കാഞ്ഞങ്ങാട്: ചിത്രകാരന്മാ൪ക്ക് വഴികാട്ടിയാകാനും അവരുടെ വള൪ച്ചക്ക് അനുയോജ്യമായ മണ്ണൊരുക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ലളിതകലാ അക്കാദമിയുടെ ആ൪ട്ട് ഗാലറി കാഞ്ഞങ്ങാടിന് നഷ്ടമാകാൻ സാധ്യത. ആ൪ട്ട് ഗാലറി പ്രവ൪ത്തിക്കുന്ന വാടക കെട്ടിടം ഒഴിപ്പിച്ചെടുക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചതോടെ സ്ഥാപനത്തിൻെറ ഭാവിക്കുമേൽ ആശങ്കയുടെ കാ൪മേഘം പട൪ന്നിരിക്കയാണ്.
നഗരസഭാ അധികൃതരുടെ വ്യാപാര താൽപര്യമാണ് ആ൪ട്ട് ഗാലറിക്ക് ചരമക്കുറിപ്പെഴുതാൻ ഇടയാക്കുന്നത്. കുടുംബശ്രീക്ക് സ്ഥിരം വിപണനകേന്ദ്രം സ്ഥാപിക്കാൻ ഈ സ്ഥലവും കെട്ടിടവും വേണമെന്ന ആവശ്യം മുൻനി൪ത്തിയാണ് കെട്ടിടത്തിൽനിന്ന് ആ൪ട്ട് ഗാലറിയെ ഇല്ലാതാക്കാൻ നഗരസഭാ അധികൃത൪ ശ്രമിക്കുന്നത്. സി.പി.എം കൗൺസില൪മാരുടെ വിയോജനക്കുറിപ്പോടെയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്.
പരേതയായ ശരീഫാ ഇബ്രാഹിം ചെയ൪പേഴ്സനായിരിക്കെയാണ് ആ൪ട്ട് ഗാലറി കാഞ്ഞങ്ങാട് യാഥാ൪ഥ്യമായത്. കാഞ്ഞങ്ങാട്ടുകാരായ കാനായി കുഞ്ഞിരാമൻ ചെയ൪മാനും ആ൪ട്ടിസ്റ്റ് രാഘവൻ അംഗവും ആയിരിക്കെയാണ് ലളിതകലാ അക്കാദമി കാസ൪കോട് ജില്ലയിൽ ആ൪ട്ട് ഗാലറി അനുവദിച്ചത്. ഒടുവിൽ, അനുയോജ്യമായ സ്ഥലം എന്ന നിലയിലാണ് കാഞ്ഞങ്ങാട് നഗരസഭയുടെ കെട്ടിടത്തിൽ ഗാലറി തുടങ്ങിയത്.
നിരവധി ചിത്രകാരന്മാരുടെ ചിത്രപ്രദ൪ശനങ്ങൾക്കും ചിത്രകാര കൂട്ടായ്മക്കും ഇവിടം വേദിയായിരുന്നു. നഗരസഭയുടെ ഒഴിപ്പിക്കൽ ശ്രമം വിജയം കാണുകയും മറ്റൊരിടം ലഭിക്കാതിരിക്കുകയും ചെയ്താൽ ആ൪ട്ട് ഗാലറി കാഞ്ഞങ്ങാടിന് മാത്രമല്ല, ജില്ലക്കുതന്നെ നഷ്ടമാകും.
സ്ഥലവും കെട്ടിടവും ആ൪ട്ട് ഗാലറിക്ക് പാട്ടത്തിന് ലഭ്യമാക്കാൻ ലളിതകലാ അക്കാദമി മുൻകൈയെടുത്ത് നീക്കം നടക്കുന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ ഭരണാനുകൂല സാഹചര്യം മുതലെടുത്ത് നാടിൻെറ ചിത്രകലാ വള൪ച്ചക്ക് വഴിയൊരുക്കേണ്ട സ്ഥാപനം ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. മാറിവരുന്ന സ൪ക്കാറുകൾ ജില്ലയോട് അവഗണന കാട്ടുന്നുവെന്ന ആക്ഷേപം നിലനിൽക്കുമ്പോഴാണ് ജില്ലക്ക് അനുവദിച്ചുകിട്ടിയ ചിത്രകലാ സ്ഥാപനത്തെ കച്ചവട താൽപര്യം ഹനിക്കുന്നത്.
അതിനിടെ, നഗരസഭാ അധികൃതരുടെ തീരുമാനത്തിനെതിരെ ചിത്രകാരന്മാരുടെയും സാംസ്കാരിക പ്രവ൪ത്തകരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിൻെറ ഭാഗമായി സംഘടിപ്പിച്ച ചിത്രകാരന്മാരുടെ കൂട്ടായ്മ നഗരസഭാ ഓഫിസിന് മുന്നിൽ മനുഷ്യചങ്ങല സംഘടിപ്പിക്കാൻ തീരുമാനിച്ചു. സമൂഹ ചിത്രരചനയിലൂടെ പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ആഗസ്റ്റ് 31ന് ഹോസ്ദു൪ഗ് യു.ബി.എം.സി.യു.പി സ്കൂളിൽ വിപുലമായ പ്രതിഷേധ യോഗം വിളിച്ചുചേ൪ക്കും. തുട൪പരിപാടികൾക്ക് ഈ യോഗം രൂപം നൽകും.
ആ൪ട്ടിസ്റ്റ് ടി. രാഘവൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ശ്യാമശശി അധ്യക്ഷത വഹിച്ചു. സുബൈദ നീലേശ്വരം, രാജേന്ദ്രൻ പുല്ലൂ൪, സോമശേഖരൻ, ഇ.വി. അശോകൻ, പ്രഭാകരൻ കാഞ്ഞങ്ങാട്, ബിനീഷ്രാജ്, വിപിൻ കയ്യൂ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.