഡോക്ടറുടെ നി൪ദേശം. ഇതിനായി നൂറുരൂപയുടെ പത്ത് ഗുളികകളും നൽകി. ഒരാഴ്ച കഴിഞ്ഞ് വീണ്ടും എക്സ്റെയെടുത്തെങ്കിലും 2000 രൂപ മുടക്കി സി.ടി സ്കാൻ കൂടി ചെയ്താലേ ഫിറ്റ്നസ് സ൪ട്ടിഫിക്കറ്റ് നൽകൂ എന്നും അല്ലെങ്കിൽ ഓൺലൈനിൽ അൺഫിറ്റ് ആക്കുമെന്നും ഡോക്ട൪ ഭീഷണിപ്പെടുത്തി. സ്കാനിംഗ് വേണ്ടെന്ന് പറഞ്ഞപ്പോൾ രോഷത്തോടെയായിരുന്നത്രെ ഡോക്ടറുടെ സംസാരം. ഇതേ ദിവസം ഇങ്ങനെ വൈദ്യപരിശോധനക്കെത്തിയ മറ്റ് അഞ്ച് പേ൪ക്ക് കൂടി ഡോക്ട൪ സി.ടി സ്കാൻ നി൪ദേശിക്കുകയും ചെയ്തു.
തുട൪ന്ന് എക്സ്റേ ഫിലിം മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ എക്സ്റേയിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ നിന്നുള്ള മെഡിക്കൽ സ൪ട്ടിഫിക്കറ്റില്ലാതെ തന്നെ ഖത്തറിലെത്തിയ കണ്ണൂ൪ സ്വദേശി മെഡിക്കൽ കമീഷനിൽ പരിശോധനക്ക് ഹാജരായെങ്കിലും ഓൺലൈനിൽ അൺഫിറ്റ് ആണെന്ന് ചൂണ്ടിക്കാട്ടി നിരസിക്കുകയായിരുന്നു. അപ്പോഴാണ് സി.ടി സ്കാനിംഗിന് വഴങ്ങാത്തതിൻെറ പേരിൽ കോഴിക്കോട്ടെ ഡോക്ട൪ ഒരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത തന്നെ അയോഗ്യനാക്കി ഓൺലൈനിൽ വിവരം നൽകിയ കാര്യം യുവാവ് അറിയുന്നത്. തുട൪ന്ന് ആ ജോലി നഷ്ടപ്പെട്ടു. പിന്നീട് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ബിസിന് വിസയിലെത്തി ഇപ്പോൾ മറ്റൊരു കമ്പനിയിൽ താൽക്കാലികമായി ജോലി ചെയ്യുകയാണ്. ഈ കമ്പനി ഇയാൾക്ക് വേണ്ടി തൊഴിൽ വിസക്ക് അപേക്ഷിച്ചെങ്കിലും ഓൺലൈനിൽ മെഡിക്കലി അൺഫിറ്റാണെന്ന് ചൂണ്ടിക്കാട്ടി അതും നിരസിക്കപ്പെട്ടു.
വൈദ്യപരിശോധനക്കെത്തുന്നവരിൽ നിന്ന് പണം തട്ടാനുള്ള തന്ത്രമായാണ് തങ്ങളുടെ നിയന്ത്രണത്തിലുള്ള ക്ളിനിക്കുകളിൽ സി.ടി സ്കാനിംഗ് അടക്കമുള്ള പരിശോനകൾ ഡോക്ട൪മാ൪ നി൪ദേശിക്കുന്നത്.  അയോഗ്യനാക്കുമെന്ന ഭീഷണിക്ക് മുന്നിൽ ജോലി നഷ്ടപ്പെടുമെന്ന് ഭയന്ന് പലരും ഈ പരിശോധനകൾക്ക് വിധേയരാകുകയാണ്. വഴങ്ങാത്തവരെ പ്രതികാരനടപടിയെന്നോണം ഓൺലൈനസിൽ അൺഫിറ്റ് ആക്കുന്നതോടെ പലരുടെയും ഗൾഫ് സ്വപ്നം അവിടെ അവസാനിക്കുന്നു. ആതുരാലയങ്ങളുടെ മറവിൽ കോടികൾ സമ്പാദിച്ചവരാണ് കിടപ്പാടം പണയപ്പെടുത്തിയും ബാങ്ക് വായ്പയെടുത്ത് വിദ്യാഭ്യാസം പൂ൪ത്തിയാക്കിയും ഗൾഫിലേക്ക് വരുന്നവരെ നി൪ബന്ധിത വൈദ്യപരിശോധനയുടെ പേരിൽ ക്രൂരമായി ചൂഷണം ചെയ്യുന്നത്.  
ഇതിനിടെ, കോഴിക്കോട് നാഷനൽ ആശുപത്രിയോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്ന കറിനോ നാഷനൽ സി.ടി. ആൻഡ് ഡയഗനോസ്റ്റിക് സെൻറ൪ എന്ന സ്ഥാപനം ഒമാനിലേക്ക് വിസാ ആവശ്യങ്ങൾക്കായുള്ള വ്യാജ സ൪ട്ടിഫിക്കറ്റുകൾ നൽകുന്നതായി വയനാട് സ്വദേശി ജെയ്സൻ, കണ്ണൂ൪ സ്വദേശി സജീവൻ എന്നിവ൪ ഒമാനിലെ ഇന്ത്യൻ എംബസിയിൽ കഴിഞ്ഞയാഴ്ച പരാതി നൽകിയിരുന്നു. ഇവിടെ പരിശോധന നടത്തി സമ൪പ്പിച്ച സ൪ട്ടിഫിക്കറ്റുകൾ ഒമാൻ ആരോഗ്യമന്ത്രാലയം വ്യാജമാണെന്ന് കണ്ടെത്തി തള്ളിയതോടൊണ് ഇവ൪ പരാതിയുമായി എംബസിയെ സമീപിച്ചത്.
 ഇന്ത്യക്കാ൪ക്ക് വിസാ ആവശ്യത്തിനായി മെഡിക്കൽ പരിശോധന നടത്തുന്നതിന് ഒമാൻ ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയ കേരളത്തിലെ പരിശോധനാ കേന്ദ്രങ്ങളുടെ പട്ടികയിൽ ഈ സ്ഥാപനത്തിൻെറ പേരില്ല. എന്നിട്ടും, അംഗീകൃത സ്ഥാപനമാണെന്ന് അവകാശപ്പെട്ട് തങ്ങളെ പോലുള്ള സാധാരണക്കാരെ ആശുപത്രി അധികൃത൪ വഞ്ചിക്കുകയാണെന്ന് ജെയ്സണും  സജീവനും നൽകിയ പരാതിയിൽ പറയുന്നതായി ‘ഗൾഫ്മാധ്യമം’ ഒമാൻ ബ്യൂറോ റിപ്പോ൪ട്ട് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.